| Wednesday, 24th November 2021, 4:10 pm

കുറുപ്പ്, കാവല്‍, മരക്കാര്‍; വമ്പന്‍ ചിത്രങ്ങള്‍ക്കിടയില്‍ തിയേറ്റര്‍ ലഭിച്ചില്ല; 'സുമേഷ് ആന്‍ഡ് രമേഷ്' റിലീസ് തിയതി നീട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറന്നപ്പോള്‍ ഏറെ നാളായി റിലീസ് ചെയ്യാതെ നീട്ടിവെച്ച ഒരുപാട് സിനിമകളായിരുന്നു റിലീസിന് ഒരുങ്ങി നിന്നത്. എന്നാല്‍ ഇപ്പോള്‍ തിയേറ്റര്‍ തുറന്നിട്ടും റിലീസ് തീയതി വീണ്ടും നീട്ടേണ്ട ഗതികേടിലാണ് ചെറിയ ബഡ്ജറ്റ് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍.

ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സലിം കുമാര്‍, പ്രവീണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുമേഷ് ആന്‍ഡ് രമേഷ് എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് തിയേറ്റര്‍ കിട്ടാത്തതിനാല്‍ ഇപ്പോള്‍ നീട്ടിവെച്ചിരിക്കുന്നത്.

ഈ വരുന്ന നവംബര്‍ 26 വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കുറുപ്പ്, ആസിഫ് അലി-രജിഷ വിജയന്‍-ജിബു ബേക്കബ് ചിത്രം എല്ലാം ശരിയാകും, ബേസില്‍ ജോസഫ് ചിത്രം ജാന്‍ എ മന്‍, ഇന്ദ്രജിത് ചിത്രം ആഹാ എന്നിവയാണ് ഇപ്പോള്‍ തിയേറ്ററിലോടുന്ന മലയാള ചിത്രങ്ങള്‍. ഇതിന് പുറമെ നിതിന്‍ രണ്‍ജി പണിക്കര്‍-സുരേഷ് ഗോപി ചിത്രം കാവല്‍, ചിമ്പു നായകനായ തമിഴ് ചിത്രം വെങ്കട് പ്രഭു എന്നിവയും ഈയാഴ്ച തിയേറ്ററിലെത്തും.

ഇതോടെയാണ് സുമേഷ് ആന്‍ഡ് രമേഷിന്റെ റിലീസ് തിയതി നീട്ടേണ്ടി വന്നത്. നവാഗതനായ സനൂപ് തൈക്കൂടമാണ് ചിത്രത്തിന്റെ സംവിധായകന്‍. മതിയായ തിയേറ്ററുകള്‍ പ്രദര്‍ശനത്തിന് ലഭിക്കാത്തതിനാല്‍ റിലീസ് മാറ്റുന്നു എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

മരക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രവും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാതെ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുകയാണ്. അടുത്തയാഴ്ച മരക്കാര്‍ കൂടി തിയേറ്ററിലെത്തുന്നതോടെ ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെയും വമ്പന്‍ താരങ്ങളുടേതല്ലാത്ത ചിത്രങ്ങളുടേയും തിയേറ്റര്‍ റിലീസ് പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ട്.

ചെറിയ ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം തിയേറ്ററുകളുടെ ലഭ്യത ഇനി കുറച്ച് കാലത്തേക്ക് പ്രശ്‌നമായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Release date of the movie ‘Sumesh and Ramesh’ postponed due to lack of theaters

Latest Stories

We use cookies to give you the best possible experience. Learn more