| Saturday, 30th September 2023, 9:58 am

രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക; ജൗഹര്‍ ബിന്‍ മുബാറകിന് പിന്നാലെ റാഷിദ് ഗനൂഷിയും ജയിലില്‍ നിരാഹാരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂനിസ്: തുനീഷ്യയിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവും മുന്‍ സ്പീക്കറുമായ റാഷിദ് ഗനൂഷി ജയിലില്‍ നിരാഹാരമാരംഭിച്ചു. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക, കെട്ടിച്ചമച്ച കേസുകളില്‍ വിചാരണ കൂടാതെ ജയിലിലടക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റാഷിദ് ഗനൂഷി മൂന്ന് ദിവസത്തെ നിരാഹാരം ആരംഭിച്ചത്.

സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് തുനീഷ്യയിലെ പ്രതിപക്ഷ സഖ്യമായ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് തലവന്‍ ജൗഹര്‍ ബിന്‍ മുബാറക് ഉള്‍പ്പടെയുള്ളവര്‍ നേരത്തെ നിരാഹാരം ആരംഭിച്ചിരുന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 82 വയസ്സുള്ള റാഷിദ് ഗനൂഷിയും നിരാഹാരം തുടങ്ങിയിരിക്കുന്നത്.

തടവുകാരുടെ ആരോഗ്യത്തിനും സുരക്ഷക്കുമുണ്ടാകുന്ന എല്ലാ തരം ബുദ്ധിമുട്ടുകള്‍ക്കും ഭരണകൂടമായിരിക്കും ഉത്തരവാദികളെന്ന് ഗനൂഷിയുടെ പാര്‍ട്ടിയായ അന്നഹ്ദ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

തുനീഷ്യയിലെ ഖൈസ് സെയ്ദ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2023 ഏപ്രിലിലാണ് അവിടുത്തെ പ്രമുഖ പ്രതിപക്ഷ നേതാവിനെ ജയിലിലടച്ചത്. ദേശ സുരക്ഷക്കെതിരായ പ്രേരണ കുറ്റിം ചുമത്തിയാണ് അദ്ദേഹത്തെ തുറങ്കിലടച്ചത്. ഇരുപതിലധികം രാഷ്ട്രീയ തടവുകാരെയാണ് തുനീഷ്യയില്‍ ഈ വര്‍ഷം മാത്രം തടങ്കലിലാക്കിയിട്ടുള്ളത്.

ഖൈസ് സെയ്ദ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരും വ്യവസായികളും അഭിഭാഷകരും മുതല്‍ പ്രതിഷേധങ്ങള്‍ക്ക് വേദിയൊരുക്കിയ റേഡിയോ സ്‌റ്റേഷന്‍ മേധാവിയും ഇത്തരത്തില്‍ തടവില്‍ കഴിയുന്നവരില്‍ പെടുന്നു. തനിക്കെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഗനൂഷി നേരത്തെ ജുഡീഷ്യറിക്ക് മുമ്പാകെ ഹാജരാകാന്‍ വിസമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

content highlights; release political prisoners; After Jawhar bin Mubarak, Rashid Ghanushi is also on hunger strike in jail

We use cookies to give you the best possible experience. Learn more