കോഴിക്കോട്: ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ടി.കെ.രജീഷിനെ ഈ മാസം 20 വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
രാവിലെ രജീഷിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണം സഘം ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ അന്വേഷണ സംഘം തന്നെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും പോലീസിന്റെ ക്രൂരമര്‍ദ്ദനം കാരണം കോടതിയില്‍ നില്‍ക്കാന്‍ പോലും തനിയ്ക്കാവുന്നില്ലെന്നും തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും മജിസ്‌ട്രേറ്റിന് മുമ്പാകെ രജീഷ് മൊഴി നല്‍കിയിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നാണ് തന്നെ അറസ്റ്റു ചെയ്തതെന്നും അവിടെ നിന്ന് കേരളത്തിലെത്തുന്നതുവരെ ക്രൂരമായി പീഡിപ്പിച്ചുവെന്നും മുഖംമൂടിയിട്ടയാളാണ് പീഡിപ്പിച്ചതെന്നും രജീഷ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.
ഇതിനെത്തുടര്‍ന്ന് രജീഷിനെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേനാക്കാന്‍ കോടതി ഉത്തരവിട്ടു. വൈദ്യപരിശോധനയില്‍ രജീഷിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.
തുടര്‍ന്ന് ഉച്ചയ്ക്കുശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കിയ രജീഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കുകയായിരുന്നു.
അതിനിടെ അഭിഭാഷകര്‍ കോടതിയില്‍വെച്ച് രജീഷിനെ മൊഴി പറയാന്‍ പഠിപ്പിച്ചുവെന്ന് അന്വേഷണസംഘം കോടതിയില്‍ പരാതിപ്പെട്ടു.