| Monday, 30th September 2019, 11:49 am

'അയാള്‍ നമ്പര്‍ വണ്‍ ഫ്രോഡാണ്'; മോഹനന്‍ വൈദ്യര്‍ ചികിത്സിച്ച രോഗിയുടെ വെളിപ്പെടുത്തല്‍

ഹരിമോഹന്‍

മോഹനന്‍ വൈദ്യരുടെ ചികിത്സ മൂലം രോഗം വഷളായ രോഗിയുടെ ബന്ധു ഹാഷിം അബൂബക്കര്‍ ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു

* എങ്ങനെയാണു മോഹനന്‍ വൈദ്യരിലേക്ക് എത്തുന്നത്?

പേഷ്യന്റെന്നു പറയുന്നത് എന്റെ മൂത്താപ്പയുടെ മോനാണ്. എന്റെ വാപ്പയുടെ ജ്യേഷ്ഠന്റെ മകനാണ്. അബ്ദുള്‍ ജലീലെന്നാണു പേര്.

മോഹനന്‍ വൈദ്യരുടെ ഫേസ്ബുക്ക് ലൈവുകള്‍ കേട്ടാണ് മൂപ്പരോട് ഇഷ്ടം തോന്നുന്നത്. ആദ്യമൊക്കെ ഞാന്‍ അത് ഷെയര്‍ ചെയ്യുമായിരുന്നു. ഓരോരോ ക്ലാസ്സുകളൊക്കെ കേട്ട് ഞാന്‍ ഷെയര്‍ ചെയ്യും. അയാളെ മാക്‌സിമം പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി, കൂടുതലാളുകളിലേക്ക് എത്തിക്കാന്‍ വേണ്ടി ഗ്രൂപ്പുകളിലേക്കു വരെ ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കാരണം, അത്രയും ഇഷ്ടം തോന്നിയ ക്ലാസ്സുകളായിട്ടാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് ഓരോ ക്ലാസ്സുകള്‍ കഴിയും തോറും ഓരോ മണ്ടത്തരങ്ങള്‍ പറയുന്നതായിട്ട് തോന്നിയിട്ടുണ്ട്. കാടുകയറിയുള്ള സംസാരശൈലിയാണെന്നു കരുതി ഞാന്‍ സമാധാനിച്ചു. അതായത് അയാള്‍ എല്ലാ മതക്കാരെയും സുഖിപ്പിക്കുന്ന രീതിയില്‍ ഖുറാന്‍, ബൈബിള്‍ ഗീത, ഇതു മൂന്നെണ്ണത്തിലുമുണ്ട്, അതില്‍ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. സത്യത്തില്‍ ഈ പറയുന്നതു വിഡ്ഢിത്തമാണല്ലോ എന്നു തോന്നി.

കാരണം, ഞാനൊരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ചതാണല്ലോ. അതിലിങ്ങനെ പറഞ്ഞിട്ടില്ലല്ലോ. എന്തുമാകട്ടെ, അസുഖം ആളുകള്‍ക്കു ഭേദമാകുന്നുണ്ടോ, അതുമാത്രമേ ഞാന്‍ ചിന്തിച്ചുള്ളൂ. എല്ലാ മതക്കാരും അയാളുടെ കസ്റ്റമറായിട്ടു വേണം, ചികിത്സയ്‌ക്കെത്തണം എന്നുള്ള നിലയ്ക്കായിരിക്കണം എല്ലാ മതക്കാരെയും സുഖിപ്പിക്കാന്‍ ഖുറാന്‍, ബൈബിള്‍, ഗീത എന്നിങ്ങനെ പുട്ടിനു പീരയിടുന്നതുപോലെ പറയുന്നത്.

പക്ഷേ അത് സത്യത്തില്‍ വിഡ്ഢിത്തരമാണ്. അതുകൊണ്ടു ഞാന്‍ ഷെയര്‍ ചെയ്യല്‍ നിര്‍ത്തി. പക്ഷേ ഞാന്‍ ക്ലാസ്സുകള്‍ കേള്‍ക്കും.

പിന്നെ അദ്ദേഹത്തിന് (അബ്ദുള്‍ ജലീല്‍) കാലില്‍ നീരു പോലെ വന്നിരുന്നു. അത് ഏതാണ്ട് ഒരു കൊല്ലമായിട്ട് ഞാന്‍ കാണുന്നുണ്ട് കാലില്‍ ഇങ്ങനെ നീരുമായിട്ട് നടക്കുന്നത്. പല കാരണങ്ങളും കാരണം നീരുണ്ടാവുമല്ലോ. അദ്ദേഹവും അത് കെയര്‍ ചെയ്തിട്ടില്ല, ഞാനും ഒന്നും പറയാന്‍ പോയിട്ടില്ല.

