| Tuesday, 6th March 2018, 10:31 am

മിസ്റ്റര്‍ പ്രണവ് മോഹന്‍ലാല്‍, അധികാരവും പ്രിവിലേജും ഉപയോഗിച്ച് നിങ്ങള്‍ നടത്തുന്ന യാത്രകള്‍ മഹത്വവത്കരിക്കപ്പെടുന്നത് പരമബോറാണ്

റെജി ദേവ്

ഒരിക്കലും എഴുതില്ല എന്നുറപ്പിച്ചത് യാത്രകളെയും അനുഭവങ്ങളെയും കുറിച്ചാണ്. ഒരു കൂട്ടത്തില്‍ ഉള്‍പ്പെട്ടു നടത്തുന്നതായാല്‍ പോലും ഉള്‍കൊള്ളുന്ന സ്വകാര്യ അനുഭവങ്ങളും ചിന്തകളും എന്റേത് മാത്രമായിരിക്കണം എന്ന ചിന്ത എപ്പോഴോ മനസ്സില്‍ കുടിയിരുത്തിയത് കൊണ്ടാവണം. എത്ര തന്നെ ലളിതവത്കരിച്ചാലും യാത്രകളില്‍ അദൃശ്യ സാന്നിധ്യമായി നിലനില്‍ക്കുന്ന പ്രിവിലേജുകളുടെ യാഥാര്‍ഥ്യം അറിയുന്നത് കൊണ്ടുമാകാം .

ബാങ്കുദ്യോഗസ്ഥനായിരുന്ന അച്ഛന് ലഭിച്ചിരുന്ന യാത്രാനുകൂല്യത്തിലൂടെയാണ് കുഞ്ഞിലെയുള്ള യാത്രകള്‍ സാധ്യമായത്. സ്വന്തം നാട്ടില്‍ നിന്ന് മാറി ജോലി ചെയ്യുന്ന അച്ഛന്റെ അടുത്തേക്ക് നടത്തിയ അവധിക്കാല യാത്രകളും സ്വാധീനിച്ചു. വ്യത്യസ്ത ഭാഷാശൈലിയും കൂട്ടുകാരും പ്രണയവും ഇണക്കവും മൊക്കെ എവിടെയും സാദ്ധ്യമാണെന്നും, ഒരേ ഭക്ഷണത്തിനും വസ്തുക്കള്‍ക്കും രണ്ടു പേരുകള്‍ നല്‍കി പരസ്പരം അതിന്റെ പേരില്‍ അധിക്ഷേപിക്കുന്ന യാഥാര്‍ഥ്യത്തെ കണ്ടറിഞ്ഞതും ആ പ്രായത്തിലാണ്..

പാലക്കാട് നിന്ന് അവധി കഴിഞ്ഞു സ്വന്തം വീട്ടില്‍ അമ്മയുടെയും, വീട്ടിലെ സ്‌നേഹം നിറഞ്ഞ ഭക്ഷണത്തിലേക്കും കരുതലിലേക്കും മടങ്ങി വന്നിട്ടും രണ്ടു ദിവസം മനസ്സില്‍ തിങ്ങി നിന്ന വിങ്ങല്‍ എന്നത്തേക്കുമുള്ള യാത്രകള്‍ക്കായി ഒരടിസ്ഥാനമായി മാറുകയായിരുന്നു. ആ അവസ്ഥ മനസിലാക്കാതെ നീ എന്നാല്‍ പാലക്കാടു നിന്നോ എന്ന് പറഞ്ഞു പിണങ്ങിയ “അമ്മ – സ്‌നേഹവും ,വ്യക്തിബന്ധങ്ങളും,സമൂഹവും എല്ലാം രണ്ടു തട്ടിലായ നിമിഷം. ഇന്നും വളരെ വ്യക്തമായി ഓര്‍മയില്‍ നില്‍ക്കുന്ന നിമിഷങ്ങള്‍,അനുഭവങ്ങള്‍.

