തിരുവനന്തപുരം:ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുമതപഠന ശാലകള്‍ നിര്‍ബന്ധമാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മതപഠനകേന്ദ്രങ്ങള്‍ പുനരുജ്ജീവിപ്പിക്കും. ഐ.ടി അനുബന്ധ വിഷയങ്ങളും കേന്ദ്രങ്ങളിലെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ മക്കള്‍ ഈ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. ക്ഷേത്ര ഉപദേശകസമിതിയില്‍ അംഗമാകണമെങ്കില്‍ അവരുടെ മക്കളോ കൊച്ചുമക്കളോ മതപഠന ശാലകളില്‍ പഠിച്ചിരിക്കണ നിബന്ധനവെക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഹിന്ദുവെന്നത് തെരുവില്‍കെട്ടിയിട്ട ചെണ്ടയല്ല. ആര്‍ക്കും എപ്പോഴും വന്ന് തല്ലാനുള്ളവരല്ല ഹിന്ദുക്കള്‍. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച ദേവസ്വം ബോര്‍ഡിന്റെ മുന്‍നിലപാടില്‍ മാറ്റമില്ല. സര്‍ക്കാറിന്റെ തീരുമാനം വ്യക്തമാക്കേണ്ടത് സര്‍ക്കാറാണ്.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.