പിന്നെ അദ്ദേഹത്തിന് ഷുഗര്‍ 10-20 കൊല്ലമായിട്ടുണ്ട്. ഷുഗറുമായിട്ട് നടന്ന് ഓരോ അവയവത്തിനെയും ബാധിച്ചതാണ്. ആരോ പറഞ്ഞിട്ട് ആസ്റ്ററില്‍ പോയി. കുറേ ടെസ്റ്റുകള്‍ നടത്തി. അതിലൊരു കുഴപ്പവുമില്ല. നെഫ്രോളജിയെ കാണിക്കാന്‍ പറഞ്ഞു. നെഫ്രോളജി കുറേ മരുന്നുകള്‍ കഴിക്കണമെന്നു പറഞ്ഞു. പക്ഷേ ഇതിലൊന്നും തീരാതെ ചിലപ്പോള്‍ ഡയാലിസിസിലേക്കെത്തും, ഡയാലിസിസ് പിന്നെ ട്രാന്‍സ്പ്ലാന്റേഷനിലേക്കു മാറും. അതൊന്നും പറ്റില്ല. അതൊരു ട്രീറ്റ്‌മെന്റല്ല എന്ന വാദമൊക്കെ രോഗിക്കുണ്ടായിരുന്നു.

അങ്ങനെയാണ് മോഹനന്‍ വൈദ്യരുടെ അടുത്തൊന്നു പൊയ്ക്കൂടേ എന്നു ഞാനാദ്യമായി പറഞ്ഞത്. ഞാനദ്ദേഹത്തിന്റെ ക്ലാസ്സുകളൊക്കെ കേള്‍ക്കാറുണ്ട്. രോഗം മാറിയെന്നു പറഞ്ഞ് ആളുകളെ അടുത്തിരുത്തിയാണ് തെളിവുസഹിതം പ്രസംഗിക്കുന്നതെന്നു പറഞ്ഞ് ഒരു വീഡിയോ കൊണ്ടുപോയി കാണിച്ചു.

കൂടുതല്‍ അന്വേഷിക്കണം എന്നു പറഞ്ഞപ്പോള്‍ കൂടുതലൊന്നും അന്വേഷിക്കാനില്ല എന്നു പറഞ്ഞ് ഞാനതിനെ പ്രൊമോട്ട് ചെയ്തു. നീ മാത്രമല്ല, വേറെ രണ്ടുപേര്‍ കൂടി എന്നോടു പറഞ്ഞിരുന്നുവെന്നു പറഞ്ഞു. നീ കൂടുതല്‍ അന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അന്വേഷിക്കാമെന്നു പറഞ്ഞു. അങ്ങനെ ഇവിടെയടുത്ത് ഒരു ഊബര്‍ ഡ്രൈവറുണ്ടായിരുന്നു. അയാളുടെ അടുത്ത് ഒരു രോഗിയെയും കൊണ്ടുപോയി അയാളുടെ അസുഖം കുറഞ്ഞെന്നു പറഞ്ഞുകേട്ടിരുന്നു.

ഞാന്‍ അങ്ങനെ ചോദിച്ചു. നല്ലതാണ്, നീ കൊണ്ടുപോയിക്കോ, ഞാന്‍ അങ്ങനെ കൊണ്ടുപോകാറുണ്ട് എന്ന രീതിയില്‍ പറഞ്ഞു. അപ്പോള്‍ ഞാനത് മൂപ്പരോട് പറഞ്ഞു. പിന്നെ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പോകുന്ന കാര്യം തീരുമാനമായോ എന്നു ചോദിച്ചപ്പോള്‍ പോകാമെന്നു പറഞ്ഞു.

ഈ ഊബര്‍ ഡ്രൈവറെ കണ്ടാണ് അഡ്രസ്സും ഫോണ്‍ നമ്പറും മേടിച്ചത്. ഊബര്‍ ഡ്രൈവറെ കണ്ട കാര്യം ഞാന്‍ പറഞ്ഞു. ഒരുപാടാളുകള്‍ വരുന്നുണ്ട്. ബെന്‍സിലൊക്കെ വരുന്നു. തോക്കും പിടിച്ച് സെക്യൂരിറ്റിയൊക്കെയുണ്ട്. ഇക്കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞു.

