ഇഷ്ടതാരം മെസിയുമല്ല, മറഡോണയുമല്ല അത് മറ്റൊരു ഇതിഹാസം; തുറന്നുപറഞ്ഞ് അര്‍ജന്റീനന്‍ മുന്‍ താരം
Football
ഇഷ്ടതാരം മെസിയുമല്ല, മറഡോണയുമല്ല അത് മറ്റൊരു ഇതിഹാസം; തുറന്നുപറഞ്ഞ് അര്‍ജന്റീനന്‍ മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th December 2023, 4:17 pm

അര്‍ജന്റീനന്‍ ഇതിഹാസതാരങ്ങളായ ലയണല്‍ മെസി, ഡീഗോ മറഡോണ എന്നിവരില്‍ ഏറ്റവും മികച്ച താരമാരാണെന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴുള്ള അര്‍ജന്റീനന്‍ മുന്‍ താരവും പരിശീലകനുമായ റെയ്‌നാല്‍ഡോ മെര്‍ലോയുടെ പ്രതികരണമാണിപ്പോൾ  ശ്രദ്ധ നേടുന്നത്.

ഏറ്റവും മികച്ച താരമായി ബ്രസീലിയന്‍ ഇതിഹാസം പെലെയാണെന്നാണ് റെയ്‌നാല്‍ഡോ വെളിപ്പെടുത്തിയത്. അര്‍ജന്റീനന്‍ ഇതിഹാസ താരമായ മറഡോണയെ തള്ളികളയുകയായിരുന്നു അദ്ദേഹം.

പ്രാദേശിക റേഡിയോ സ്റ്റേഷനായ റേഡിയോ ലാ റെഡിലെ ഒരു സെക്ഷനിലൂടെ പ്രതികരിക്കുകയായിരുന്നു മെര്‍ലോ.

‘മെസിയും മറഡോണയും രണ്ട് പ്രതിഭാസങ്ങളാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച താരം പെലെയാണ്,’ റെയ്നാല്‍ഡോ പറഞ്ഞു.

പെലെ ബ്രസീലിനൊപ്പം മൂന്ന് ലോകകപ്പുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. തന്റെ പതിനാറാം വയസ്സില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമില്‍ അരങ്ങേറിയ പെലെ ഐതിഹാസിക നേട്ടങ്ങളാണ് തന്റെ കരിയറില്‍ നേടിയെടുത്തിട്ടുള്ളത്.

അര്‍ജന്റീനന്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും, ഡീഗോ മറഡോണയും അര്‍ജന്റീനന്‍ ഫുട്‌ബോളിന് സ്വപ്നതുല്യമായ നേട്ടങ്ങള്‍ കൈവരിച്ച ഇതിഹാസങ്ങളാണ്. 1986ലാണ് മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയുടെ കിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഇതിന് ശേഷം അര്‍ജന്റീനക്ക് ഒരു മേജര്‍ ട്രോഫിയില്‍ മുത്തമിടാന്‍ കഴിയാത്തതില്‍ അര്‍ജന്റീനന്‍ ആരാധകര്‍ വളരെയധികം നിരാശയിലായിരുന്നു.

എന്നാല്‍ അര്‍ജന്റീനന്‍ ജനതയുടെ കാത്തിരിപ്പുകള്‍ അവസാനിപ്പിക്കാന്‍ ലയണല്‍ മെസിക്ക് സാധിച്ചിരുന്നു. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ലോകകപ്പില്‍ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മിന്നും പ്രകടനമാണ് അര്‍ജന്റീനന്‍ നായകന്‍ കാഴ്ചവെച്ചത്.

അതേസമയം റെയ്‌നാല്‍ഡോ 1969 മുതല്‍ 1984 വരെ റിവര്‍പ്ലേറ്റിനായി കളിച്ച മെര്‍ലോ 526 മത്സരങ്ങളില്‍ നിന്നും 73 ഗോളുകള്‍ നേടിയിട്ടുണ്ട്. 1990കളില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 17, 20 എന്നീ ടീമുകളെ മെര്‍ലോ പരിശീലിപ്പിച്ചിട്ടുണ്ട്.

Content Highlight: Reinaldo Merlo talks who is the best player in football.