| Sunday, 4th May 2014, 12:40 pm

അസം കലാപം: മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ഗുവാഹാട്ടി: അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് സ്ഥലം സന്ദര്‍ശിക്കാതെ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്‍. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കാതെ മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്ത ജില്ലാ ഭരണകൂടും ശവസംസ്‌കാരം നടത്താന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയാണ്.  ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് ലഭിക്കണം. തങ്ങളുടെ ജീവന് ഒരു വിലയുമില്ലെന്ന തരത്തിലാണ് അധികാരികള്‍ സംസാരിക്കുന്നത്-  ഗ്രാമീണര്‍ ആരോപിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ധരിപ്പിച്ചു. അസമില്‍ സമാധാനമുറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിനാവശ്യമായ സഹായം നല്‍കാന്‍ അദ്ദേഹം ക്യാബിനറ്റ് സെക്രട്ടറി അജിത് സിങ്ങിനോട് നിര്‍ദേശിച്ചിട്ടുണ്ട്

ബോഡോ ലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷനില്‍പ്പെട്ട കൊക്രജാര്‍, ബക്‌സ, ചിരാങ് ജില്ലകളിലാണ് എന്‍.ഡി.എഫ്.ബി.സോങ്ബിജിത് തീവ്രവാദികള്‍ ആക്രമണം  നടത്തിയത്. ആക്രമത്തെ തുടര്‍ന്ന് മൂന്ന് ജില്ലകളിലും സമീപ ജില്ലയായ ധുബ്രിയിലും അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടന്നയിടങ്ങളില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

വ്യാഴാഴ്ച ബക്‌സ ജില്ലയിലെ ആനന്ദബസാറിന് സമീപമുള്ള ന്യൂനപക്ഷ സമുദായാംഗത്തിന്റെ വീട്ടില്‍ക്കയറി രണ്ട് സ്ത്രീകളടക്കം മൂന്നുപേരെ എന്‍.ഡി.എഫ്.ബി.എസ് തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി വീണ്ടും ആയുധധാരികളായ എന്‍.ഡി.എഫ്.ബി.എസ് തീവ്രവാദികളെത്തിയാണ് അസമില്‍ കൂട്ടക്കുരുതി നടത്തിയത്. നൂറോളം വീടുകള്‍ അവര്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more