ഇതെഴുതുന്നതുവരെ യാത്രകള്‍ അവസാനിച്ചിട്ടില്ല .ജീവിതത്തിന്റെ ഒരു ഭാഗമായി, എന്നെ സ്വയം നശിപ്പിച്ചു കൊണ്ടും വളര്‍ത്തികൊണ്ടും കൂടെത്തന്നെയുണ്ട്. യൗവ്വനത്തിലേക്കു കടന്നത് മുതല്‍ പ്രിവിലേജുകളും സമ്പത്തുമുള്ള ഏതൊരു അഹങ്കാരി പയ്യനും കരുതുന്നത് പോലെ ബൈക്ക് യാത്രകളോടും, ഹിമാലയം നമ്മെ വിളിക്കുന്നു തുടങ്ങിയ യാത്രകളോടുമായിരുന്നു പ്രണയവും, അഭിനിവേശവും. മറ്റുള്ളവര്‍ക്ക് നേടാന്‍ കഴിയാത്ത ഒന്ന് ഉള്ളില്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെ “വ്യത്യസ്തമായി ” ചിന്തിക്കുന്നതെന്നും മറ്റുമുള്ള കാപട്യം.

ഡിഗ്രി കഴിഞ്ഞതിനു ശേഷം മൂന്നു മാസത്തോളമെടുത്തു നടത്തിയ ഷോ ഓഫ് ബൈക്ക് യാത്രയില്‍ പരിചയപ്പെട്ട വ്യക്തികളായിരുന്നു മാറിചിന്തിക്കാനുള്ള ആദ്യ പ്രചോദനം. പക്ഷെ തിരികെ വീട്ടിലെത്തിയപ്പോള്‍ കൂടെ വികസിച്ച , എന്തോ മഹദ് കാര്യം തനിയെ നേടി എന്നുള്ള അഹങ്കാരം കുറച്ചു നാളത്തേക്കെങ്കിലും അത് മൂടിവെച്ചു.

ജീവിതം സംഭവിച്ചു കൊണ്ടേയിരുന്നു. ഇരുപതുകളുടെ പകുതിയോടുകൂടെ എന്നും നിഴലായി കൂടെയുണ്ടായിരുന്ന രാഷ്ട്രീയം വികസിക്കാന്‍ തുടങ്ങി. എത്ര പ്രിവിലേജുകളുണ്ടായാലും ദളിത്,സ്ത്രീപക്ഷ കാഴ്ചപ്പാടുകളിലൂടെയുള്ള യാത്രകള്‍ ഹിമാലയ ആത്മീയ യാത്രകളേക്കാള്‍ ആന്തരിക വളര്‍ച്ചക്കും യാഥാര്‍ഥ്യബോധത്തിനും, ഒരു മൂന്നാം ലോക രാജ്യത്തില്‍ പ്രത്യേകിച്ചും സഹായകമാണെന്നുള്ള തിരിച്ചറിവുകളുമായി. കുട്ടിക്കാലം മുതല്‍ വീട്ടില്‍ നിന്ന് ലഭിച്ച ദളിത് രാഷ്ട്രീയ അന്തരീക്ഷവും സ്‌കൂളില്‍ ചേരുന്നത് വരെ ഒരു പെണ്‍കുട്ടിയെപോലെ ഡ്രസ്സ് അപ്പ് ചെയ്യിക്കാന്‍ “അമ്മ കാട്ടിയിരുന്ന ഉത്സാഹത്തിനു പിന്നിലെ ആഗ്രഹത്തെക്കുറിച്ചുള്ള ബോധവും പുതിയ തിരിച്ചറിവുകളായി.

