കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; തമിഴ്‌നാട്ടിലേക്കുള്ള അന്തര്‍സംസ്ഥാന ബസുകള്‍ ബുധനാഴ്ച മുതല്‍
തിരുവനന്തപുരം: കൊവിഡ് കേസുകളില്‍ കുറവ് വന്നതോടെ തമിഴ്‌നാട്ടിലേക്കും തിരികെ കേരളത്തിലേക്കുമുള്ള അന്തര്‍സംസ്ഥാന ബസുകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി.
ഇതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കാം.
ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിയതോടെയായിരുന്നു തമിഴ്‌നാട്ടിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നിഷേധിച്ചിരുന്നത്.
തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. തമിഴ്‌നാട്ടില്‍ ഇളവുകളോടെ കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 15 വരെ തുടരും.
അതേസമയം കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇനിമുതല്‍ കൊവിഡ് സൗജന്യ ചികിത്സ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂളിലും കോളേജിലും എത്തുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷയെ കരുതി വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒമിക്രോണ്‍ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കണമെന്നും, പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ വീഴ്ചവരുത്താതെ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിനേഷന്‍ നല്‍കാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.