അവന്റെ കാര്യത്തില്‍ മാത്രമാണ് എനിക്ക് ഖേദമുള്ളത്; തുറന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍
IPL
അവന്റെ കാര്യത്തില്‍ മാത്രമാണ് എനിക്ക് ഖേദമുള്ളത്; തുറന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th September 2021, 2:42 pm

കൊല്‍ക്കൊത്ത: സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്നും ഒഴിവാക്കിയതാണ് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന് പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍.

സൂര്യകുമാറിനെ തങ്ങള്‍ക്ക് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ തുറന്നു പറച്ചില്‍.

‘സൂര്യകുമാറിനെ മൂന്നാം നമ്പറില്‍ ഇറക്കാന്‍ സാധിച്ചില്ല എന്ന കുറ്റബോധമാണ് എനിക്കുള്ളത്. ഞങ്ങളെപ്പോഴും അവനെ ഫിനിഷറുടെ റോളിലാണ് കണ്ടിട്ടുള്ളത്. കൊല്‍ക്കത്തയുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ സൂര്യകുമാറിനെ ഒഴിവാക്കിയത് വലിയ നഷ്ടമായാണ് കാണുന്നത്.

നാല് വര്‍ഷക്കാലം കൃത്യമായ രീതിയില്‍ വളര്‍ത്തിയെടുത്ത ഒരുവനെ ടീമില്‍ നിന്നും ഒഴിവാക്കുന്നത് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ അവന്‍ തന്റെ കരിയറിന്റെ ഉന്നതിയിലാണ് നില്‍ക്കുന്നത്,’ ഗംഭീര്‍ പറയുന്നു.

കൊല്‍ക്കൊത്തയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ സൂര്യകുമാറിന് തിളങ്ങാനായില്ലെന്നും, എന്നാല്‍ കൊല്‍ക്കൊത്തക്ക്‌ സൂര്യകുമാറിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

2018ല്‍ മുംബൈയുടെ ഭാഗമായ ശേഷം മിന്നുന്ന പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. 2018 ഐ.പി.എല്ലില്‍ 512 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ബാറ്റിംഗിലെ സ്ഥിരതയാണ് താരത്തിന്റെ മുഖമുദ്ര.

ആരാധകര്‍ക്കിടയില്‍ സ്‌കൈ (SKY) എന്ന ഓമനപ്പേരുള്ള താരം ചുരുങ്ങിയ കാലം കൊണ്ടുതന്നെ മുംബൈ നിരയിലെ വിശ്വസ്ഥാനാവുകയായിരുന്നു.

2012ലാണ് സൂര്യകുമാര്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2014ലാണ് താരം നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായത്. 3.2 കോടി രൂപയ്ക്കാണ് 2018ല്‍ സൂര്യകുമാര്‍ യാദവ് മുംബൈയിലേക്ക് ചേക്കേറിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം