| Friday, 26th November 2021, 8:09 am

മമതയില്‍ പ്രതീക്ഷ വെയ്ക്കുമ്പോഴും, തൃണമൂലിന്റെ ആ നിര്‍ദ്ദേശം തള്ളി അഖില്‍ ഗൊഗോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലയന നിര്‍ദ്ദേശം പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്ന് റൈജോര്‍ ദള്‍ പ്രസിഡന്റ് അഖില്‍ ഗൊഗോയ്.

പാര്‍ട്ടിയുടെ അസമീസ് ഐഡന്റിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെല്ലുവിളിയാവാനും പരാജയപ്പെടുത്താനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മാത്രമേ കഴിയൂവെന്ന് ഗൊഗോയ് പറഞ്ഞു.

” ഞാന്‍ തൃണമൂല്‍ നേതാക്കളെ കണ്ടിട്ടില്ല, പക്ഷേ അവര്‍ ഞങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അവര്‍ കുറച്ച് മുമ്പ് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം എടുക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു.

ഞങ്ങള്‍ അവരുമായി ലയിക്കണമെന്നാണ് ടി.എം.സി പറയുന്നത്. ഞങ്ങള്‍ അസമീസ് പ്രാദേശിക വികാരത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ് ഞങ്ങളുടെ പോയിന്റ്. ഞങ്ങള്‍ ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണ്, അസമീസ് ദേശീയതയെ പ്രതിനിധീകരിക്കുന്നു.

ഞങ്ങളുടെ പ്രത്യേക പ്രാദേശിക സ്വത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,” ഗൊഗോയ് പറഞ്ഞു.

2024ല്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടെങ്കില്‍ എല്ലാ പ്രാദേശിക ശക്തികളും ഒന്നിച്ച് ഫെഡറല്‍ മുന്നണി രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് എന്‍.ഡി.എയ്‌ക്കെതിരെ ഐക്യ മുന്നണി ഉണ്ടാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമം. ബംഗാളിന് പുറത്തേക്ക് പാര്‍ട്ടിയെ വ്യാപിപ്പിക്കാനുള്ള ശ്രമവും തൃണമൂല്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം മേഘാലയ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Rejected Trinamool’s merger proposal, no compromise on Assamese identity: Raijor Dal’s Akhil Gogoi

Latest Stories

We use cookies to give you the best possible experience. Learn more