പറഞ്ഞുവന്നത് ഈ ഇടയായി സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായ പ്രണവ് “മോഹന്‍ലാലിന്റെ” യാത്രകളെപ്പറ്റിയാണ്. മുന്‍പ് സൂചിപ്പിച്ചതു പോലെ പ്രണവിന്റെ ഇത്തരം യാത്രകളെ, അതുപോലുള്ള അനുഭവങ്ങളെ ആരാധനയോടെ അനുവര്‍ത്തിക്കാന്‍ ശ്രമിച്ച ഒരു കാലം എനിക്കുമുണ്ടായിരുന്നു. രജനികാന്ത് നടത്തുന്ന “ലളിതമായ” ആത്മീയ ഹിമാലയ യാത്രകള്‍, പ്രണവിനെപോലെയുള്ളവര്‍ നടത്തുന്ന “അന്വേഷി” യാത്രകള്‍ – ഇവയെല്ലാം പൊളിച്ചടുക്കാന്‍ സഹായിച്ചതും യാത്രകള്‍ തന്നെയാണ്.യാത്രകളില്‍ പരിചയപ്പെട്ട വ്യക്തികളില്‍ നിന്നും , പുതു അനുഭവങ്ങളില്‍ നിന്നും തന്നെയാണ്.

എത്ര തന്നെ ലളിതവത്കരിച്ച് തേര്‍ഡ് ക്ലാസ്സുകളില്‍ സഞ്ചരിച്ചാലും ആശ്രമങ്ങളിലും വഴിയോരങ്ങളിലും കിടന്നുറങ്ങിയാലും അബോധ മനസ്സില്‍ കോണ്‍ക്രീറ്റിട്ടുറപ്പിച്ച മോഹന്‍ലാല്‍ എന്ന ശതകോടീശ്വരന്റെ സാന്നിധ്യം. യാത്രയില്‍ ഒരിക്കലും തരണം ചെയ്യാന്‍ പറ്റാത്ത പ്രതിസന്ധികളുണ്ടായാല്‍ ഈ മൂന്നാംലോക രാജ്യത്തു ആ ഉള്‍ബോധം നല്‍കുന്ന ആത്മവിശ്വാസം നിങ്ങളുടെ കൂടെയുണ്ട് മിസ്റ്റര്‍ പ്രണവ്.

സ്വന്തം സിനിമയുടെ പ്രമോഷനായി താങ്കളുടെ ആത്മീയയാത്രകള്‍ ഉപയോഗിക്കപ്പെടുമ്പോള്‍, പ്രകൃതിയിലേക്ക് ഏകനായി ബാക്ക് പാക്കുമേന്തി നടന്നകലുന്ന നിങ്ങളുടെ ഫോട്ടോകള്‍ വ്യാപകമാകുമ്പോള്‍ നമ്മെയെല്ലാവരെയും കടത്തിവെട്ടുന്ന യാത്രകള്‍ സ്ഥിരമായി നടത്തുന്ന ഒരു ജനതയെ മറക്കുകയാണ് നാം.

പന്ത്രണ്ടാം വയസ്സില്‍ ദാരിദ്ര്യം കാരണം തൊഴിലന്വേഷിച്ചു ആയിരത്തോളം കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന ഒരു ജനത. തേര്‍ഡ് ക്ലാസ്സുകളിലെ യാത്രയും റെയില്‍വേ സ്റ്റേഷനിലെ നിദ്രയും തിരികെ വന്നനുഭവിക്കാന്‍ സമ്പത്തും സൗഭാഗ്യങ്ങളും അധികാരവും ഉണ്ടെന്നുള്ള ബോധ്യം ഒരുകാലത്തും ലഭിക്കാതെ അവയെല്ലാം മരണം വരെ ജീവിതത്തിന്റെ ശീലമാക്കിയവര്‍. നിങ്ങള്‍ അവരെ മനസ്സിലാക്കിയെന്ന എന്റെ ധാരണയെ നിങ്ങള്‍ തന്നെ തകര്‍ത്തു കളഞ്ഞു മിസ്റ്റര്‍ പ്രണവ്.