ജസ്റ്റ് ഒന്നു പോയി നോക്കാം. വേണമെങ്കില്‍ മതി, അല്ലെങ്കില്‍ മരുന്നും മേടിച്ച് തിരിച്ചുപോകാം എന്നു ഞാന്‍ പറഞ്ഞു, അങ്ങനെ പോയി.

* ചികിത്സയ്ക്കായി അയാളുടെ അടുത്തെത്തിയപ്പോഴുണ്ടായ അനുഭവങ്ങള്‍ വിശദീകരിക്കാമോ?

നേരത്തേ പറഞ്ഞതുപോലെ നല്ല തിരക്കുണ്ട്, ഒരുപാട് വാഹനങ്ങളുണ്ട്. 30 പേരുടെ ബാച്ചായാണ് അകത്തേക്കു കയറ്റുന്നത്. അവരില്‍ നിന്ന് ഓരോരുത്തരെ വിളിക്കും.

വിളിക്കുന്നതിനിടയ്ക്ക ചിലര്‍ തനിക്ക് നടുവേദനയെന്നൊക്കെ പറയും. തനിക്ക് അതൊന്നുമല്ലെന്ന് അയാള്‍ (മോഹനന്‍ വൈദ്യര്‍) പറയും. നാടകം കളിക്കാന്‍ കൊണ്ടുവന്നവരാണോന്ന് അറിയില്ല. അവരെ വിളിച്ചിട്ട് തനിക്ക് അതൊന്നും അല്ലെന്നു പറഞ്ഞ് ഒന്നുരണ്ട് തട്ടൊക്കെ തട്ടിയിട്ട് ഒന്നു നടന്നേ എന്നു പറയാം. അപ്പോള്‍ അവിടെയിരിക്കുന്ന 30 പേരില്‍ ഒരാളെ വിളിച്ച് ഇങ്ങനെ ചെയ്യുമ്പോള്‍ ഭയങ്കര സംഭവം പോലെ തോന്നും

മൂന്നാലു പേര് കഴിഞ്ഞപ്പോള്‍ മൂപ്പരെ (അബ്ദുള്‍ ജലീല്‍) വിളിച്ചു. നടക്കാനൊക്കെ ബുദ്ധിമുട്ടാണ്. പുള്ളി എന്നാലും കഷ്ടപ്പെട്ട് എഴുന്നേറ്റ് അങ്ങോട്ടു ചെന്നു. ഇതുകണ്ട് പുള്ളി പുറത്തേക്കിറങ്ങി കൂടെയാരാ വന്നതെന്നു ചോദിച്ചു. എന്നിട്ടെന്നെ വിളിച്ചു.

അങ്ങനെ അകത്തുകയറി പേഷ്യന്റിനെ അടുത്തിരുത്തി. ഇയാളുടെ എല്ലാം പോയിക്കിടക്കുവാണല്ലോടോ. എല്ലാം വിട്ടുകിടക്കുകയാണ്. ഇയാള്‍ നാഡി പിടിച്ചുനോക്കുകയോ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ രോഗിയോട് പുറത്തിരിക്കാന്‍ പറഞ്ഞു.

എന്നിട്ട് എന്നോടു പറഞ്ഞു, കിഡ്‌നിക്കല്ല ലിവറിനാണു പ്രശ്‌നമെന്ന്. അതിനുള്ള ട്രീറ്റ്‌മെന്റാണ് ചെയ്യേണ്ടത്, രണ്ടും കല്പിച്ച് ചെയ്യാന്‍ തയ്യാറാണോ എന്നു ചോദിച്ചു. അപ്പോള്‍ ചെയ്യാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍, അതു നിങ്ങളല്ല രോഗിയാണു പറയേണ്ടത് എന്നയാള്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ രോഗിയോടു പോയി ചോദിച്ചു. അത് ചെയ്യാമെന്ന് രോഗി പറഞ്ഞു. മൂപ്പര്‍ക്കാണെങ്കില്‍ അവിടുത്തെ അട്‌മോസ്ഫയര്‍ ഒക്കെ കണ്ടിട്ട് കൊള്ളാമെന്നു തോന്നി. അങ്ങനെ ഞാന്‍ ചെന്നിട്ട് പേഷ്യന്റ് റെഡിയാന്നു പറഞ്ഞു. പുറത്തിരിക്ക്, വിളിക്കാമെന്നു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അങ്ങനെ ആ 30 പേരു കഴിഞ്ഞപ്പോള്‍ മൂപ്പരുടെ ക്ലാസ്സുണ്ടായിരുന്നു. പുറത്ത് ഒരു ഷെഡ്ഡ് കെട്ടിയിട്ടുണ്ട് അതിന്. അവിടെയിങ്ങനെ ഖുറാന്‍, ബൈബിള്‍, ഗീത എന്നൊക്കെ പറഞ്ഞു. മൊത്തം റിപ്പറ്റീഷന്‍സാണ്. ക്ലാസ്സെടുക്കാന്‍ വന്നപ്പോള്‍ മൂപ്പര് ചോദിച്ചു, ആര്‍ക്കാണ് നന്നായിട്ട് മൊബൈലില്‍ ലൈവ് എടുക്കാന്‍ അറിയാവുന്നത്. അങ്ങനെ ഒരാളെ വിളിച്ചു.

