| Saturday, 8th June 2024, 12:28 pm

പൃഥ്വിരാജ് സിനിമയില്‍ നിന്ന് റിജക്ടായ പാട്ടാണ് പിന്നീട് മറ്റൊരു സിനിമയില്‍ ഹിറ്റായത്: ദീപക് ദേവ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു സണ്‍ഡേ ഹോളിഡേ. ഈ സിനിമയിലെ മഴപാടും എന്ന് തുടങ്ങുന്ന പാട്ടും വലിയ ഹിറ്റായിരുന്നു. എന്നാല്‍ മറ്റൊരു സിനിമക്ക് വേണ്ടി ചെയ്ത ട്യൂണാണ് ഈ സിനിമയില്‍ ഉപയോഗിച്ചത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകനായ ദീപക് ദേവ് ഇപ്പോള്‍.

ആദം ജോണ്‍ എന്ന പൃഥ്വിരാജ് സിനിമയില്‍ നിന്നും റിജക്ടായ ട്യൂണാണ് സണ്‍ഡേ ഹോളിഡേയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ദീപക് ദേവ് പറയുന്നത്. ആദംജോണിലെ ഈ കാറ്റു വന്നു… എന്ന് തുടങ്ങുന്ന പാട്ടിന് വേണ്ടി ചെയ്ത ട്യൂണായിരുന്നു അതെന്നും ദീപക് ദേവ് ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ഓരോ മ്യൂസികിനും ഓരോ സ്‌റ്റൈലുണ്ട്. ആ കാലഘട്ടത്തിന് ആ സ്‌റ്റൈല്‍ കറക്ടായിരിക്കും. കുറച്ചങ്ങോട്ട് പോയാല്‍ പിന്നെ ആ സ്റ്റൈല്‍ ചെയ്തിട്ട് കാര്യമില്ല എന്ന് കരുതി മാറ്റി വെച്ച പാട്ടായിരുന്നു ആദംജോണിലെ ഈ കാറ്റ് വന്നു കാതില്‍ പറഞ്ഞു എന്നത്. ഞാന്‍ പോലും മറന്നു പോയിരുന്നു.

പക്ഷെ അദ്ദേഹം (പൃഥ്വിരാജ്) കേള്‍പ്പിച്ച റഫറന്‍സുകള്‍ ഈ ഈ സ്റ്റൈലിലുള്ളതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചെയ്ത പാട്ടുകളൊക്കെ ഇങ്ങനെയായിരുന്നു എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇങ്ങനെയൊരു പാട്ട് എന്റെ പക്കലുണ്ടെന്നും അതൊന്ന് ഓര്‍ത്തെടുക്കണെന്നും ഞാന്‍ പറഞ്ഞു.

അത് ഓര്‍ത്തെടുത്ത് ഞാന്‍ അദ്ദേഹത്തിന് അയച്ചുകൊടുത്തപ്പോള്‍ ഇതെപ്പോള്‍ ചെയ്തതാണെന്ന് ചോദിച്ചു. 97-98 കാലഘട്ടത്തില്‍ ചെയ്തതാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ചെയ്ത വേറെ വല്ല പാട്ടുകളുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല, എന്ത് പറ്റി എന്ന് ഞാന്‍ ചോദിച്ചു. നിങ്ങളിപ്പോള്‍ ഒന്നും ചെയ്യണ്ട, അന്ന് ചെയ്തുവെച്ച പാട്ടുകളാണ് എനിക്കിഷ്ടം എന്ന് അദ്ദേഹം തമാശയായിട്ട് പറഞ്ഞു.

ദൈവം സഹായിച്ച് പിന്നീട് ചെയ്ത പാട്ടുകളെല്ലാം എടുക്കേണ്ടി വന്നിട്ടുണ്ട്. അഥവാ റിജക്ട് ചെയ്താല്‍ തന്നെ അത് അടുത്ത പടത്തില്‍ ഉപയോഗിക്കാനും പറ്റിയിട്ടുണ്ട്. ആദം ജോണിന് വേണ്ടി ചെയ്ത് റിജക്ടായ പാട്ടുകളാണ് സണ്‍ഡേ ഹോളിഡേയില്‍ വര്‍ക്കായത്. മഴപാടും എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ആദംജോണിലെ ഈ കാറ്റു വന്നു എന്ന് തുടങ്ങുന്ന പാട്ടിന് പകരം ചെയ്തത്.

ആ പാട്ട് ഇഷ്ടപ്പെട്ടെങ്കിലും അത് ആ സിറ്റുവേഷന് ചേരുമോ എന്ന് പൃഥ്വിരാജിന് സംശയമുണ്ടായിരുന്നു. ഒരേ സമയത്തായിരുന്നു ആ രണ്ട് സിനിമകളും നടന്നിരുന്നത്. ജിസ് ജോയിയെ കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. നല്ല രസമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതെടുത്തോ എന്ന് ഞാനും മറുപടി നല്‍കി,’ ദീപക് ദേവ് പറഞ്ഞു.

content highlights: Rejected song from Adam joan used in Sunday Holiday: Deepak Dev

We use cookies to give you the best possible experience. Learn more