കോഴിക്കോട്: ശബരിമലയില്‍ യുവതീപ്രവേശനം രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും ചരിത്രപ്രധാനമായ നിമിഷമെന്ന് എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ
ഡോ. രേഖാരാജ്. ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകകയായിരുന്നു രേഖാരാജ്.
രേഖാരാജിന്റെ പ്രതികരണം
ഭരണഘടനാ മൂല്യങ്ങള്‍ ഉറപ്പുവരുത്തുകയും ലിംഗനീതിയ്ക്ക് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ സമരജീവിതത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജമായിരിക്കും യുവതീപ്രവേശനം. സ്ത്രീകളെ ഹിന്ദുക്കളാക്കാനോ മതജീവികളാക്കി മാറ്റാനോ അല്ല ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന തുല്ല്യ അവകാശം പൗരന്മാരെന്ന നിലയില്‍ സ്ത്രീകള്‍ക്ക് ഉണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഈ പ്രവേശനം.
കഴിഞ്ഞ മൂന്നു മാസമായി ശബരിമല ആചാരസംരക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ വലതുപക്ഷ ഹൈന്ദവ ഗുണ്ടകളും ക്രിമിനലുകളും സന്നിധാനവും പരിസര പ്രദേശങ്ങളും കൈയടക്കുയും ശബരിമലയില്‍ പോവുമെന്ന് പറയുന്ന മുഴുവന്‍ സ്ത്രീകളുടെയും ജീവിതത്തിലേക്ക് അക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത സാഹചര്യത്തില്‍ ഈ യുവതീപ്രവേശനം വലിയ മറുപടിയാണ് നല്‍കുന്നത്.
ഇനിയും തുടര്‍ന്നും ഈ സ്ത്രീകളുടെ ജീവിതത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. പക്ഷെ ജനാധിപത്യ കേരളവും കേരളത്തിലെ സ്ത്രീകളും അവര്‍ക്കൊപ്പമുണ്ടാകും. അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും പിന്തുണയും കൊടുക്കാന്‍ ഞങ്ങള്‍ സദാ ജാഗരൂകരായിരിക്കും.
ശബരിമല സമരത്തിലെ ഒരു ചരിത്ര സംഭവമായിരിക്കുമ്പോള്‍ തന്നെ പൂജയടക്കം ബ്രാഹ്മണര്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്ന ജോലികള്‍ ബ്രാഹ്മണര്‍ക്ക് മാത്രം കൊടുക്കയുള്ളൂവെന്ന് ദേവസ്വംബോര്‍ഡിന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും തന്ത്രികള്‍ ശബരിമലയില്‍ നിന്ന് പടിയിറങ്ങണമെന്നും നാനാജാതിക്കാര്‍ക്കും അവര്‍ക്ക് വിശ്വാസവും യോഗ്യതയുമുണ്ടെങ്കില്‍ ശബരിമലയിലെ തന്ത്രിയായി മാറാനുള്ള അവസരമുണ്ടാവണമെന്നും ആവശ്യപ്പെടുകയാണ്.
ആദിവാസികളുടെതാണ് ശബരിമലയെന്നത് ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അത് ആദിവാസികള്‍ക്ക് തിരിച്ചുകിട്ടാനുള്ള സമരങ്ങളുമായി ഞങ്ങള്‍ മുന്നോട്ടു പോകും.