മുംബൈ: മൊബൈല്‍ ഇന്റര്‍നെറ്റ് രംഗത്ത് തരംഗം സൃഷ്ടിച്ച് മറ്റ് ടെലകോം കമ്പനികളെ ബഹുദൂരം പിന്നിലാക്കിയ റിലയന്‍സ് ജിയോ ക്രിപ്‌റ്റോ കറന്‍സി രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ നേതൃത്വത്തിലാണ് “ജിയോ കോയിന്‍” എന്ന പദ്ധതി ആരംഭിക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിയോ കോയിന്റെ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയ്ക്ക് വേണ്ടി 50 യുവവിദഗ്ധരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. ശരാശരി 25 വയസ് പ്രായമുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. വിവിധങ്ങളായ ബ്ലോക്ക് ചെയിന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണ് ഇവരുടെ പ്രധാന ജോലി.
വിവരശേഖരണത്തിനുള്ള ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക് ചെയിന്‍. പകര്‍പ്പെടുക്കാതെ തന്നെ വിവരങ്ങള്‍ വികേന്ദ്രീകൃതമായി ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്ലൗഡ് ആയാണ് വിവരങ്ങള്‍ സംഭരിക്കപ്പെടുക എന്നതിനാല്‍ സൂക്ഷിക്കാവുന്ന വിവരങ്ങള്‍ക്ക് പരിധി ഇല്ല.
ഈ സാങ്കേതികവിദ്യയുടെ പ്രധാന ഉപയോഗം ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സി ഉണ്ടാക്കാം എന്നതാണ്. ജിയോകോയിന്‍ എന്ന പ്രത്യേക ആപ്പ് ഇതിന്റെ ഭാഗമായി ആരംഭിക്കും.
ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക വിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ് കോയിന്‍. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയ പ്രോഗ്രാം കോഡാണ് ഇത്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇത്തരം നാണയങ്ങളെ ക്രിപ്‌റ്റോ കറന്‍സി എന്നു വിളിക്കുന്നത്.