| Monday, 8th July 2024, 8:58 pm

പാൻ ഇന്ത്യ കീഴടക്കാൻ ദുൽഖർ വീണ്ടും എത്തുന്നു, ലക്കി ഭാസ്കറിന്റെ റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളിലൊരാളായ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കർ, സെപ്റ്റംബർ ഏഴിന് ആഗോള റിലീസായി എത്തും.

ബ്ലോക്ക്ബസ്റ്റർ സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സിതാര എന്റെർടൈൻമെന്റ്സാണ്. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്.

ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സൈറ്റുകളിലാണ് ലക്കി ഭാസ്കർ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരവും ബാങ്ക് സെറ്റുകളും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറും, ദൃശ്യങ്ങളൊരുക്കിയത് നിമിഷ് രവിയുമാണ്. ഇതിനോടകം തന്നെ ഈ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമിച്ചിരിക്കുന്ന ലക്കി ഭാസ്കർ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് പ്രദർശനത്തിനെത്തുക. ശ്രീകര സ്റ്റുഡിയോസാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. പി.ആർ.ഒ ശബരി.

Content Highlight: Release Date Of Lucky Baskar Movie

We use cookies to give you the best possible experience. Learn more