തിരുവനന്തപുരം: നിയമനത്തിൽ യു.ജി.സി ചട്ടലംഘനം നടന്നുവെന്നാരോപിച്ച് കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. എം.വി. നാരായണനെ പുറത്താക്കിയ ഗവർണറുടെ നടപടിക്കെതിരെ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സർവകലാശാലകളിലെ അധ്യാപകരും അക്കാദമിക് വിദഗ്ധരും.
ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ അപലപിക്കുന്നുവെന്നും കൊളംബിയ സർവകലാശാല ഉൾപ്പെടെയുള്ള സർവകലാശാലകളിലെ 117 അക്കാദമിക് വിദഗ്ധർ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഗവർണർ എത്രയും പെട്ടെന്ന് വി.സിയെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യമുണ്ട്.
പ്രൊഫ. നാരായണനെ പുറത്താക്കിയ നടപടി രാജ്യത്തിന്റെ വൈവിധ്യത്തിനും നിലനിൽപ്പിനും സ്വത്വങ്ങൾക്കുമേറ്റ പ്രഹരമാണെന്നും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നുവെന്നും അക്കാദമിക് വിദഗ്ധർ കുറ്റപ്പെടുത്തി.
ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫ. റസ്തോം ബറൂച്ച, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ പ്രൊഫ. അനുരാധ കപൂർ, കൊളംബിയ സർവകലാശാല പ്രൊഫ. ഷെൽഡൻ പല്ലോക്, എം.ജി സർവകലാശാല പ്രൊഫ. പി.പി. രവീന്ദ്രൻ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.
നിയമവിരുദ്ധമായാണ് വി.സിയെ പുറത്താക്കിയതെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി.
നിയമനത്തിൽ യു.ജി.സി ചട്ടലംഘനം നടന്നുവെന്ന് ആരോപിച്ച് കാലിക്കറ്റ്, കാലടി സർവകലാശാലകളിലെ വി.സിമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കുകയായിരുന്നു.
Content Highlight: Reinstate Sanskrit Univ ex-VC, say academics