റിലീസ് പ്രശ്‌നം, ഷോകള്‍ മുടങ്ങി: എന്നിട്ടും ആദ്യ ദിനത്തില്‍ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ചിമ്പുവിന്റെ മാനാട്
ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍ റെക്കോര്‍ഡ് നേടുന്ന ചിത്രങ്ങളിലൊന്നായി ചിമ്പു അഭിനയിച്ച മാനാട്. 7 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടുന്ന നാലമത്തെ ചിത്രമായി മാനാട് ഇതോടെ മാറി. മാസ്റ്റര്‍, അണ്ണാത്തെ, കര്‍ണന്‍ എന്നിവയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടിയ മറ്റു ചി്ത്രങ്ങള്‍.
നിരവധി പ്രശ്‌നങ്ങളാണ് ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായത്. ചിത്രത്തിന്റെ റിലീസ് അടക്കം അനിശ്ചിതത്തിലായിരുന്നു.
മുമ്പ് നിശ്ചയിച്ചിരുന്ന അതിരാവിലെയുള്ള ഷോകളും റെഗുലര്‍ ഷോകളും പലയിടങ്ങളിലും മുടങ്ങിയിരുന്നു. തമിഴ്‌നാട് എം.എല്‍.എയും നടനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ ഇടപെട്ടതോടെയാണ് ചിത്രത്തിന്റെ റിലീസ് തന്നെ സാധ്യമായത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ചിമ്പുവിന്റെ 45ാം ചിത്രം കൂടിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍ ആണ് നായിക്.
അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിത്രത്തില്‍ ചിമ്പു എത്തുന്നത്. ചിത്രത്തില്‍ എസ്.എ. ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.