സിനിമയുടെയും മറ്റു സംരംഭങ്ങളുടെയും വിജയത്തിനായി യാത്രകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് ഇന്നൊരു സാധാരണ രീതി മാത്രമാണ് .തിരുവനന്തപുരത്തു താങ്കളുടെ പിതാവ് നടത്തിയ ” ഹിസ്റ്റോറിക്കല്‍ “ഫോട്ടോഗ്രാഫിക് സൈക്കിള്‍ യാത്രപോലെ. പക്ഷെ ഈ പ്രകൃതിയോടിണങ്ങലും ലാളിത്യവത്കരണവും സ്വയം അറിയാലുമൊക്കെ അതിനോട് ചേര്‍ത്ത് വായിക്കാന്‍ ആവശ്യപ്പെടുന്നത് പരമബോറാണ് മിസ്റ്റര്‍.

ചെന്നൈയില്‍ ലോക്കല്‍ ട്രെയിനില്‍ വെച്ച് കണ്ടുമുട്ടിയ ബിഹാറി ബലൂണ്‍ വില്‍പ്പനക്കാരന്‍ പയ്യന്‍ നല്‍കിയ ഒരു യാത്രാനുഭവമുണ്ട്. രണ്ടുവര്‍ഷമായി വീട്ടില്‍ നിന്ന് മാറി തുച്ഛമായ ശമ്പളത്തില്‍ അതിജീവനത്തിനായി പൊരുതുന്നവന്‍. —

“നിങ്ങള്‍ക്കൊക്കെ ഞങ്ങള്‍ പാവങ്ങളാണ്. പണത്തിനായും കുടുംബം രക്ഷപെടുന്നതിനായും നാടുവിട്ടവര്‍. ഇടയ്‌ക്കൊക്കെ ചിലര്‍ തേര്‍ഡ് ക്ലാസ്സില്‍ കയറി യാത്രചെയ്യും . സെല്‍ഫിയെടുക്കും, കൂടെ നിന്ന് സിഗരറ്റ് വലിക്കും, കള്ളു കുടിക്കും. ചിലര്‍ യാത്ര ചെയ്യുമ്പോള്‍ ചില സംഘടനകളുമായി ബന്ധപെട്ടു താമസസ്ഥലത്തൊക്കെ വരും. പക്ഷെ നിങ്ങള്‍ക്ക് മനസ്സിലാകാത്തതെന്താ എന്ന് ഞങ്ങളാലോചിക്കുന്ന ഒരു കാര്യമുണ്ട്. എത്ര ലളിതമായാലും നിങ്ങളുടെ മുഖത്തെ പ്രിവിലേജുകളുടെ തിളക്കം ഏതാള്‍ക്കൂട്ടത്തിനിടയിലും നിങ്ങള്‍ക്ക് സഹായകമാകുമെന്നുള്ള യാഥാര്‍ഥ്യം. അത് ഒരു ദിവസത്തെയാണെങ്കിലും ആറു മാസത്തെ കാശില്ലാ യാത്രയാണെങ്കിലും ചെലവ് കുറഞ്ഞ ഭക്ഷണ -യാത്രാ രീതികളും മറ്റും നിങ്ങള്‍ക്ക് താഴേക്കിടയിലേക്കുള്ളവരിലേക്കുള്ള പരിചയപ്പെടലും, സ്വയം അറിയലും ,മറ്റൊരു ആഗ്രഹ സാക്ഷാത്കാരവുമാണ്.

പക്ഷെ ഞങ്ങള്‍ക്ക് അത് ഞങ്ങളുടെ ജീവിതമാണ്. ആ ജീവിതം നിലനില്‍പ്പിനായി നടത്തുന്ന യാത്രകളുടേതുകൂടെയാണ്. അനുഭവങ്ങളും, തിരിച്ചറിവുകളും, പ്രണയവും, വെറുപ്പും, ഭയവും നല്‍കുന്ന യാത്രകള്‍. നിങ്ങള്‍ക്കൊരിക്കലും കടന്നു വരാന്‍ കഴിയാത്ത മറ്റൊരു ലോകം. ആ അനുഭവങ്ങള്‍ എഴുതാന്‍ ഞങ്ങള്‍ക്ക് കഴിയാത്തിടത്തോളം, കാശില്ലാതെ യാത്ര ചെയ്തു രാജ്യം കണ്ടറിയുന്ന നിങ്ങളോടു യഥാര്‍ത്ഥത്തില്‍ പണമുള്ളവനേ ഈ രാജ്യത്തു കാശില്ലാതെയുള്ള യാത്രകള്‍ക്കും സാധ്യതയുള്ളൂ എന്നും ഞങ്ങള്‍ സ്ഥാപിക്കാത്തിടത്തോളം തേര്‍ഡ് ക്ലാസ് യാത്രാ വിവരണങ്ങളും നിങ്ങളുടേത് തന്നെ ആയിരിക്കും.

