| Friday, 16th August 2019, 8:54 pm

ഓട്ടോക്കൂലിയ്ക്ക് വേണ്ടി വെറും 70 രൂപയാണ് പിരിച്ചത്, അല്ലാതെ 7000 രൂപയല്ല; ഓമനക്കുട്ടനെ പിന്തുണച്ച് ദുരിതാശ്വാസക്യാംപിലുള്ളവര്‍ (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ചേര്‍ത്തല ദുരിതാശ്വാസക്യാംപിലെ പിരിവ് അനധികൃതമല്ലെന്ന് ക്യാംപില്‍ കഴിയുന്നവര്‍. പിരിവ് നടത്തിയതില്‍ തങ്ങള്‍ക്ക് പരാതിയൊന്നുമില്ലെന്നും എല്ലാത്തവണയും എല്ലാവരും ചേര്‍ന്ന് കാശ് പിരിച്ചാണ് ക്യാംപിലെ കാര്യങ്ങള്‍ നടത്തുന്നതെന്നും ക്യാംപിലുള്ളവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

‘ക്യാംപിലേക്ക് ഭക്ഷണസാധനങ്ങളെത്തിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ക്ക് മറ്റ് പരാതിയൊന്നുമില്ല. ഈ വാഹനക്കൂലി ഞങ്ങള്‍ മേടിക്കുന്നതാണ്. അരി അവര് ഇവിടെ എത്തിച്ച് തരുന്നതാണ്. അവര്‍ക്ക് ഈ പൈസ ഞങ്ങള്‍ ഉടനെ കൊടുക്കണം. അല്ലെങ്കില്‍ നാളെ വിളിച്ചാല്‍ അവര്‍ വരികയില്ല. അതുകൊണ്ട് ഞങ്ങള്‍ കൈയില്‍ നിന്ന് കാശെടുത്താണ് അത് കൊടുത്തോണ്ടിരുന്നത്.’

പിന്നെ ഇവിടെ ഇപ്പോഴാണ് കറന്റ് വന്നത് ഇവിടെ കറന്റില്ലായിരുന്നു. അഞ്ച് ദിവസത്തിന് മുന്‍പൊരു വെള്ളപ്പൊക്കത്തില്‍ ഞങ്ങള്‍ ഇവിടെ താമസിച്ചിട്ടാണ് പോയത്. അന്നൊന്നുമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതുപോലെയായിരുന്നു- ക്യാംപിലുള്ളവര്‍ പറയുന്നു.


‘ഇവിടെ ആര്‍ക്കും പരാതി ഇല്ല. ഇതുവരെ പഞ്ചായത്തില്‍ നിന്നോ ബ്ലോക്കില്‍ നിന്നോ വില്ലേജില്‍ നിന്നോ ഇതുപോലുള്ള കാര്യത്തിന് സഹായം കിട്ടിയിട്ടില്ല. ക്യംപിലില്ലാത്തവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.’

ക്യാംപിലുള്ളവര്‍ക്ക് ഫണ്ട് ഉണ്ടെന്നുള്ള കാര്യം പോലും തങ്ങള്‍ക്കറിയില്ലെന്നും ഇവര്‍ പറയുന്നു. ‘ഇതൊന്നും ഇവിടെ ആരും വന്ന് പറഞ്ഞിട്ടുമില്ല. ഞങ്ങള്‍ ഇവിടെ കിടന്ന് കാശ് പിരിച്ചാണ് കൊടുക്കുന്നത്. അവന്‍ ( ഓമനക്കുട്ടന്‍) വെറും എഴുപത് രൂപയാണ് മേടിച്ചത്, ഏഴായിരം രൂപയല്ല. അത് അവന്റെ വീട്ടിലേക്ക് അരി മേടിക്കാനോ അവന്റെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനോ അല്ല. ഈ നില്‍ക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മേടിച്ചതാണ്.’

സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടന്‍ പിരിവ് നടത്തിയെന്നായിരുന്നു വാര്‍ത്ത.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സി.പി.ഐ.എം ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയിന്മേല്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിട്ടുമുണ്ട്.

ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനി നിവാസികളാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാംപിലെത്തിയത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more