ന്യൂദല്‍ഹി: ദല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനു അനുകൂലമായി സുപ്രീം കോടതി വിധി. ലഫ്. ഗവര്‍ണറല്ല സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ദല്‍ഹിയുടെ ഭരണത്തലവന്‍ എന്ന വിധി ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാളിനും വലിയ വിജയം സമ്മാനിച്ചിരിക്കുകയാണ്.
രാജ്യതലസ്ഥാനവും സമ്പൂര്‍ണ്ണ സംസ്ഥാന പദവി ഇനിയും നേടിയിട്ടില്ലാത്തതുമായ ദല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പതിനഞ്ച് ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സുപ്രധാനമായ സുപ്രീം കോടതി വിധി വന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ അധികാരപരിധികള്‍ ദല്‍ഹിയിലെ ലഫ്. ഗവര്‍ണര്‍ക്കുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് കടമയുണ്ടെന്നാണ് സുപ്രീം കോടതി വിധിയില്‍ പറയുന്നത്.
Also Read: അഭിമന്യുവിനെ കുത്തിയ കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കള്‍ പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് പ്രതികള്‍
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ലഫ്.ഗവര്‍ണര്‍ക്ക് പരിശോധിക്കാമെങ്കിലും എല്ലാ വിഷയങ്ങളും രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിടേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഭൂമി, പൊലീസ്, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളില്‍ ലഫ്.ഗവര്‍ണര്‍ക്ക് തീരുമാനങ്ങളെടുക്കാമെങ്കിലും ബാക്കിയെല്ലാ വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനു തന്നെയാണ് അധികാരമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുന്ന ലഫ്.ഗവര്‍ണറുടെ നീക്കങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രധാന പരാതി.
2015ല്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍ ആം ആദ്മി സര്‍ക്കാരും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലഫ്. ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം പതിവായിരുന്നു. രാഷ്ട്രപതിയുടെയും ലഫ്.ഗവര്‍ണറുടെയും അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും അസാധുവാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം സ്വീകരിച്ചു ലഫ്.ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം.
ലഫ്.ഗവര്‍ണറുടെ ഓഫീസില്‍വെച്ച് കെജ്‌രിവാള്‍ നടത്തിയ സമരത്തിന്റെയും കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ നേട്ടമാണ് ആം ആദ്മി പാര്‍ട്ടിക്ക് ഈ കോടതി വിധി.
ദല്‍ഹിയുടെ എല്ലാ ഭരണസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായി കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്ന ദല്‍ഹിയുടെ സംസ്ഥാന പദവിയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.