ക്ലാസ്സൊക്കെ കഴിഞ്ഞിട്ട് വിളിച്ചു. അവിടെ ഈ മരുന്നെന്നു പറയുന്നത് ഒരു മഞ്ഞബുക്കില്‍ എഴുതിവെച്ചിരിക്കുകയാണ്. അതിലിങ്ങനെ രോഗം നോക്കി ടിക്കിട്ട് പോകുകയാണ്. അങ്ങനെ രണ്ടു മൂന്ന് നമ്പരില്‍ ടിക്ക് ചെയ്തു. റെഡിമെയ്ഡായി ചില മരുന്നുകളുണ്ട്. പിന്നെ ചില മരുന്നുകള്‍ നമ്മള്‍ വീട്ടില്‍ കൊണ്ടുപോയി ആഡ് ചെയ്യണം. വീട്ടിലെ പച്ചമരുന്നുകള്‍, ചെടികള്‍ ഇതിലിട്ട് രണ്ടിലൊന്നായി ആറ്റിക്കുറുക്കിയെടുക്കണം.

എന്റെ മരുന്ന് ഒറ്റമൂലിയാണ്. അതുതന്നെയാണ് എല്ലാവര്‍ക്കും കൊടുക്കുന്നത്. പിന്നെ മായം ചേര്‍ക്കാത്ത ഭക്ഷണം കഴിക്കുക. അതിവിടെ ഞാനുണ്ടാക്കുന്നുണ്ട്. വേണമെങ്കില്‍ മേടിച്ചുകൊണ്ടുപോകാം. മായം ചേര്‍ക്കാത്ത ഭക്ഷണം കഴിച്ചുകൊണ്ട് മരുന്ന് കഴിക്കണം. മായം ചേര്‍ത്ത ഭക്ഷണം കഴിച്ചിട്ട് പിന്നെ എന്നെ കുറ്റം പറയരുതെന്ന് അയാള്‍ പറഞ്ഞു. മരുന്നെന്നു പറയുന്നത് കുറേ ക്ഷേത്രങ്ങളിലെ പ്രസാദമാണ്. കുറേ ക്ഷേത്രങ്ങളുടെ പേരൊക്കെ ആള് പറഞ്ഞു.

* ഈ മരുന്ന് കഴിച്ചതിനുശേഷം എന്തെങ്കിലും മാറ്റങ്ങളുണ്ടായോ?

ഒരു കുറവും കിട്ടിയില്ല. 20 ദിവസം കഴിയുമ്പോള്‍ രോഗി നേരിട്ട് പോയിക്കണ്ടാല്‍ മതി. 10 ദിവസത്തേക്കുള്ള മരുന്നേ തന്നിട്ടുള്ളൂ. അതുകഴിയുമ്പോള്‍ രോഗിയുടെ കൂടെയുള്ള ആരെങ്കിലും പോയി മരുന്ന് മേടിച്ചാല്‍ മതി.

ആദ്യതവണ മരുന്നിന് ഏഴായിരം രൂപ മേടിച്ചു. രണ്ടാംതവണ 6,500. 20 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും കൊണ്ടുപോയി. അവിടെച്ചെന്ന് കാത്തിരുന്നു. കുറച്ചുകഴിഞ്ഞ് അയാള്‍ വന്നു. കാലിലൊക്കെ ഞെക്കിനോക്കി. എന്നിട്ട് പറഞ്ഞു, ആല്‍ബുമിന്‍ കയറ്റണം എന്ന്. എന്നിട്ടൊരൊറ്റ പോക്ക് പോയി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വീണ്ടും കുറേക്കഴിഞ്ഞ് അയാള്‍ വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു, ആല്‍ബുമിന്‍ ഇവിടെനിന്നു കയറ്റിത്തരുമോന്ന്. ഇവിടുന്നല്ല, അതേതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലില്‍ച്ചെന്ന് അവിടെ ചെക്ക് ചെയ്ത് ഒരു അഞ്ചാറ് പായ്ക്ക് ആല്‍ബുമിന്‍ കയറ്റിത്തരണമെന്നു പറഞ്ഞാല്‍ മതി. ആറ് പായ്ക്ക് എങ്കിലും വേണം.

