| Monday, 28th September 2020, 9:01 pm

രാജ്യത്ത് നടക്കുന്ന തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി, അതിനാണ് ജയിലിലടച്ചത്; രാമക്ഷേത്രത്തെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ പങ്കാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ഒരുമാസം പിന്നിടുകയാണ്. കനോജിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പങ്കാളി ജഗീഷ അറോറ രംഗത്തെത്തിയിരിക്കുകയാണ്.

‘ ഒരുമാസം കഴിഞ്ഞിരിക്കുന്നു മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തിട്ട്. ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്. അരമണിക്കൂറിനുള്ളില്‍ കനോജിയ ആ ട്വീറ്റ് നീക്കം ചെയ്തിരുന്നു. എന്നിട്ടും ദല്‍ഹിയിലെ വീട്ടില്‍ നിന്നും പ്രശാന്തിനെ അറസ്റ്റ് ചെയ്തു. പക്ഷേ അറസ്റ്റ് ചെയ്യാനുള്ള ശരിയായ കാരണം പ്രശാന്ത് സര്‍ക്കാറിനും അധികാരികള്‍ക്കും എതിരെ സംസാരിച്ചതുകൊണ്ടാണ്, രാജ്യത്ത് നടക്കുന്ന തെറ്റുകളെക്കുറിച്ച് സംസാരിച്ചതുകൊണ്ടാണ്,” അവര്‍ പറഞ്ഞു.

ദളിതര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് കനോജിയയെന്നും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരെ നടക്കുന്ന വേര്‍തിരിവിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നെന്നും ജഗീഷ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിലാണ് പ്രശാന്ത് കാനോജിയയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഹിന്ദു ആര്‍മി നേതാവ് സുശീല്‍ തിവാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിച്ച് അധിക്ഷേപിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

ഏത് ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് എന്ന് ചോദിച്ച പ്രശാന്തിന്റെ കുടുംബത്തോട് ഒരുപാട് ട്വീറ്റുകള്‍ ചെയ്തിട്ടുണ്ടല്ലോ, ഞങ്ങള്‍ക്ക് മുകളില്‍ നിന്ന് ഓര്‍ഡര്‍ ഉണ്ട് അത് അനുസരിക്കണം എന്നായിരുന്നു പൊലീസ് പറഞ്ഞതെന്നാണ് പൊലീസ് പറഞ്ഞത്.

‘രാം മന്ദിറില്‍ എസ്.സി / എസ്.ടി / ഒ.ബി.സി വിഭാഗക്കാര്‍ക്ക് പ്രവേശനം നിരോധിക്കണമെന്നത് തിവാരി ജിയുടെ നിര്‍ദ്ദേശമാണ്, എല്ലാവരും ഇതിനായി ശബ്ദമുയര്‍ത്തണം” എന്ന പോസ്റ്റ് സുശീല്‍ തിവാരിയുടെ ഫോട്ടോ ഉപയോഗിച്ച് ട്വീറ്റ് ചെയ്തുവെന്നാണ് പൊലീസ് ആരോപിച്ചിരിക്കുന്നത്.

നേരത്തെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശാന്തിന് ജാമ്യം ലഭിച്ചത്. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടന്‍ ജാമ്യം അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: #ReleasePrashantKanojia: Journalist’s Partner Appeals For Support

We use cookies to give you the best possible experience. Learn more