| Sunday, 28th July 2024, 4:02 pm

ഉപദ്രവിക്കില്ലെന്ന ഹമാസിന്റെ ഉറപ്പിലായിരുന്നു അതിജീവനം, ബന്ദികളെ ഇസ്രഈൽ ബലികൊടുത്തു; തടങ്കലിലെ അനുഭവം പങ്കുവെച്ച് ഇസ്രഈലി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയാക്കിയതിന് ശേഷമുള്ള അനുഭവങ്ങൾ പങ്കുെവെച്ച് ഇസ്രഈലി യുവതി. തടവിലാക്കപ്പെട്ട സമയത്ത് ഹമാസിന്റെ അം​ഗങ്ങളുമായി നടത്തിയ സംഭാഷണങ്ങളും അവർ പെരുമാറിയ രീതിയും ഒരു അഭിമുഖത്തിലാണ് യുവതി പങ്കുവെച്ചത്.

ഇസ്രഈലി പത്രമായ ഹാരെറ്റ്സാണ് അറ്റ്സിലി എന്ന ഇസ്രഈലി യുവതിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. ഹമാസ് പോരാളികളുമായി നടത്തിയ സംഭാഷണങ്ങളാണ് തടങ്കലിൽ തന്നെ അതിജീവിക്കാൻ സഹായിച്ചതെന്ന് അവർ പറ‍ഞ്ഞു. ഒക്ടോബർ ഏഴിന് ഇസ്രഈലിൽ നിന്നും പിടികൂടിയ 250 ബന്ദികൾക്കൊപ്പമാണ് അറ്റ്സിലിയെയും ഹമാസ് ​ഗസയിലേക്ക് കൊണ്ടുപോയത്.

“അവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അവർ എന്നെ ഭീഷണിപ്പെടുത്തിയില്ല. പേടിക്കേണ്ട ഞങ്ങൾ നിന്നെ ഉപദ്രവിക്കില്ലെന്നാണ് അവർ എന്നോട് പറഞ്ഞത്. എനിക്ക് ധരിക്കാനുള്ള വസ്ത്രവും അവർ തന്നു. എന്നാൽ പേടിയിൽ ഒന്നും ചെയ്യാൻ എനിക്ക് സാധിച്ചില്ല.

വീട്ടിൽ നിന്ന് എന്നെ കൊണ്ടുപോകുന്നതിന് മുമ്പ് എന്റെ കണ്ണട തിരയാനും അവർ സഹായിച്ചു. ഹോളോകോസ്റ്റ് സമയത്ത് നാസി ജർമനി ചെയ്തതിന് സമാനമായി അവർ ഞങ്ങളെ കൊല്ലുമെന്ന് ഞാൻ ഭയപ്പെട്ടു. എന്നാൽ ഞങ്ങൾ നിന്നെ ഉപദ്രവിക്കില്ലെന്ന് ഇം​ഗ്ലീഷിൽ അവർ പറ‍ഞ്ഞുകൊണ്ടേ ഇരുന്നു, “ അറ്റ്സിലി പറഞ്ഞു.

തടങ്കലിലായിരുന്നപ്പോൾ തങ്ങൾക്ക് കാവൽ നിന്ന പോരാളികളുമായി ദീർഘനേരം സംസാരിക്കാറുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

തുടക്കത്തിൽ ഞങ്ങളെല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാൽ ഹമാസിന് ഇസ്രഈലുമായി ഒരു കരാർ ഉണ്ടാക്കണമെന്നും തങ്ങളെ സംരക്ഷിക്കുകയാണ് അവരുടെ ജോലിയെന്നും കാവൽ നിന്നവർ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവർ തങ്ങളെ ഉപദ്രവിക്കാൻ പോകുന്നില്ലെന്ന് വ്യക്തമായി. കാവൽക്കാരിൽ ഒരാൾ അഭിഭാഷകൻ ആയിരുന്നെന്നും അഭിമുഖത്തിൽ അറ്റ്‌സിലി പറഞ്ഞു.

നവംബറിൽ ഇസ്രഈലും ഹമാസും തമ്മിലുള്ള ഹ്രസ്വകാല ഉടമ്പടിയുടെ ഭാഗമായാണ് അറ്റ്സിലി തടങ്കലിൽ നിന്ന് മോചിക്കപ്പെട്ടത്. ഒരു വശത്ത് നിന്ന് നോക്കുമ്പോൾ അവർ തങ്ങളോട് ചെയ്തത് തെറ്റ് തന്നെയാണ്. എന്നാൽ മറുവശത്ത് അവർ മാനുഷികമായാണ് പെരുമാറിയതെന്ന് എടുത്ത് പറയേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മോചിക്കപ്പെട്ടതിന് ശേഷം യു.എസ് പ്രസിഡൻ്റ് ജോ ബൈഡനെ കണ്ടെന്നും എന്നാൽ ഇസ്രഈൽ സർക്കാർ തന്നെയോ കുടുംബത്തെയോ സന്ദർശിക്കാത്തതിൽ നിരാശയുണ്ടെന്നും അറ്റ്സിലി കൂട്ടിച്ചേർത്തു.

യുദ്ധം തുടരുമ്പോൾ ഗസയിലെ ജനങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് താൻ ഇപ്പോഴും ചിന്തിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. തൻ്റെ സർക്കാർ അതിൻ്റെ രാഷ്ട്രീയ നിലനിൽപ്പിൻ്റെ ബലിപീഠത്തിൽ ബന്ദികളെ ബലിയർപ്പിച്ചെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.

Content Highlight: Released Israeli captive recounts conversations with Hamas guards in Gaza

We use cookies to give you the best possible experience. Learn more