തിരുവനന്തപുരം: നേമത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അധ്യാപികക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. അധ്യാപിക അധിക്ഷേപിച്ചതിന് പിന്നാലെയാണ് നേമം വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആരതി ജീവനൊടുക്കിയതെന്നാണ് പരാതി. മകള്‍ക്കെതിരെ ജാതി അധിക്ഷേപം നടന്നതായും പരാതിയുണ്ട്.
നല്ല ഉടുപ്പിട്ടാലും വാച്ച് ധരിച്ചാലും അധ്യാപിക ആരതിയെ അധിക്ഷേപിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മയേയും ചേച്ചിയേയും ഉദ്ധരിച്ച് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘ഒമ്പതാം ക്ലാസ് മുതല്‍ എന്റെ കൊച്ചിന് എപ്പോഴും അവരുടെ(അധ്യാപിക) ടോര്‍ചറിങ്ങുണ്ടായിരുന്നു. എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. അവളുടെ ചേച്ചിയോടായിരുന്നു എല്ലാം പറയാറ്. അമ്മയോട് പറയണ്ട, അമ്മ ചെന്ന് സ്‌കൂളില്‍ വഴക്കുണ്ടാക്കിയാല്‍ എന്റെ മാര്‍ക്ക് കുറച്ചുകളയുമെന്ന് ചേച്ചിയോട് പറഞ്ഞിരുന്നത്രെ. അതുകൊണ്ടാണ് അവള്‍ വേറെ ആരോടും ഒന്നു പറയാതിരുന്നത്.
മറ്റ് പിള്ളേര് ചെയ്യുന്ന തെറ്റിന് എന്റെ കൊച്ചിനെ പറഞ്ഞ്, എല്ലാരുടെയും മുന്നില്‍വെച്ച് കളിയാക്കി. തന്തയില്ലാതെ മൂന്ന് വയസ് തൊട്ട് ഞാന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയ കൊച്ചിനെയാണ് അവരെല്ലാവരും കൂടി കൊന്നുകളഞ്ഞത്,’ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
നേമം വിക്ടറി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരി ആരതി കഴിഞ്ഞ തിങ്കളാഴ്ചയാണ് ജീവനൊടിക്കിയത്. ഇതിന് മുമ്പ് ആരതിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ട് എന്ന കാരണം പറഞ്ഞ് അവളുടെ ബാഗ് സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കാണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് പി.ടി.എ പ്രസിഡന്റിനെ ഉദ്ധരിച്ച് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് പിന്നലെയാണ് ആരതി ആത്മഹത്യ ശ്രമം നടത്തുന്നത്. തുടര്‍ന്ന് രണ്ട് ദിവസം വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, മരണം നടക്കുന്ന ദിവസം ഉച്ചക്ക് നെരുവാമൂട് പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി ഫോണ്‍ ചെയ്തതായും 24ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് അധിക്ഷേപം നേരിട്ടൂവെന്നും സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്നുമാണ് പെണ്‍കുട്ടി
പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പറയുന്നത്.