ഇതെഴുതാന്‍ തോന്നിയത് തന്നെ ഇങ്ങനെയുള്ള നൂറുകണക്കിന് സംഭാഷണങ്ങള്‍ ഉള്ളിലുള്ളത് കൊണ്ടാണ് മിസ്റ്റര്‍ പ്രണവ്. മുന്‍പൊരു സിനിമയ്ക്കു ശേഷം (പേര് പറയാന്‍ തീരെ താല്പര്യമില്ല) ബൈക്ക് യാത്രകള്‍ തട്ടി നടക്കാന്‍ വയ്യാതായതു പോലെ താങ്കളുടെ ഈ മാര്‍ക്കറ്റിംഗില്‍ മയങ്ങി “സ്വയം അറിയാന്‍ ” തയ്യാറായി നില്‍ക്കുന്ന ഒരു തലമുറയുണ്ടിവിടെ.

ഹിമാലയമെന്നാല്‍ ലോകത്തെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമാണെന്നും ഓക്‌സിജന്‍ കുറഞ്ഞ ഉയരം കൂടിയ മലനിരകളില്‍ ടെന്റടിച്ചുള്ള താമസവും ഉദയാസ്തമയ ദര്‍ശനവും മാനസികമായ വളര്‍ച്ചയ്ക്ക് ഉദാത്തമാണെന്നും അതാണ് യാത്രയെന്നും കരുതുന്നവര്‍.
തീരെ ചെറുതായി കാണുകയല്ല. ബഷീറും,ബുദ്ധനും എന്തിനു മോദി വരെ യാത്രകള്‍ ചെയ്തവരാണ് .പക്ഷെ ഇങ്ങനെ യാത്രകള്‍ക്ക് ശേഷം തിരികെ തന്റേതായ ജീവിതത്തിലേക്ക് മടങ്ങിവന്നു എല്ലാ പ്രിവിലേജുകളെയും ആലിംഗനം ചെയ്തു പഴയപടി ജീവിക്കുകയും എന്നിട്ടു ഈ അതിവിനയം (അമിത ലാളിത്യം ) കാണിക്കുകയും ചെയ്യുന്നതില്‍ ഒരു പൊള്ളത്തരമുണ്ട്.

ഈ രീതികള്‍ ഭംഗിയായി അനുവര്‍ത്തിക്കുകയും എന്നിട്ടു നമ്മുടെ വളരുന്ന നഗരങ്ങളില്‍ റൈഡിങ്, സ്പിരിച്ച്വല്‍, കണ്ടംപററി ആര്‍ട്ട് കഫേകള്‍ വഴി യാത്രകളെ വിറ്റഴിക്കുന്നവരുടെ മറ്റൊരു തികഞ്ഞ ഉദാഹരണമായി താങ്കള്‍ പ്രണവ്. ഹിമാലയത്തെയും അവിടുത്തെ ജീവിതങ്ങളേയും പ്രൊമോഷനായി മാത്രം സ്വീകരിക്കുന്ന രീതി. അത് തെറ്റാണെന്നു പറയാന്‍ ഞാന്‍ ആരുമല്ല. പക്ഷെ ദയവു ചെയ്തു, കനിവുണ്ടായി യാത്രകള്‍ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു ,അനുഭവങ്ങള്‍ പുതിയ തുടക്കത്തിന് സഹായകമായി, ആത്മീയ ലൗകിക ജീവിത രീതികള്‍ മാറ്റിമറിച്ചു തുടങ്ങിയ ഉണ്ടന്‍പൊരികള്‍ അതോടൊപ്പം വറുക്കരുത്.

