ശബരിമല: രഹന ഫാത്തിമ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വേദപഠനം നടത്തിവരികയാണെന്ന് ജീവിത പങ്കാളി മനോജ്. വിശ്വാസത്തിന്റെ ഭാഗമായാണ് രഹന വന്നതെന്നും മനോജ് പറഞ്ഞു. പത്തനംത്തിട്ട പൊലീസും ജില്ലാഭരണകൂടത്തോടും ഇക്കാര്യം പറഞ്ഞിരുന്നെന്നും മലകയറാനുള്ള അനുവാദം തന്നിരുന്നെന്നും മനോജ് വ്യക്തമാക്കി.
രാവിലെ പൊലീസ് സുരക്ഷയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട രഹന് പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ തിരിച്ചു വരികയായിരുന്നു. തിരിച്ചുപോകാതെ തങ്ങള്‍ക്ക് നിവൃത്തിയില്ല എന്നാണ് രഹ്ന ഫാത്തിമ പറഞ്ഞത്. ആന്ധ്രാ സ്വദേശി കവിതയും പ്രതിഷേധത്തെത്തുടര്‍ന്ന് സന്നിധാനത്ത് നിന്നും തിരിച്ചിറങ്ങി.
അയ്യപ്പനെ കാണണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നെന്നും എന്നാല്‍ സാഹചര്യം അനുവദിച്ചില്ലെന്നും രഹ്ന ഫാത്തിമ. “”നിലവിലത്തെ സാഹചര്യം എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും അറിയാം. കൂടുതല്‍ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ സാഹചര്യം അനുവദിക്കുന്നില്ല.രഹന പറഞ്ഞു.
ഞങ്ങളുടെ മുന്‍പില്‍ നിരവധി കുട്ടികളുണ്ടായിരുന്നു. അവരുടെ ജീവന്‍ വെച്ചാണ് ഇവര്‍ വിലപേശിയത്. ഇത്രയും പോകാന്‍ പറ്റിയതില്‍ സന്തോഷം. ഞാന്‍ ഈ ഇരുമുടിക്കെട്ട് തലയിലേന്തിയത് അയ്യപ്പനെ കാണണമെന്ന ആഗ്രഹത്തിന് പുറത്താണ്. ഇത് ഞാന്‍ ഇവിടെ ഉപേക്ഷിച്ച് പോകുകയാണ്. ആചാരങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തികള്‍ ഇതിന് അനുവദിക്കുന്നില്ല. ഈ ആചാരലംഘനത്തിന് എന്ത് മറുപടിയാണ് അവര്‍ക്ക് പറയാനുള്ളത്.
എന്റെ ജീവന് ഭീഷണിയുണ്ട്. ഏത് രീതിയിലാണ് നിങ്ങള്‍ ഒരു വിശ്വാസിയെ അളക്കുന്നത്. ആദ്യം അത് പറയൂ. എന്നിട്ട് ഞാന്‍ എന്റെ വിശ്വാസം പറയാം. സംരക്ഷണം തരാമെന്ന ഉറപ്പിന്റെ പുറത്താണ് തിരിച്ചുപോകുന്നത്. – രഹ്ന ഫാത്തിമ പറയുന്നു.
യുവതികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഇവര്‍ സ്വമേധയാ തിരിച്ചുപോകാന്‍ സന്നദ്ധത അറിയിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞത്. യുവതികള്‍ സമ്മതം അറിയിച്ചെന്നും ഐ.ജി ശ്രീജിത്ത് പറഞ്ഞിരുന്നു.
യുവതികള്‍ സന്നിധാനത്ത് കടന്നാല്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് കണ്ഠരര് രാജീവര് അറിയിച്ചിരുന്നു. ശബരിമല സന്നിധാനത്ത് നിന്നും സ്ത്രീകളെ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്നാണ് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്.