ന്യൂദല്‍ഹി: നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍ മാറിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബാങ്കാണെന്ന വാര്‍ത്ത പിന്‍വലിച്ച് റിലയന്‍സ് ഗ്രൂപ്പിന്റെ ചാനലായ ന്യൂസ് 18. ന്യൂസ് 18 ന്റെ നാഷണല്‍ വെബ്‌സൈറ്റില്‍ നിന്നാണ് വാര്‍ത്ത പിന്‍വലിച്ചത്.
“നോട്ട് നിരോധനം; ഏറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചത് അമിത് ഷാ ഡയരക്ടറായ ബാങ്കില്‍; വിവരാവകാശ രേഖ” എന്ന തലക്കെട്ടിലായിരുന്നു ന്യൂസ് 18 വെബ്‌സൈറ്റ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത പിന്‍വലിച്ചു. വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്ഷമിക്കണം, നിങ്ങള്‍ അന്വേഷിക്കുന്ന പേജ് ഇപ്പോള്‍ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. എന്നാല്‍ ആദ്യം കൊടുത്ത വാര്‍ത്ത ഗൂഗിള്‍ ന്യൂസില്‍ ഇപ്പോഴും ലഭ്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് മാറിയെടുത്തത് എന്നായിരുന്നു വിവാരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
Also Read കശ്മീര്‍ സഖ്യം പിരിഞ്ഞത് “ഗംഭീര ഒത്തുകളി”യാണെന്ന് ഉമര്‍ അബ്ദുള്ള
2000 മുതല്‍ അമിത് ഷാ ഈ ബാങ്കിന്റെ ഭരണത്തലവനാണ്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായ ജയേഷ് ഭായി വിത്തല്‍ഭായ് റഡാദിയ ചെയര്‍മാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണ് നോട്ട് മാറിയെടുത്തതില്‍ രണ്ടാമത്. 693.19 കോടി രൂപയാണ് ഈ ബാങ്ക് മാറിയെടുത്തത്.
നോട്ട് നിരോധിച്ചതിന് പിന്നാലെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്.
നവംബര്‍ 14നാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. എന്നാല്‍ അതിനകം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് കോടികളുടെ നിരോധിത നോട്ടുകള്‍ മാറിയെടുത്തിരുന്നു.
മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റോയിയുടെ ചോദ്യത്തിന് മറുപടിയായി നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്. ശരവണവേല്‍ ആണ് സഹകരണ ബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകള്‍ നല്‍കിയത്.