|

വാര്‍ത്ത കേട്ട മറ്റ് ടീം ആരാധകര്‍ അന്തംവിട്ടു; ഒറ്റ ഐ.പി.എല്‍ ടീം പോലും ചിന്തിക്കാത്ത നീക്കം, കോടികള്‍ വാരിയെറിഞ്ഞ്...

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സ് ഫാമിലിയിലേക്ക് പുതിയ ടീം കൂടി. ഇംഗ്ലീഷ് ലീഗായ ദി ഹണ്‍ഡ്രഡിലെ സൂപ്പര്‍ ടീം ഓവല്‍ ഇന്‍വിന്‍സിബിള്‍സിനെയാണ് മുംബൈ ഫ്രാഞ്ചൈസി തങ്ങളുടെ ഭാഗമാക്കിയിരിക്കുന്നത്.

ഇന്‍വിന്‍സിബിള്‍സിന്റെ 49 ശതമാനം വരുന്ന ഓഹരികളും മുംബൈ ഇന്ത്യന്‍സ് ഉടമകളായ റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കി.

യു.എസ്സില്‍ നിന്നുള്ള ടെക് ഭീമന്‍മാരും ഗുജറാത്ത് ടൈറ്റന്‍സിന്റെ ഉടമകളായ സി.വി.സി ക്യാപ്പിറ്റലും അടങ്ങുന്ന ത്രീ വേ ബിഡ്ഡിങ്ങിലാണ് റിലയന്‍സ് ഗ്രൂപ്പ് ഇന്‍വിന്‍സിബിള്‍സിനെ സ്വന്തമാക്കിയത്.

123 ദശലക്ഷം ജി.ബി.പി (ഗ്രേറ്റ് ബ്രിട്ടണ്‍ പൗണ്ട്) ആണ് സറേ ആസ്ഥാനമായുള്ള സൗത്ത് ലണ്ടന്‍ ടീമിന്റെ മൂല്യം. ഇതിന്റെ 49 ശതമാനമെന്നത് ഏകദേശം 61 ദശലക്ഷം ജി.ബി.പിയായിരിക്കും.

ഓവല്‍ ഇന്‍വിന്‍സിബിള്‍സ്

ഈ വിഷയത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇനിയും പ്രതികരിച്ചിട്ടില്ല. ‘ഇക്കാര്യക്കില്‍ പ്രതികരിക്കാനില്ല’ എന്നാണ് ഇ.സി.ബി വക്താക്കളിലൊരാള്‍ പറഞ്ഞതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ തന്നെ ദി ഹണ്‍ഡ്രഡില്‍ ടീം സ്വന്തമാക്കാന്‍ മുംബൈ ഫ്രാഞ്ചൈസി ശ്രമങ്ങള്‍ നടത്തിയിരുന്നു, ലണ്ടന്‍ സ്പിരിറ്റിനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു മുംബൈയുടെ നീക്കം.

എം.ഐ ലണ്ടന്‍ എന്ന പേരില്‍ ടീമിനെ റീബ്രാന്‍ഡ് ചെയ്യാന്‍ നീക്കങ്ങളുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നു.

ഐ.പി.എല്ലിന് പുറമെ സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗായ എസ്.എ20, യു.എ.ഇയുടെ ഐ.എല്‍. ടി-20, അമേരിക്കന്‍ ക്രിക്കറ്റ് ലീഗായ മേജര്‍ ലീഗ് ക്രിക്കറ്റ് എന്നീ ടൂര്‍ണമെന്റുകളിലെല്ലാം മുംബൈ ഫ്രാഞ്ചൈസിക്ക് ടീമുകളുണ്ട്.

ഇന്ത്യന്‍ ലീഗുകളായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐ.പി.എല്‍) വുമണ്‍സ് പ്രീമിയര്‍ ലീഗിലും (ഡബ്ല്യു.പി.എല്‍) മുംബൈ ഇന്ത്യന്‍സാണെങ്കില്‍ സൗത്ത് ആഫ്രിക്കയുടെ എസ്.എ20യില്‍ എം.ഐ കേപ്ടൗണ്‍ എന്ന പേരിലും യു.എ.ഇ ലീഗായ ഐ.എല്‍ ടി-20യില്‍ എം.ഐ എമിറേറ്റ്‌സ് എന്ന പേരിലുമാണ് ടീമുള്ളത്.

മേജര്‍ ലീഗ് ക്രിക്കറ്റിലെ എം.ഐ ന്യൂയോര്‍ക്കും മുംബൈ ഇന്ത്യന്‍സ് ഫാമിലിയിലെ അംഗമാണ്.

Content Highlight: Reliance Group have bagged “The Oval Invincible” Team in the Hundred league