ന്യൂദല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായി എടപ്പാടി പളനി സ്വാമിക്ക് (ഇ.പി.എസ്) എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തുടരാമെന്ന് സുപ്രീം കോടതി. അണ്ണാ ഡി.എം.കെ നേതൃത്വ തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയാണ് സുപ്രീം കോടതി.
ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് പളനി സ്വാമിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാമെന്നുള്ള വിധി ശരിവെച്ചത്.
പാര്‍ട്ടി നേതൃത്വത്തെച്ചൊല്ലി മുന്‍ മുഖ്യമന്ത്രിമാരായ ഒ. പനീര്‍ശെല്‍വവും (ഒ.പി.എസ്), എടപ്പാടി പളനി സ്വാമിയും തമ്മില്‍ തര്‍ക്കം നിന്നിരുന്നു.
ഇരട്ട നേതൃത്വം എന്ന രീതിയിലായിരുന്നു എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ അതില്‍ മാറ്റം വരുത്തി ജൂലൈയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തില്‍ എടപ്പാടി പളനി സ്വാമിയെ പാര്‍ട്ടിയുടെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഇതിനെതിരെ പനീര്‍ശെല്‍വം വിഭാഗം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലവിലെ സാഹചര്യം തന്നെ തുടരാമെന്നുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പനീര്‍ ശെല്‍വം സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ഇപ്പോള്‍ പനീര്‍ ശെല്‍വം വിഭാഗത്തിന്റെ ഹരജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്.
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ഹൈക്കോടതി പാസാക്കിയ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ടതാണെന്നും ഇരു നേതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നില്‍ക്കുന്ന വ്യവഹാരങ്ങളില്‍ സുപ്രീം കോടതിക്ക് യാതൊരു ബന്ധമില്ലെന്നും ജസ്റ്റിസ് മഹേശ്വരി വ്യക്തമാക്കി.
പനീര്‍ശെല്‍വത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ഗുരു കൃഷ്ണ കുമാറും രഞ്ജിത്ത് കുമാറും സുപ്രീം കോടതി വിധി പുന പരിശോധിക്കണമെന്ന് വാദിച്ചു.
എന്നാല്‍ ഒരു പാര്‍ട്ടിയുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന് ഇടപ്പാടിക്ക് വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥന്‍, ആര്യാമ സുന്ദരം, മുകുള്‍ റോത്തഗി, അതുല്‍ യശ്വന്ത് ചിത്താലെ എന്നിവര്‍ വാദിച്ചു.
content highlight: Relief for APS, setback for OPS; Supreme Court allows Edappadi Palani Swamy to continue as AIADMK General Secretary