തിരുവനന്തപുരം : കനത്ത മഴയും പ്രളയവും ദുരിതത്തിലാക്കിയ കേരളത്തിന്റെ സ്ഥിതി ശാന്തമാകുന്നു. സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.
ദുരിതക്കെടുതിയില്‍ ഇന്നലെ 13 പേര്‍കൂടി മരിച്ചതോടെ പ്രളയക്കെടുതിയില്‍ ആകെ മരണം 370 ആയി. മാത്രമല്ല എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചത് ആശങ്കകള്‍ കുറച്ചിട്ടുണ്ട്.
മഴയും നദികളിലെയും അണക്കെട്ടിലെയും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളില്‍ ഭൂരിഭാഗവും സാധാരണ നിലയിലേക്കെത്തുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ALSO READ: വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ തരില്ലെന്ന് ബാര്‍ അസോസിയേഷന്‍; പൂട്ടു പൊളിച്ച് ടി.വി അനുപമ ഐ.എ.എസ്
അതിനിടെ പമ്പാ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഇതോടെ പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നുണ്ട്.
അതേസമയം പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെ മുഴുവനായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ടുക്കിടക്കുന്നവരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും ചെറുവള്ളങ്ങളും എത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം ചെങ്ങന്നൂര്‍, തിരുവല്ല,പറവൂര്‍, കുട്ടനാട് മേഖലകളില്‍ മഴ കുറഞ്ഞെങ്കിലും, വെള്ളക്കെട്ട് മൂലമുള്ള ദുരിതം ഒഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട് കഴിയുന്ന പലരും വീട് വിട്ടുവരാന്‍ തയ്യാറാകാത്തതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്.
വീട് വിട്ടുവരാന്‍ കൂട്ടാക്കാത്തവരെ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളായ കുമരകം, തിരുവാര്‍പ്പ് പ്രദേശങ്ങളില്‍ ഇപ്പോഴും നിരവധി പേര്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രളയക്കെടുതിയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു.രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇനി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.