| Monday, 12th January 2015, 4:18 pm

ചിത്രലേഖ തോറ്റിട്ടില്ല, തോല്‍ക്കാതിരിക്കേണ്ടത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആവശ്യം: രേഖരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദളിത് സ്ത്രീ സമരങ്ങളെ ഇരയുടെ രൂപത്തില്‍ നോക്കിക്കാണുന്ന പതിവ് രീതിയില്‍ നിന്നും വിഭിന്നമായി സ്വയം കര്‍തൃത്വമുള്ള ഒരു സ്വത്വമായി തന്നെ നോക്കിക്കാണാനാണ് ചിത്രലേഖയുടെ സമരം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ചിത്ര തോല്‍ക്കാതിരിക്കുകയെന്നത് കേരള സമൂഹത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമാണെന്നാണു ഞാന്‍ വിശ്വസിക്കുന്നത്..



| ഒപ്പീനിയന്‍ | രേഖരാജ് |


ദളിത് സ്ത്രീ സമരങ്ങളെ ഇരയുടെ രൂപത്തില്‍ നോക്കിക്കാണുന്ന പതിവ് രീതിയില്‍ നിന്നും വിഭിന്നമായി സ്വയം കര്‍തൃത്വമുള്ള ഒരു സ്വത്വമായി തന്നെ നോക്കിക്കാണാനാണ് ചിത്രലേഖയുടെ സമരം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ചിത്ര തോല്‍ക്കാതിരിക്കുകയെന്നത് കേരള സമൂഹത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമാണെന്നാണു ഞാന്‍ വിശ്വസിക്കുന്നത്..

ഏകദേശം പത്തോളം വര്‍ഷമായിട്ടുണ്ടാവും ചിത്രലേഖ തന്റെ സമരം ആരംഭിച്ചിട്ട്. ചിത്രയുടെ സമരത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇതുപോലെ ദീര്‍ഘ കാലമായി ഒരേ തീഷ്ണതയോടെ ശക്തമായി തുടരുന്ന, ഇത്രയധികം മുന്നോട്ട് പോയ മറ്റൊരു സമരമില്ല എന്ന് തന്നെ പറയാം. ഇത്രധികം പിന്തുണ ലഭിച്ച, ദേശിയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട സമരങ്ങള്‍ കേരളത്തില്‍ വിരളമാണ്.

ചിത്ര നേരിടുന്ന അതിക്രമത്തെയും അവളുടെ സമരത്തെയും പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്നത് സി.പി.ഐ.എം ഗുണ്ടായിസത്തിന്റെ മാത്രം വിഷയമെന്ന മട്ടിലാണ്. ചില ചര്‍ച്ചകള്‍ ചിത്രയെ “നിസ്സഹായയായ ഇര” എന്ന നിലയില്‍ മാത്രം അവതരിപ്പിക്കുന്നതും കാണാം. ഇത് രണ്ടും പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്. കേവല സി.പി.ഐ.എം ഗുണ്ടായിസത്തിനു പുറത്തു പ്രാദേശികമായി നില നില്‍ക്കുന്ന ജാതി ബലതന്ത്രമാണ് അതിനു പിന്നില്‍ എന്ന് എനിക്ക് തോന്നുന്നു. ഈ പ്രശ്‌നം തിയ്യന്മാരും ദലിതരും തമ്മിലുള്ള ജാതസംഘര്‍ഷകത്തിന്റേത് കൂടിയാണ്.

പയ്യന്നൂരിലെ ചിത്രയെ എതിര്‍ക്കുന്ന സഖാക്കള്‍ തിയ്യന്മാരോ ഉയര്‍ന്ന ജാതിക്കാരോ ആണ്. സി.പി.ഐ.എം ഗുണ്ടായിസമെന്ന നിലയില്‍ ഈ പ്രശ്‌നത്തെ ചുരുക്കി കാണുമ്പോള്‍ അതിനകത്തുള്ള ജാതിയുടെ ഈ സമവാക്യം വേണ്ടത്ര അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല; പ്രത്യേകിച്ച തിയ്യന്മാരുമായിട്ടുള്ള ജാതിസംഘര്‍ഷിത്തിന്റെ ബലതന്ത്രം.

മറ്റൊന്ന് ചിത്ര ഒരു ഇര എന്ന നിലയിലുള്ള  നിര്‍മ്മിതിയാണ്. ചിത്ര പരിപൂര്‍ണ്ണ തിരഞ്ഞെടുപ്പുള്ള, പ്രതികരണ ശേഷിയുള്ള സമരോല്‍സുകതയുള്ള ഒരാളാണ്. അത് കൊണ്ടാണ് അവള്‍ക്കു തന്റെ സമരത്തെ ഈ രീതിയില്‍ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിഞ്ഞത്. ഇരയെന്ന നിലയില്‍ നിന്ന് രാഷ്ട്രീയ കര്‍ത്താവ് എന്ന നിലയില്‍ വികസിച്ച ആളാണ് ചിത്രലേഖ. ഇരയായി തന്റെ ജീവിതം അവസാനിപ്പിക്കില്ല എന്ന കാര്‍ക്കശ്യം ഒരു ദശകമായി പുലര്‍ത്തുന്നവള്‍. ചിത്രയുടെ ഈ നിലപാടാണ് അവളുടെ സമരത്തിന്റെ ഒപ്പം നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.


