ന്യൂദല്‍ഹി: ദല്‍ഹിയില്‍ രേഖ ഗുപ്ത മുഖ്യമന്ത്രിയാകും. 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടത്.
29,595 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഷാലിമാര്‍ ബാഗില്‍ നിന്നാണ് രേഖ വിജയം കണ്ടത്. മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റാണ് രേഖ ഗുപ്ത.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തി ന്യൂദല്‍ഹി മണ്ഡലം പിടിച്ചെടുത്ത പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയുമാകും. രോഹിണി എം.എല്‍.എ വിജേന്ദര്‍ ഗുപ്തയെ ദല്‍ഹി നിയമസഭയുടെ സ്പീക്കറായും ബി.ജെ.പി പ്രഖ്യാപിച്ചു. 4089 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പര്‍വേഷ് സിങ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയത്. 37000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജേന്ദര്‍ സിങ് ഗുപ്ത രോഹിണിയില്‍ വിജയിച്ചത്.
ഫെബ്രുവരി 20ന് രാംലീല മൈതാനത്ത് വെച്ച് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും. കാബിനറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇതിനോടപ്പം നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബി.ജെ.പി ദല്‍ഹിയില്‍ ഭരണം പിടിക്കുന്നത്. 70ല്‍ 48 സീറ്റുകളും നേടിയാണ് ബി.ജെ.പി ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്. ഭരണകക്ഷിയായിരുന്ന ആം ആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് മൂന്നാം തവണയും ദല്‍ഹിയില്‍ സീറ്റുകള്‍ ഒന്നും തന്നെ നേടാന്‍ കഴിഞ്ഞതുമില്ല.
ആം ആദ്മിയുടെ രണ്ടാംമുഖമെന്ന് വിശേഷിപ്പിക്കുന്ന മനീഷ് സിസോദിയയുടെ തോല്‍വി തെരഞ്ഞെടുപ്പില്‍ എ.എ.പി മറ്റൊരു തിരിച്ചടിയായിരുന്നു. ജങ്പുരയില്‍ 675 വോട്ടുകള്‍ക്കാണ് സിസോദിയ തോല്‍വി നേരിട്ടത്.
38859 വോട്ടുകളുമായി ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മര്‍വ ജങ്പുര പിടിച്ചെടുക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി അതിഷി മാര്‍ലേനയുടെ വിജയം മാത്രമാണ് ആം ആദ്മിക്ക് ആശ്വാസമേകിയത്. 3521 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയുടെ രമേശ് ബിധുരിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അതിഷി ആശ്വാസ വിജയം നേടിയത്.
Content Highlight: Rekha Gupta as Chief Minister of Delhi