കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയുമായുള്ള ബന്ധം ‘ഉപേക്ഷി’ക്കുമെന്ന് ബി.ജെ.പി എം.പി. ബംഗാളിലെ ബി.ജെ.പി എം.പിയായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാനാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തനിക്ക് സമാധാനമായി ഒന്ന് ശ്വസിക്കണമെന്നും കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകണമെന്നും പറഞ്ഞുകൊണ്ടാണ് സുജാത ബി.ജെ.പി വിട്ടത്. സുജാതയുടെ ഈ നിലപാടാണ് ബി.ജെ.പി എം.പി.യെ ചൊടിപ്പിച്ചത്.
‘എനിക്ക് ശ്വസിക്കണം, എനിക്ക് ബഹുമാനം വേണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട ദീദിയുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മുന്‍ അധ്യാപക കൂടിയായ സുജാത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുതുതായി വന്ന ആളുകള്‍ക്കും കഴിവില്ലാത്തവര്‍ക്കും അഴിമതി നിറഞ്ഞ നേതാക്കള്‍ക്കുമാണ് ബി.ജെ.പിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന തൃണമൂല്‍ വിമതരെ സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രസ്താവന.
തനിക്ക് നേരെ ശാരീരിക ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തന്റെ ഭര്‍ത്താവിനെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുന്നതിന് വേണ്ടി വളരെയധികം ത്യാഗം ചെയ്‌തെങ്കിലും തനിക്ക് ഒന്നും ലഭിച്ചില്ലെന്നും സുജാത പറഞ്ഞു.
2014ല്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്ന് സൗമിത്ര ഖാന്‍ വിജയിച്ചത് ഭാര്യയുടെ പിന്തുണയോടെയായിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ബിഷ്ണുപുര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞിരുന്നു. ഇയാള്‍ക്ക് വേണ്ടി സുജാത മോണ്ടലാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നത്.
സൗമിത്ര ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പിന്നീട് ബി.ജെ.പിയിലെത്തുകയായിരുന്നു. സുജാത മോണ്ടാല സജീവ ബി.ജെ.പി പ്രവര്‍ത്തകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ നിലമെച്ചപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തിനിടെയാണ് സുജാത പാര്‍ട്ടി വിടുന്നത്.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുവേന്തു അധികാരി കഴിഞ്ഞദിവസം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക