|

ആദ്യത്തെ അവാര്‍ഡ് കിട്ടിയതിന്റെ അന്ന് സെറ്റില്‍ വെച്ച് ശ്രീനിവാസന്‍ സാര്‍ എന്നെ കളിയാക്കി: രേഖ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാംജീ റാവു സ്പീക്കിങ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച രേഖ വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിലിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കരിയറിന്റെ തുടക്കത്തില്‍ ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടിയപ്പോഴുള്ള അനുഭവം രേഖ പങ്കുവെച്ചു. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരത്ത് പാവം പാവം രാജകുമാരന്റെ ഷൂട്ടിനിടയിലാണ് താന്‍ ഈ കാര്യം അറിഞ്ഞതെന്നും ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് എന്നു പറഞ്ഞാല് എന്താണെന്ന് അറിയില്ലായിരുന്നെന്നും രേഖ പറഞ്ഞു. അതിന് ശേഷം ഷോട്ടെടുത്തപ്പോള്‍ അവാര്‍ഡിനെക്കുറിച്ച് ആലോചിച്ച് എട്ട് ടേക്ക് വരെ പോയെന്നും രേഖ പറഞ്ഞു. നാഷണല്‍ അവാര്‍ഡ് കിട്ടിയവരൊക്കെ നല്ല അഭിനയമാണെന്നും ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടിയവര്‍ എട്ട് ടേക്ക് വരെ പോവുകയാണെന്നും പറഞ്ഞ് ശ്രീനിവാസന്‍ കളിയാക്കിയെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

‘ദശരഥത്തിലെ അഭിനയത്തിനാണ് എനിക്ക് ആദ്യത്തെ അവാര്‍ഡ് കിട്ടുന്നത്. ആ സമയത്ത് ഞാന്‍ തിരുവനന്തപുരത്തായിരുന്നു. പാവം പാവം രാജകുമാരന്റെ ഷൂട്ടിലായിരുന്നു. അപ്പോള്‍ പ്രൊഡക്ഷനിലെ ഒരു പയ്യന്‍ വന്നിട്ടാണ് എനിക്ക് അവാര്‍ഡുണ്ടെന്ന് പറഞ്ഞു. ഫിലിംഫെയറിലെ ക്രിട്ടിക്‌സ് അവാര്‍ഡാണ് കിട്ടിയതെന്ന് പറഞ്ഞു. അന്നത്തെ പ്രായത്തില്‍ എന്താണ് ക്രിട്ടിക്‌സ് അവാര്‍ഡെന്ന് തിരിച്ചറിയാനുള്ള വിവരം ഉണ്ടായിരുന്നില്ല.

ഷോട്ട് എടുക്കുന്ന സമയത്ത് എന്റെ മനസില്‍ മുഴുവന്‍ എന്താണ് ഈ ക്രിട്ടിക്‌സ് അവാര്‍ഡ് എന്നുള്ള ചിന്തയായിരുന്നു. അത് കാരണം ആ ഷോട്ട് കുറേ ടേക്ക് പോയി. ഏഴ് ടേക്കും കഴിഞ്ഞ് എട്ടാമത്തെ ടേക്കായപ്പോള്‍ ശ്രീനിയേട്ടന്‍ പറഞ്ഞു, ‘ഇവിടെ നാഷണല്‍ അവാര്‍ഡൊക്കെ കൊടുക്കുന്നത് നല്ല അഭിനയം നോക്കിയാണ്. ഫിലിംഫെയര്‍ കിട്ടിയവരൊക്കെ ഏഴും എട്ടും ടേക്കൊക്കെ പോകുന്ന അവസ്ഥയാണ്,’ ഇത് കേട്ടതും എനിക്ക് ചിരിയടക്കാനായില്ല. ഞാന്‍ മാത്രമല്ല, സെറ്റിലുണ്ടായിരുന്ന എല്ലാവരും കൂട്ടച്ചിരിയായിരുന്നു,’ രേഖ പറഞ്ഞു.

Content Highlight: Rekha shares the experience with Sreenivasan