| Tuesday, 25th April 2023, 6:21 pm

മമ്മൂക്കയുടെ സിനിമയില്‍ ഖുശ്ബുവിന്റെ റോളില്‍ വിളിച്ചു; അന്ന് രഞ്ജിത്ത് എന്നെ ചീത്ത പറഞ്ഞു: രേഖ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ പല സിനിമയിലേക്കും അഭിനയിക്കാന്‍ വിളിച്ചിരുന്നുവെന്ന് പറയുകയാണ് വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് നില്‍ക്കുന്ന രേഖ മേനോന്‍. എന്നാല്‍ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തിറങ്ങാന്‍ പേടിയായത് കൊണ്ടാണ് മമ്മൂട്ടിയുടെ കയ്യൊപ്പില്‍ പോലും അവസരം ലഭിച്ചിട്ട് പോകാതിരുന്നതെന്ന് അവര്‍ പറഞ്ഞു.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നിഷേധിച്ച സിനിമകളെ കുറിച്ച് രേഖ പറഞ്ഞത്.

‘രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന സിനിമയില്‍ ഖുശ്ബു ചെയ്ത റോളില്‍ വിളിച്ചിരുന്നു. മമ്മൂക്ക വേറെയും ഞാന്‍ വേറെയായിരുന്നു. എന്റേത് വേറെ കൂട്ടിച്ചേര്‍ത്ത റോളാണ്. അന്നെനിക്ക് കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തിറങ്ങാന്‍ പേടിയായിരുന്നു.

കയ്യൊപ്പ് എനിക്ക് മിസ് ആയതാണ്. രഞ്ജിത് ഐ ആം സോറി. അന്ന് രഞ്ജിത്തിന്റെ കയ്യില്‍ നിന്നെനിക്ക് ചീത്തയും കിട്ടി.

അഹങ്കാരമായിരുന്നില്ല, പേടിച്ചിട്ടാണ്. എന്റെ അച്ഛനും അമ്മക്കും ടി.വി ഓക്കെയാണ്, പക്ഷേ സിനിമ ചെയ്താല്‍ ശരിയാകില്ലെന്ന പേടിയാണ്. ഇനിയിപ്പോള്‍ എന്റെ മകന്‍ സംവിധാനം ചെയ്യട്ടെ. അപ്പോള്‍ നോക്കാം. പക്ഷേ അവന്‍ എനിക്ക് റോള്‍ തരില്ല,’ അവര്‍ പറഞ്ഞു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ സിനിമയിലേക്ക് ടൊവിനോയുടെ അമ്മയായി അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ ടൊവിനോയുടെ നായികയാക്കിയാല്‍ വരാമെന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

Content highlight: rekha menon about mammootty movie

Latest Stories

We use cookies to give you the best possible experience. Learn more