| Monday, 13th October 2014, 8:52 am

മന്ത്രവാദത്തിനിടെ മരണം: രണ്ട് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പത്തനംതിട്ട: പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ആതിരയുടെ പിതൃസഹോദരന്‍ വത്സന്‍, ഇയാളുടെ മരുമകന്‍ മിതോഷ് എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മിതോഷിനെ സഹായിച്ച ബന്ധുവിനെയും മറ്റൊരാളെയും അന്വേഷണ സംഘം തിരയുന്നുണ്ട്.

പത്തനംതിട്ട ഡി.സി.സി ഓഫീസ് സെക്രട്ടറിയാണ് വത്സന്‍. ഇയാളെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മിതോഷിനെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് പത്തനംതിട്ട നഗരത്തിന് സമീപത്തെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

മിതോഷിന്റെ നേതൃത്വത്തില്‍ വത്സന്റെ വീട്ടില്‍വെച്ച് മന്ത്രവാദ സമാനമായ പൂജകള്‍ നടന്നതിന് കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം മിതോഷ് സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് ആതിരയെ അബോധാവസ്ഥയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നെന്നാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.

പെണ്‍കുട്ടിയുടേത് അസ്വാഭാവിക മരണമാണെന്ന് സംശയിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നു. കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ചുവെച്ചതിന്റെ പാടുണ്ടായിരുന്നു. ആതിര താമസിച്ചിരുന്ന വീട്ടില്‍ വെള്ളിയാഴ്ച പൂജകള്‍ നടന്നതായി ആതിരയെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലാണ് ആതിരയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. തുടര്‍ന്ന് ആതിരയുടെ മൃതദേഹം വടശേരിക്കരയിലെ വീട്ടില്‍ സംസ്‌കരിച്ചു.

വടശേരിക്കര കുമ്പളത്താമണ്‍ കലശക്കുഴി വീട്ടില്‍ പ്രസന്നകുമാറിന്റെ മകളാണ് ആതിര. ചികിത്സാ സൗകര്യം കണക്കിലെടുത്താണ് ഓമല്ലൂരിന്റെ വത്സന്റെ വീട്ടില്‍ ആതിരയെ താമസിപ്പിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more