| Tuesday, 2nd August 2022, 7:17 pm

മഴക്കെടുതി: സംസ്ഥാനത്ത് 95 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, 2,291 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് 95 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2,291 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാമ്പുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. 21 ക്യാമ്പുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു.

ഇടുക്കിയില്‍ ഏഴു ക്യാമ്പുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാമ്പുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനായി തുറന്നത്. പാലക്കാട് ഒരു ക്യാമ്പില്‍ 25 പേരും മലപ്പുറത്ത് രണ്ടു ക്യാമ്പുകളിലായി എട്ട് പേരും വയനാട് മൂന്നു ക്യാമ്പുകളിലായി 38 പേരും കണ്ണൂരില്‍ മൂന്ന് ക്യാമ്പുകളിലായി 52 പേരും കഴിയുന്നുണ്ട്.

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്ന് പേരെ കാണാതായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ഓഗസ്റ്റ് നാലുവരെയും കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ഓഗസ്റ്റ് ആറു വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ കേരളലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരത്തും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Content Highlight: Relief camps started due to heavy rain in Kerala

We use cookies to give you the best possible experience. Learn more