യാത്രകളെ പ്രണയിക്കുന്ന നമ്മുടെ നഗരങ്ങളിലെ സാമാന്യവും അതിലധികം സമ്പത്തുള്ള കുടുംബങ്ങളിലെ എല്ലാ പ്രണവുമാരോടും എല്ലാ അപേക്ഷയാണിത്. നിങ്ങള്‍ നടത്തുന്ന യാത്രകള്‍ മനോഹരം തന്നെയാണ്. സഹനവും സാഹസികതയും വേണ്ടുവോളം നിറഞ്ഞതും തന്നെയാണ്. പക്ഷെ ആറ് മാസം കൊണ്ട് ഇന്ത്യ “മുഴുവന്‍” സഞ്ചരിച്ചുവന്നു എന്ന് പറയുമ്പോള്‍ അതെത്രമാത്രം പൊള്ളയാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങള്‍ മാത്രം സന്ദര്‍ശിച്ചു ഇന്ത്യയില്‍ ഇനി പോകാനിടമില്ല എന്ന് പറയുന്ന യുവത്വം നടത്തുന്ന യാത്രകളെ മോശമായി കാണാന്‍ ഞാനാളല്ല. പക്ഷെ അവര്‍ ഒരു തലമുറയുടെ ഇടയില്‍ യാത്രകളുടെ റോള്‍മോഡലുകളാ കുമ്പോള്‍, സഞ്ചാരത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമാകുമ്പോള്‍ അതു കണ്ട് നീറുന്ന ഒരു ജനതയുണ്ടിവിടെ. യാത്രകളും അനുഭവങ്ങളും വേണ്ടെന്നു വയ്ക്കാനുള്ള ഓപ്ഷന്‍ ഇല്ലാത്തവര്‍. ജീവിതത്തിനായി ആഗ്രഹങ്ങളെ കുഴിച്ചുമൂടിയവര്‍. പണമല്ല അനുഭവങ്ങളും മനുഷ്യത്വവുമൊക്കെയാണ് വലുതെന്നു യാത്രകള്‍ കഴിഞ്ഞു നിങ്ങള്‍ പറയുമ്പോള്‍ നിങ്ങളെനോക്കി പുഞ്ചിരിക്കുന്നവര്‍.

ചിന്തകളാണ് യാത്രകളാകുന്നതെന്നും അവയുടെ സഫലീകരണമാണ്, അത് എത്തരത്തിലുള്ളവയാണെങ്കിലും യാത്രകള്‍ പൂര്‍ത്തീകരിക്കുന്നതെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. കാഴ്ചകണ്ടു രസിക്കാന്‍ നടത്തുന്നവ മുതല്‍ രാഷ്ട്രീയവും ആത്മീയവുമായുള്ള കാഴ്ചപ്പാടോടുകൂടെയുള്ള യാത്രകള്‍വരെ. തിരിച്ചറിവുകള്‍ ഉണ്ടാവണം എന്നതിന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷെ, നാം ജീവിക്കുന്ന സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രമറിയാന്‍ മഞ്ഞുമൂടിയ ഹിമാലയത്തിലേക്കോ ഗംഗയില്‍ ശവങ്ങള്‍ ഒഴുകിനടക്കുന്ന വരാണസിയിലേക്കോ യാത്ര ചെയ്താലേ സാധിക്കൂ എന്ന് പറയുന്നത് തന്നെ അവ നടത്താനുള്ള അധികാരവും പ്രിവിലേജും ഉള്ളതുകൊണ്ടാണ്. ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞു ജീവിക്കാനാണെങ്കില്‍ മുന്നോട്ടുള്ള ഓരോ കാല്‍വയ്പ്പും ഓരോ യാത്രകള്‍ തന്നെയാണ്. മിസ്റ്റര്‍ പ്രണവ് “മോഹന്‍ലാല്‍”.

റെജി ദേവ്

We use cookies to give you the best possible experience. Learn more