ഐഡിയക്കും എയര്‍ടെല്ലിനും പുറമേ ജിയോയും പണിതന്നു; ഉടന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം
national news
ഐഡിയക്കും എയര്‍ടെല്ലിനും പുറമേ ജിയോയും പണിതന്നു; ഉടന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2019, 6:49 pm

ന്യൂദല്‍ഹി: വോഡാഫോണ്‍ ഐഡിയക്കും ഭാരതി എയര്‍ടെല്ലിനും പുറമേ മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിച്ച് റിലയന്‍സ് ജിയോയും. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ജിയോയുടെ പ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആഴ്ചകള്‍ക്കുള്ളില്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയെന്ന് വോഡാഫോണ്‍ ഐഡിയ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

എന്നാല്‍ എത്രയാണു പുതിയ നിരക്കെന്ന കാര്യം അവര്‍ വ്യക്തമാക്കിയിട്ടില്ല. ഐഡിയയുടെ പ്രഖ്യാപനം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഡിസംബര്‍ മുതല്‍ തങ്ങളുടെ നിരക്കും പ്രാബല്യത്തില്‍ വരികയാണെന്ന് എയര്‍ടെല്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐഡിയക്കും എയര്‍ടെല്ലിനും കഴിഞ്ഞ പാദത്തില്‍ നഷ്ടം വന്നത് 74,000 കോടി രൂപയോളമാണ്. ഇതു പരിഹരിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുമാണ് ഇപ്പോഴത്തെ നീക്കം.

ഐഡിയക്കു മാത്രം 50,921 കോടി രൂപയുടെ നഷ്ടമാണ് സെപ്റ്റംബര്‍ 30-ന് അവസാനിച്ച രണ്ടാം പാദത്തില്‍ വന്നത്. ഇന്ത്യയിലെ ഒരു കോര്‍പറേറ്റ് കമ്പനിക്കു സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമാണിത്. എയര്‍ടെല്ലിന് ഇക്കാലയളവില്‍ 23,045 കോടി രൂപയുടെ നഷ്ടമാണു സംഭവിച്ചത്.

ടെലികോം വകുപ്പ് ആവശ്യപ്പെട്ട പ്രകാരമുള്ള തുക ഉടന്‍ നല്‍കണമെന്ന് ഐഡിയയോടും എയര്‍ടെല്ലിനോടും കഴിഞ്ഞമാസം സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതുകൂടിയായപ്പോള്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചു. ഇതിനെതിരെ അവര്‍ പുഃനപരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ സഹായം അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ എടുത്ത വായ്പാത്തുക കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കില്ലെന്ന് ഐഡിയ നേരത്തേ വ്യക്തമാക്കിയിരുന്നു. ടെലികോം വകുപ്പിന്റെ സഹായമുണ്ടെങ്കില്‍ മാത്രമേ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയൂവെന്നാണ് അവര്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാരിന്റെ പിന്തുണയ്ക്കു പുറമേ ധനസമാഹരണത്തിനായി തങ്ങളുടെ ഡേറ്റാ സെന്ററുകളും ഒപ്റ്റിക് ഫൈബര്‍ ശൃംഖലയും വില്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് വോഡാഫോണ്‍ ഐഡിയ എം.ഡി രവീന്ദര്‍ തക്കറും വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി വിധി പ്രകാരം ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ നിരക്കുകള്‍, പലിശ, പിഴകള്‍ എന്നിവയില്‍ 44,000 കോടിയിലധികം രൂപയുടെ അധിക കുടിശ്ശിക മൂന്നുമാസത്തിനുള്ളില്‍ അടയ്‌ക്കേണ്ടതുണ്ട്.

പലിശ എഴുതിത്തള്ളുന്നതുള്‍പ്പെടെ പിഴയും പലിശയും നികുതിയും ഒഴിവാക്കി സ്‌പെക്ട്രം തുക അടക്കുന്നതിന് മൊറട്ടേറിയം ഏര്‍പ്പെടുത്തണമെന്നാണ് കമ്പനിക്കുള്ള ആവശ്യം.