|

ഇങ്ങനെയൊക്കെ ഒരാള്‍ക്ക് സ്നേഹത്തോടെയും വിനയത്തോടെയും പെരുമാറാനാകുമോയെന്ന് തോന്നും: രേഖ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രേഖ. ഭാരതിരാജ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ കടലോര കവിതകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേഖ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

1989ല്‍ സിദ്ദീഖ് – ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു നടിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ നായികയായി നിരവധി മലയാള സിനിമകളില്‍ രേഖ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തെ കുറിച്ച് പറയുകയാണ് നടി. അദ്ദേഹത്തെ കാണുമ്പോഴൊക്കെ താന്‍ പാട്ടുപാടാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു എന്നാണ് രേഖ പറയുന്നത്. മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഇങ്ങനെയൊക്കെ ഒരു മനുഷ്യന് സ്നേഹത്തോടെയും വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ കഴിയുമോയെന്ന് തോന്നിപ്പോകാറുണ്ടെന്നും അങ്ങനെയൊരു ഡിസിപ്ലിനും ഡെഡിക്കേഷനും അദ്ദേഹത്തിനുണ്ടായിരുന്നെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

‘പല ഇന്റര്‍വ്യൂകളിലും എസ്.പി. ബാലസുബ്രഹ്‌മണ്യത്തെക്കുറിച്ച് ഞാന്‍ പറയാറുണ്ട്. അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞാന്‍ പാട്ടുപാടാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. ഗുണ, ശിഖരം, പാലവന രാഗങ്ങള്‍ എന്നിങ്ങനെ മൂന്ന് സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്.

എക്സലന്റ് പേര്‍സനാണ് അദ്ദേഹം. ഇങ്ങനെയൊക്കെ ഒരു മനുഷ്യന് സ്നേഹത്തോടെയും വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ കഴിയുമോ എന്ന് തോന്നിപ്പോകാറുണ്ട്. അങ്ങനെയൊരു ഡിസിപ്ലിനും ഡെഡിക്കേഷനും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരിക്കല്‍ കൂടി ബാലു സാര്‍ ജനിക്കില്ലേ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അദ്ദേഹം പാടിയ ‘എന്ന സത്തം ഇന്ത നേരം’ എന്ന പാട്ട് കാരണമാണ് ഞാന്‍ ഇത്രയും കാലമായി ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓരോ പാട്ടും കേള്‍ക്കുമ്പോഴും ആ ചിരിച്ച മുഖം കണ്‍മുന്നില്‍ വന്നു നില്‍ക്കും.

ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ കലങ്ങും. സിനിമയില്‍ പണവും പ്രശസ്തിയും മാത്രമല്ല നല്ല മനുഷ്യരേയും നമുക്ക് കിട്ടും. നമ്മുടെ മനസില്‍ സ്ഥലമുണ്ടായിരിക്കണമെന്ന് മാത്രം. അവരെ അവിടെ കുടിയിരുത്താന്‍,’ രേഖ പറയുന്നു.

Content Highlight: Rekha Harris Talks About SP Balasubramanyam