ആര്‍ക്കും ഇന്റര്‍വ്യു കൊടുക്കാത്ത സെലിബ്രിറ്റി അദ്ദേഹമാണ്; ഇന്റര്‍വ്യു എടുക്കാന്‍ പേടിയുള്ളത് മമ്മൂക്കയെ: രേഖ മേനോന്‍
Film News
ആര്‍ക്കും ഇന്റര്‍വ്യു കൊടുക്കാത്ത സെലിബ്രിറ്റി അദ്ദേഹമാണ്; ഇന്റര്‍വ്യു എടുക്കാന്‍ പേടിയുള്ളത് മമ്മൂക്കയെ: രേഖ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th May 2023, 5:08 pm

മലയാളത്തില്‍ അറിയപ്പെടുന്ന ഇന്റര്‍വ്യുവര്‍മാരില്‍ ഒരാളാണ് രേഖ മേനോന്‍. സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ ഉള്ള പല പ്രമുഖരേയും രേഖ ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. തനിക്ക് ഇപ്പോഴും ഇന്റര്‍വ്യൂ ചെയ്യാന്‍ പേടിയുള്ള സെലിബ്രിറ്റി ആരാണെന്ന് പറയുകയാണ് രേഖ മേനോന്‍.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോഴും ഇന്റര്‍വ്യൂ എടുക്കാന്‍ പേടിയുള്ള സെലിബ്രിറ്റിയാരാണെന്ന ചോദ്യത്തിന് മമ്മൂട്ടി എന്നാണ് രേഖ ഉത്തരം പറഞ്ഞത്. ‘കസേരയില്‍ ഇരിക്കുമ്പോള്‍ കുറച്ച് മുന്നോട്ട് കേറി ഇരുന്നാണ് ഇന്റര്‍വ്യൂ എടുക്കുന്നത്. അഭിമുഖം എടുക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ദുല്‍ഖറിനെ രണ്ടുമൂന്ന് പ്രാവശ്യം ചെയ്തിട്ടുണ്ട്. പക്ഷേ മമ്മൂക്കയെ ആദ്യമായിട്ടാണ് കാണുന്നത്.

ഇതുവരെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാത്ത ഒരാളുണ്ട്. അങ്ങേര്‍ ഇതുവരെ ആര്‍ക്കും കൊടുത്തിട്ടില്ല, ജോഷി സാര്‍.

ഫഹദും അങ്ങനെ അധികമാര്‍ക്കും കൊടുക്കാറില്ല. ഫഹദിനെ പണ്ട് എപ്പോഴോ ചെയ്തിട്ടുണ്ട്. ചാപ്പാ കുരിശ് സമയത്ത് എപ്പോഴോ ആണെന്ന് തോന്നുന്നു. വിക്രത്തേയും ജോണ്‍ എബ്രഹാമിനേയും ചെയ്തിട്ടുണ്ട്,’ രേഖ പറഞ്ഞു.

മമ്മൂട്ടിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ പറ്റിയും രേഖ സംസാരിച്ചു. ‘രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന സിനിമയില്‍ ഖുശ്ബു ചെയ്ത റോളില്‍ വിളിച്ചിരുന്നു. മമ്മൂക്ക വേറെയും ഞാന്‍ വേറേയുമായിരുന്നു. എന്റേത് വേറെ കൂട്ടിച്ചേര്‍ത്ത റോളാണ്. അന്നെനിക്ക് കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തിറങ്ങാന്‍ പേടിയായിരുന്നു.

കയ്യൊപ്പ് എനിക്ക് മിസ് ആയതാണ്. രഞ്ജിത് ഐ ആം സോറി. അന്ന് രഞ്ജിത്തിന്റെ കയ്യില്‍ നിന്നെനിക്ക് ചീത്തയും കിട്ടി.

അഹങ്കാരമായിരുന്നില്ല, പേടിച്ചിട്ടാണ്. എന്റെ അച്ഛനും അമ്മക്കും ടി.വി ഓക്കെയാണ്, പക്ഷേ സിനിമ ചെയ്താല്‍ ശരിയാകില്ലെന്ന പേടിയാണ്. ഇനിയിപ്പോള്‍ എന്റെ മകന്‍ സംവിധാനം ചെയ്യട്ടെ. അപ്പോള്‍ നോക്കാം. പക്ഷേ അവന്‍ എനിക്ക് റോള്‍ തരില്ല,’ രേഖ പറഞ്ഞു.

Content Highlight: Rekha Menon tells who is the celebrity that she is afraid to interview