സമരം ചെയ്ത സ്ത്രീയെന്ന നിലയില്‍ ഒരു സമരത്തെയും സമരം ഉയര്‍ത്തുന്ന രാഷ്ട്രീയത്തേയും ഫലപ്രദമായി സ്ഥാപിക്കാനായ ഒരു വ്യക്തിത്വമാണ് ചിത്രലേഖ. തന്റെ പ്രശ്‌നത്തെ സൈദ്ധാന്തിക വല്‍ക്കരിക്കാനും ആവശ്യമായ നെറ്റുവര്‍ക്കുകള്‍ നടത്തി ആ സമരത്തിനു പിന്തുണ നേടുവാനും, തനിക്കെതിരെയുണ്ടാവുന്ന പലതരം അതിക്രമങ്ങളെ, നിയമപരമായി നേരിടേണ്ടതിനെ നിയമപരമായി നേരിടാനും സാമൂഹ്യസംഘാടനത്തോടെ നേരിടേണ്ടതിനെ അങ്ങനെ നേരിടാനും ഒരു ദളിത് രാഷ്ട്രീയ പരിസരത്തുവെച്ച് തന്റെ അനുഭവത്തെ മനസിലാക്കാനും ചിത്രലേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അതിനുവേണ്ട നെറ്റുവര്‍ക്കുകള്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ തന്നെ ചെയ്യാനുമൊക്കെ കഴിവുള്ള, വളരെ സര്‍ഗശേഷിയും രാഷ്ട്രീയ ബോധവും സമരവീര്യവുമുള്ള സ്ത്രീയാണവര്‍. ചിത്രലേഖ അങ്ങിനെ ഓരോ നിമിഷവും ഒരു ഇരയുടെ നിലയില്‍ നിന്ന് കുതറിക്കൊണ്ടിരിക്കുന്നു. അവകാശിയുടെ ഭാഷയില്‍ ആണ് ചിത്ര ഇപ്പോഴും സംസാരിക്കുന്നത് .

ദളിത് സ്ത്രീ സമരങ്ങളെ ഇരയുടെ രൂപത്തില്‍ നോക്കിക്കാണുന്ന പതിവ് രീതിയില്‍ നിന്നും വിഭിന്നമായി സ്വയം കര്‍തൃത്വമുള്ള ഒരു സ്വത്വമായി തന്നെ നോക്കിക്കാണാനാണ് ചിത്രലേഖയുടെ സമരം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ചിത്ര തോല്‍ക്കാതിരിക്കുകയെന്നത് കേരള സമൂഹത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമാണെന്നാണു ഞാന്‍ വിശ്വസിക്കുന്നത്.


ചിത്രലേഖ ഈ സമരത്തില്‍ നിന്നും പുറകോട്ടു പോയി എന്നു ഞാന്‍ വിചാരിക്കുന്നില്ല. ഒരാള്‍ ജീവിതകാലം മുഴുവന്‍ സമരം ചെയ്തു ജീവിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടുന്നത്/ആഗ്രഹിക്കുന്നത് വിപ്ലവ കാല്പനികതയുടെ പുറത്താണ്. ചിത്രലേഖയെപ്പോലൊരാള്‍ക്ക് സൈ്വര്യമായും അന്തസ്സായും സമാധാനമായും ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ട് സമരത്തിന്റെ ഏതു ഘട്ടത്തിലും തന്റെ തീരുമാനം മാറ്റുവാനും പിന്തിരിയാനുമൊക്കെയുള്ള അവകാശം ചിത്രയ്ക്ക് ഉണ്ട് എന്ന് ഞാന്‍ കരുതുന്നു.


ചിത്രലേഖ ഉയര്‍ത്തിയിട്ടുള്ള രാഷ്ട്രീയത്തിനു സവിശേഷ സാധ്യതയുണ്ട്. കേരളത്തിലെ ദളിത് സ്ത്രീകളുടെ രാഷ്ട്രീയത്തെ തന്നെ വിശാലമാക്കുന്ന രാഷ്ട്രീയ സാധ്യത ഉയര്‍ത്തിയിട്ടുള്ള ഒരു സമരമാണിത്. അതുകൊണ്ട് അതു പരാജയപ്പെടാതിരിക്കുകയെന്നുള്ളത് കേരളത്തിലെ ഏതൊരു ജനാധിപത്യ രാഷ്ട്രീയത്തിന്റെയും അതിനേക്കാളൊക്കെ ഉപരിയായി ദളിത്‌സ്ത്രീ രാഷ്ട്രീയത്തിന്റെയും ആവശ്യമാണ് എന്ന് എനിക്ക് തോന്നുന്നു.

