കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ റെയിംസിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി സമനില വഴങ്ങുകയായിരുന്നു. മത്സരത്തില്‍ സൂപ്പര്‍താരം നെയ്മര്‍ ഒരു ഗോള്‍ നേടി പി.എസ്.ജിയുടെ ലീഡ് ഉയര്‍ത്തിയെങ്കിലും കളിയുടെ അവസാനം റെയിംസ് സമനില ഗോള്‍ നേടുകയായിരുന്നു.
ലോകകപ്പിനുശേഷം ആദ്യമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ മെസി, എംബാപ്പെ, നെയ്മര്‍ എന്നിവരെ അണിനിരത്തി 4-2-4 ഫോര്‍മേഷനിലാണ് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ ടീമിനെ ഇറക്കിയത്. എന്നാല്‍ പ്രമുഖ താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ റെയിംസിനായി.
മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.ജിക്കായി മെസിയും നെയ്മറും എംബാപ്പെയും ഇറങ്ങിയത് തങ്ങള്‍ക്ക് ഗുണകരമായി എന്ന് പറഞ്ഞിരിക്കുകയാണ് റെയിംസ് ക്യാപ്റ്റന്‍ യൂനിസ് അബ്ദല്‍ഹമീദ്. മൂവരും ഡിഫന്‍ഡ് ചെയ്യാതിരുന്നത് തങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
‘മെസിയും നെയ്മറും എംബാപ്പെയും ഡിഫന്‍ഡ് ചെയ്യില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് ഞങ്ങള്‍ മുതലെടുക്കാന്‍ ശ്രമിച്ചു. അവര്‍ ടീമിന്റെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. അതാണ് ഞങ്ങള്‍ക്ക് ഗുണം ചെയ്തത്,’ യൂനിസ് അബ്ദല്‍ഹമീദ് പറഞ്ഞു.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മറുടെ ഗോളില്‍ മുന്നിലെത്തിയ പി.എസ്.ജിയെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് റെയിംസിന്റെ ഫ്‌ലോറൈന്‍ ബോലോഗണ്‍ സമനിലയില്‍ തളച്ചത്.
രണ്ടാം പകുതിയില്‍ നെയ്മറുടെ ഗോളിന് പിന്നാലെ മാര്‍ക്കൊ വെറാറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായാണ് പി.എസ്.ജി മത്സരം പൂര്‍ത്തിയാക്കിയത്. സീസണില്‍ ഇത് രണ്ടാം തവണയാണ് പി.എസ്.ജി റെയിംസിനോട് സമനില വഴങ്ങുന്നത്.
മത്സരത്തില്‍ ഭൂരിഭാഗം സമയവും മുന്നിട്ടുനിന്നിട്ടും പരിചയസമ്പന്നരായ താരങ്ങളുണ്ടായിട്ടും 95ാം മിനിട്ടില്‍ സമനില ഗോള്‍ വഴങ്ങേണ്ടിവന്നത് നിരാശയാണെന്ന് ഗാള്‍ട്ടിയര്‍ പറഞ്ഞു. പോയിന്റ് നഷ്ടമായതിനൊപ്പം ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന പ്രകടനമാണിതെന്ന് ഗാട്ലിയര്‍ പറഞ്ഞു.
സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പി.എസ്.ജിക്കായി.
ഫെബ്രുവരി രണ്ടിന് മോണ്‍ഡ്പെല്ലിയറിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ഫെബ്രുവരി ഒമ്പതിന് ചിരവൈരികളായ മാഴ്സെലിയെയുമായി ക്ലബ്ബിന് ഫ്രഞ്ച് കപ്പില്‍ ഡെര്‍ബി മാച്ചും കളിക്കാനുണ്ട്.
Content Highlights: Reims captain Yasin Abdelhamid says Messi, Mbappe, Neymar trio was weak in defending