ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് നടി ഖുശ്ബു. നടുക്കുന്ന കുറ്റകൃത്യം ചെയ്ത പ്രതികളെ വെറുതെവിടരുതെന്നാണ് ബി.ജെ.പി ദേശീയ നിര്‍വാഹക കമ്മിറ്റി അംഗം കൂടിയായ ഖുശ്ബുവിന്റെ പ്രതികരണം.
ട്വിറ്ററിലൂടെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ആക്രമണത്തിനിരയായ സ്ത്രീക്ക് നീതിയുറപ്പാക്കണമെന്നും ഇത്തരം കേസുകളിലെ പ്രതികളെ വെറുതെവിടുന്നത് സ്ത്രീത്വത്തിനും മനുഷ്യത്വത്തിനും അപമാനമാണെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും പുറമെ പീഡിപ്പിക്കപ്പെടുന്ന ഏതൊരു സ്ത്രീക്കും പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും ഖുശ്ബു പറഞ്ഞു.
അതേസമയം ഖുശ്ബുവിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ബി.ജെ.പി അംഗങ്ങളുള്ള കമ്മിറ്റിയാണ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവിട്ടത്. ബി.ജെ.പി സര്‍ക്കാരാണ് ഗുജറാത്ത് ഭരിക്കുന്നതും. ഈ പശ്ചാത്തലത്തില്‍ ബി.ജെ.പിയില്‍ നിന്നുള്ളവര്‍ തന്നെ സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തുന്നുവെന്നതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
ട്വീറ്റിന് പിന്നാലെ ഖുശ്ബു ബി.ജെ.പി വിടുമെന്ന പ്രചരണങ്ങളും വ്യാപകമായിരുന്നു. എന്നാല്‍ ഇതിനെതിരെയും ഖുശ്ബു വിശദീകരണവുമായി എത്തിയിരുന്നു. ബി.ജെ.പി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സത്യം തുറന്ന് പറയാനുള്ള ധൈര്യം ലഭിച്ചത് പാര്‍ട്ടി കാരണമാണെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. സത്യം തുറന്നുപറയാനുള്ള ധൈര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയില്‍ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹത്തിലുള്ള വിശ്വാസം ആര്‍ക്കും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഖുശ്ബു പറഞ്ഞു.
പ്രതികളെ വിട്ടയച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി കേസിന്റെ മെറിറ്റും മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ചാണ് എന്നാണ് തമിഴ്‌നാട് മഹിളമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്റെ വാദം. നടപടിക്ക് രാഷ്ട്രീയമാനെ കല്‍പ്പിക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു.
ഖുശ്ബുവിന്റെ പരാമര്‍ശം വലിയ രീതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. ഖുശ്ബുവിന്റെ പരാമര്‍ശത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ ആവശ്യപ്പെട്ടു. ഇരകളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് ഖുശ്ബു ഉന്നയിച്ചിരിക്കുന്നതെന്നും ഡി. രാജ പറഞ്ഞു.
അതേസമയം പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു.
പ്രതികളെ ജാമ്യത്തില്‍ വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ലഭിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്.
ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് അജയ് റസ്തോഗി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സി.പി.ഐ.എം എം.പി സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലാല്‍, പ്രൊഫ. രൂപ് രേഖ വര്‍മ എന്നിവരായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിധിക്കെതിരെ ഹരജി നല്‍കിയത്.
Content Highlight: Releasing the convicts in bilkis bano case wasn’t fair, I got the courage to speak truth from prime minister narendra modi