അപ്പോള്‍ ഇതിയാള്‍ പറയുന്നതിനു മുന്‍പ് അപ്പോളെഴുതിയ മരുന്ന് ആറായിരം രൂപ കൊടുത്ത് മേടിച്ചു. ഇതു നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ മരുന്ന് മേടിക്കില്ലായിരുന്നു. ഇതു പറഞ്ഞപ്പോള്‍ത്തന്നെ അയാള്‍ ഫ്രോഡാണെന്നു ബോധ്യമായി.

പുറത്തിറങ്ങി കൂട്ടത്തിലുള്ള ആള്‍ക്കാരെയൊക്കെ വിളിച്ചു. ഹരിപ്പാടൊരു ആശുപത്രിയുണ്ട്, അല്‍ഹുദാ. അവിടെ പരിചയമുള്ളവരെ വിളിച്ച് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു, ഈ ആല്‍ബുമിന്‍ എന്നുപറഞ്ഞാല്‍ കൈയ്യും നീട്ടിപ്പിടിച്ച് ചെന്നാല്‍ കിട്ടുന്ന ഒന്നല്ലെന്ന് അവര്‍ പറഞ്ഞു. ഇംഗ്ലീഷ് മെഡിസിന്റെ അണ്ടറിലേക്ക് ട്രീറ്റ്‌മെന്റിലേക്കു വരുമ്പോള്‍ അവര്‍ ചെക്ക് ചെയ്തിട്ട് തീരുമാനിക്കും ആല്‍ബുമിന്‍ വേണോ വേണ്ടയോ എന്താണ് വേണ്ടതെന്നൊക്കെ.

ഹരിപ്പാടുള്ള ഡോക്ടര്‍ ഇങ്ങനെ പറഞ്ഞു. അങ്ങനെ അമ്മായീടെ മോനുമായി ബന്ധപ്പെട്ടു, പൂച്ചാക്കില്‍. അങ്ങനെ അവന്‍ പറഞ്ഞു, എന്റെ പേര് പറഞ്ഞാല്‍ മതി ചന്തിരൂര്‍ ഒരു ഡോക്ടറുണ്ട്, മൂപ്പരെ കണ്ടാല്‍ മതിയെന്ന്. അങ്ങനെ ഡോക്ടറെക്കണ്ട് പറഞ്ഞു. ആല്‍ബുമിന് മില്ലിക്ക് വരെ മൂവായിരം രൂപ വിലയാണ്. ഇത്രയും പണം ചെലവാക്കി ആല്‍ബുമിന്‍ കയറ്റിയാലും കിഡ്‌നി പ്രോബ്ലമായതുകൊണ്ട് മൂത്രത്തില്‍ക്കൂടി മുഴുവന്‍ പോകും. അതൊരു ട്രീറ്റ്‌മെന്റല്ല. അതുകൊണ്ടൊരു കാര്യവുമില്ല.

പിന്നെ ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ ഉണ്ടാകാന്‍ മുട്ടയുടെ വെള്ളക്കരു കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു ഇംഗ്ലീഷ് ഡോക്ടര്‍ പറയുന്നതാണ്. ആല്‍ബുമിന്‍ എന്നത് വൈദ്യരുടെ ചികിത്സയില്‍ വരുന്നതല്ല, ഇംഗ്ലീഷ് മരുന്നിന്റെ കീഴില്‍ വരുന്നതാണ്. അപ്പോള്‍ത്തന്നെ മനസ്സിലായി അയാളൊരു നമ്പര്‍ വണ്‍ ഫ്രോഡാണെന്ന്.

* ചികിത്സയ്ക്കു ചെല്ലുന്നവര്‍ക്ക് ക്ലാസ്സുകള്‍ നല്‍കാറുണ്ടെന്നു പറഞ്ഞല്ലോ. അവിടെ അയാള്‍ എന്തൊക്കെയാണു പറയുന്നത്?

