ന്യൂദല്‍ഹി: സ്ത്രീവിരുദ്ധ പ്രസ്താവനകളിറക്കുകയും വനിതാ കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്ത പി.സി ജോര്‍ജ്ജ് എം.എല്‍.എയ്ക്ക് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മയുടെ മറുപടി. ദല്‍ഹിയിലേക്ക് വരാന്‍ പണമില്ലെങ്കില്‍ രേഖ കാണിച്ചാല്‍ യാത്രാബത്ത നല്‍കാമെന്ന് രേഖാ ശര്‍മ്മ പറഞ്ഞു. ജോര്‍ജിന് ദേശീയ വനിതാക്കമ്മീഷന്റെ നിയമം അറിയില്ല. ഇരയെ അധിക്ഷേപിച്ച ജോര്‍ജ്ജില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.
മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തിയാലുടന്‍ കൂടിക്കാഴ്ച നടത്തുമെന്നും പരാതിക്കാരിയായ കന്യാസ്ത്രീയെയും ഒപ്പം കൂട്ടുമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. കേരളത്തിലെ സ്ത്രീസുരക്ഷ അവതാളത്തിലായിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടാകുന്നുവെന്നും രേഖാ ശര്‍മ്മ പറഞ്ഞു.
തുടര്‍ച്ചയായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ കമ്മീഷന്‍ ജോര്‍ജിന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ പരിഹസിക്കുകയാണ് പി.സി ജോര്‍ജ്ജ് ചെയ്തത്. യാത്രാബത്ത നല്‍കിയാല്‍ വരാമെന്നും അല്ലെങ്കില്‍ തന്നെ കേരളത്തില്‍ വന്ന് കാണണമെന്നുമായിരുന്നു പി.സി ജോര്‍ജ്ജ് പറഞ്ഞിരുന്നത്.