മധുര: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് അവകാശമുണ്ടെന്നും എന്നാല്‍ അതിനവര്‍ക്ക് സാധിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
തമിഴ്‌നാട്ടിലെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. സി.ബി.ഐയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയേപ്പറ്റിയും കോടതി പരാമര്‍ശിക്കുന്നുണ്ട്.
കൂട്ടിലടയ്ക്കപ്പെട്ട തത്തയുടെ അവസ്ഥയാണ് സി.ബി.ഐയുടേതെന്ന് കോടതി വിമര്‍ശിച്ചു. സി.ബി.ഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാര്‍ലമെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പരമാധികാര സ്വതന്ത്ര കമ്മീഷനായി സി.ബി.ഐയെ മാറ്റണമെന്നും കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനും സി.എ.ജിക്കും ഉള്ളതു പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് സാധ്യമാകുന്ന തരത്തിലുളള നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും കോടതി പറഞ്ഞു.
‘ പൊലീസിന് തെളിയിക്കാന്‍ പറ്റാതെ വരുന്ന കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന് ആളുകള്‍ മുറവിളി കൂട്ടുന്നത് അവരുടെ വിശ്വാസം കൊണ്ടാണ്’, ജസ്റ്റിസ് എന്‍. കിരുബകരന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ആവശ്യത്തിന് ഓഫീസര്‍മാരില്ലാത്തതിനാലാണ് കേസ് അന്വേഷണം വൈകുന്നതെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് ആഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സി.ബി.ഐ ഡയറക്ടറോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
‘നിര്‍ഭാഗ്യവശാല്‍, ഒരു അന്വേഷണം നടത്തേണ്ട സാഹചര്യത്തില്‍ ചില ന്യായങ്ങള്‍ പറഞ്ഞ് കോടതിയുടെ മുന്‍പില്‍ നിലപാടില്ലാതെ പെരുമാറുകയാണ് സി.ബി.ഐ ചെയ്യുന്നത്,’ കോടതി നിരീക്ഷിച്ചു.
സി.ബി.ഐക്ക് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും കോടതി ശുപാര്‍ശ ചെയ്തു. നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുമ്പോള്‍ മാത്രമേ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് കഴിയൂ എന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനകം വിശദികരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2013ല്‍, സി.ബി.ഐ കൂട്ടിലടയ്ക്കപ്പെട്ട തത്തയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. രണ്ടാം യു. പി. എ സര്‍ക്കാരിന്റെ കാലത്തെ കല്‍ക്കരി കുംഭകോണം കേസ് കേള്‍ക്കവേയാണ് കോടതി ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്.
2107ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ബംഗാള്‍ മുഖ്യ മന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. സി.ബി.ഐ എന്നാല്‍ ‘കോണ്‍സ്പിറസി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ ആണെന്നായിരുന്നു മമതയുടെ ആരോപണം.