അസുഖങ്ങളുണ്ടാകുന്നതു മനസ്സിന്റെയാണ്. അസുഖമാമെന്നു വിചാരിച്ചാല്‍ അസുഖമായി. ഇവിടെയൊരു കാന്‍സര്‍ പേഷ്യന്റ് വന്നു. അയാളോട് അസുഖമില്ല എന്നു ഞാന്‍ പറഞ്ഞു. ഏതോ ആശുപത്രിയില്‍ നിന്ന് അയാളോട് കാന്‍സറെന്നു പറഞ്ഞതാണ്. പണ്ടൊക്കെ നാട്ടുവൈദ്യമായിരുന്നല്ലോ, ഇപ്പോള്‍ പേടിപ്പിക്കുകയാണ്. കാന്‍സറാണെന്നു പറഞ്ഞാല്‍ത്തന്നെ അസുഖം വന്നുകഴിഞ്ഞു. അപ്പോള്‍ ഏതോ ഡോക്ടര്‍മാര്‍ എവിടെയൊക്കെയോ ചെക്ക് ചെയ്തപ്പോള്‍ കാന്‍സറാണെന്നു പറഞ്ഞ ആളുകള്‍ ഇവിടെവന്നപ്പോള്‍ ഞാന്‍ കാന്‍സറില്ലെന്നു പറഞ്ഞു. അവരുടെ അസുഖം പോയി. അവരുടെ മനസ്സ് ക്ലീനായി. അങ്ങനെ അസുഖം മനസ്സിന്റെയാണെന്നു പറഞ്ഞ് കുറേ ക്ലാസ്സുകള്‍.

പിന്നെ പറഞ്ഞത് ബാപ്പ, ഉമ്മമാര്‍ ബന്ധപ്പെടുന്ന സമയത്ത്, അയാള്‍ കള്ളുകുടിയനാണെങ്കില്‍ ഉണ്ടാവുന്ന കുട്ടി കള്ളുകുടിയായിരിക്കും. എന്തൊക്കെ മോശം സ്വഭാവമാണ് മാതാപിതാക്കള്‍ക്ക് ബന്ധപ്പെടുന്ന സമയമുള്ളതെങ്കിലും കുട്ടി അങ്ങനെയായിരിക്കുമെന്ന് പറഞ്ഞു.

* ഇപ്പോള്‍ രോഗിയുടെ അവസ്ഥ എന്താണ്?

ഒരെഫക്ടും കിട്ടിയില്ല. നീര് കുറഞ്ഞിട്ടുമില്ല, ഇപ്പോള്‍ കല്ലുപോലെയായി. ആല്‍ബുമിന്‍ എന്നു കേട്ടതോടെ മരുന്ന് കഴിക്കാതായി രോഗി.

ഒരുദിവസം വെളുപ്പിന് എഴുന്നേറ്റപ്പോള്‍ രോഗി കട്ടിലില്‍ നിന്ന് താഴെക്കിടക്കും. എന്നിട്ട് നേരെ ആസ്റ്ററിലേക്കു കൊണ്ടുപോയി. പൊട്ടാസ്യം ഹൈ ലെവലായിപ്പോയി, ആകെ അബ്‌നോര്‍മലായിപ്പോയി, ഷുഗര്‍ കൂടി. അവിടെച്ചെന്നപ്പോള്‍ ചെക്ക് ചെയ്ത് ഡോക്ടര്‍ കൃത്യമായിപ്പറഞ്ഞു.

പെട്ടെന്ന് ഡയാലിസിസ് ചെയ്യണമെന്നു പറഞ്ഞു. അങ്ങനെ മൂന്നാല് ഡയാലിസിസ് ചെയ്തു. ബ്ലഡ് കയറ്റി. കുറച്ച് നോര്‍മലായ അവസ്ഥയായി. വീട്ടില്‍പ്പോയിക്കോളൂ ഡയാലിസിസ് ചെയ്യാന്‍ വന്നാല്‍ മതിയെന്നു പറഞ്ഞു.

ഇയാളുടെ അടുത്ത് പോയതുകൊണ്ട് രോഗം കുറഞ്ഞില്ലെന്നു മാത്രമല്ല, കൂടുതല്‍ വഷളായ അവസ്ഥയിലാണ് അവിടെനിന്നു മതിയാക്കിയത്. വേറെ എവിടെയങ്കിലും ചികിത്സയ്ക്കു പോകാന്‍ പറ്റുമായിരുന്ന 30 ദിവസം നഷ്ടപ്പെട്ടു.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