ചിത്രലേഖയുടെ ഏറ്റവും പുതിയ സമരത്തിന് അവിടെ പോകാനോ, സജീവമായി അതിനെ രാഷ്ട്രീയമായി ഏറ്റെടുക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് ഞാന്‍ എന്നത് കുറ്റബോധം ഉണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതിനോടു പ്രതികരിക്കാനായുള്ള എന്റെ അവകാശത്തെയും ഞാന്‍ ഒട്ടൊന്നു സംശയിക്കുന്നു. അവരുടെ സമരത്തെ അതിന്റെ രാഷ്ട്രീയത്തെ ഏറ്റെടുക്കാനുള്ള ചങ്കൂറ്റം നമ്മളില്‍ പലര്‍ക്കും ഉണ്ടായില്ല.

ഇനി നമ്മള്‍ പിന്തുണച്ചു എങ്കില്‍ എവിടെയൊക്കെയോ വെച്ച്  നമ്മുടെ ശേഷിക്കുറവുകൊണ്ടോ വിഭവശേഷിയില്ലായ്മ കൊണ്ടോ ഒക്കെ നമ്മുടെ പിന്തുണകള്‍ക്ക് വേണ്ടത്ര ഫലം ഉണ്ടായില്ല എന്ന് കൂടി അതിനു അര്‍ത്ഥം ഉണ്ട്.

ചിത്രലേഖ ഈ സമരത്തില്‍ നിന്നും പുറകോട്ടു പോയി എന്നു ഞാന്‍ വിചാരിക്കുന്നില്ല. ഒരാള്‍ ജീവിതകാലം മുഴുവന്‍ സമരം ചെയ്തു ജീവിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടുന്നത്/ആഗ്രഹിക്കുന്നത് വിപ്ലവ കാല്പനികതയുടെ പുറത്താണ്. ചിത്രലേഖയെപ്പോലൊരാള്‍ക്ക് സൈ്വര്യമായും അന്തസ്സായും സമാധാനമായും ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ട് സമരത്തിന്റെ ഏതു ഘട്ടത്തിലും തന്റെ തീരുമാനം മാറ്റുവാനും പിന്തിരിയാനുമൊക്കെയുള്ള അവകാശം ചിത്രയ്ക്ക് ഉണ്ട് എന്ന് ഞാന്‍ കരുതുന്നു.

ചിത്രലേഖ തന്റെ തീരുമാനങ്ങളെ കുറച്ചുകൂടി വ്യത്യസ്തമായ തലത്തില്‍ കാണുകയും മനസിലാക്കാന്‍ ശ്രമിക്കുകയുമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സമരത്തിന്റെ ലക്ഷ്യങ്ങളും തന്ത്രങ്ങളും സമരം ചെയ്യുന്നവര്‍ ആണ് തീരുമാനിക്കുന്നത്. ചിത്രലേഖ തന്നെ എപ്പോഴും പ്രതീകമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അവര്‍ സ്വതന്ത്രമായെടുത്ത തീരുമാനമാണെങ്കില്‍, സ്ഥലം മാറി വേറൊരു സ്ഥലത്തു ജീവിക്കാന്‍ തീരുമാനിച്ചാല്‍ ആ തീരുമാനത്തെ പരിപൂര്‍ണമായും പിന്തുണയ്ക്കുന്നു.

അഥവാ ചിത്രലേഖയുടെ തീരുമാനം ഒരു പിന്തിരിയാല്‍ ആണെങ്കില്‍ അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കേരളത്തിന്റെ ദളിത്‌സ്ത്രീ രാഷ്ട്രീയമാണ്. ഈ തീരുമാനം എടുക്കപ്പെടുന്നത് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആത്മാഭിമാന സമരത്തിനു ശേഷമാണ്. തന്റെ അനുഭവത്തിനെ സാധ്യമാക്കുന്ന കേരളത്തിന്റെ, വിശിഷ്യ കണ്ണൂരി ന്റെ ജാതിലിംഗ മേല്‍കോയ്മയുള്ള പൊതുബോധത്തെയാണ് അവള്‍ തുറന്നു കാണിക്കുന്നത്. അതിനെ ദളിത്‌സ്ത്രീകള്‍ വക വെച്ചുതരില്ല എന്നുമാണ് അവള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രയുടെ സമരം എപ്പോഴേ വിജയിച്ചു കഴിഞ്ഞു !

We use cookies to give you the best possible experience. Learn more