ഇറോം ശര്‍മിളയെ വിട്ടയക്കണമെന്ന് മണിപ്പൂര്‍ കോടതി
Daily News
ഇറോം ശര്‍മിളയെ വിട്ടയക്കണമെന്ന് മണിപ്പൂര്‍ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2014, 3:23 pm

irom-sharmila

[] ഇംഫാല്‍: ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി വീട്ടുതടങ്കലില്‍ കഴിയുന്ന മണിപ്പൂര്‍ സാമൂഹിക പ്രവര്‍ത്തക ഇറോം ശര്‍മിളയെ വിട്ടയക്കണമെന്ന് മണിപ്പൂര്‍ കോടതി ഉത്തരവ്.

ഇറോം ശര്‍മിളയ്‌ക്കെതിരായ ആത്മഹത്യാ ശ്രമത്തിനുള്ള കേസ് നിലനില്‍ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശര്‍മിള ആത്മഹത്യാശ്രമം നടത്തി എന്നതിന് യാതൊരു തെളിവുമില്ല. അതുകൊണ്ടുതന്നെ അവരെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും രണ്ട് ദിവസത്തിനകം തന്നെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയക്കണമെന്നും കോടതി പറഞ്ഞു.

സായുധ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷമായി നിരാഹാര സമരം നടത്തിവരികയാണ് ഇറോം ശര്‍മിള. 2012ല്‍ സര്‍ക്കാര്‍ ചുമത്തിയ ആത്മഹത്യാശ്രമമെന്ന കുറ്റത്തിനെതിരെ ശര്‍മിള തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.  309ാം വകുപ്പു പ്രകാരം ആത്മഹത്യാ കുറ്റമാണ് ശര്‍മിളക്കെതിരെ ചുമത്തിയിരിക്കുന്നത്.

2000 നവംബര്‍ 2 നാണ് ശര്‍മിള തന്റെ നിരാഹാരസമരം ആംരഭിച്ചത്. മണിപ്പൂരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ.എഫ്.എസ്.പി.എ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശര്‍മിള നിരാഹാരമനുഷ്ഠിക്കുന്നത്.

അവരുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന 10 പേരെ യാതൊരു പ്രകോപനവുമില്ലാതെ സായുധ സേന വെടിവെച്ചുകൊല്ലുന്നത് കണ്ടതാണ് നിരാഹാര സമരം ചെയ്യാന്‍ ശര്‍മിളയെ പ്രേരിപ്പിച്ചത്. ഇക്കാലയളവില്‍ നിരവധി തവണ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ആസ്പത്രിയിലാക്കി. നിരവധി കേസുകള്‍ ചുമത്തുകയും ചെയ്തു.

മൂക്കിലൂടെയിട്ട പൈപ്പ് വഴി നിര്‍ബന്ധിച്ച് നല്‍കുന്ന ഭക്ഷണമാണ് കഴിഞ്ഞ 14 വര്‍ഷണായി ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ശാരീരികാവസ്ഥ മോശമായതിനാല്‍ ഇപ്പോള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ശര്‍മിളയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.