മുന്നോട്ടെന്ത് എന്ന ചിന്ത അലട്ടുമ്പോഴാണ് ഉത്തരവാദിത്ത ടുറിസം മിഷൻ എന്റെ മുന്നിൽ ഒരു വഴി തുറന്ന് നൽകിയത് നിറഞ്ഞ ചിരിയോടെ രഹന അമൽ പറയുന്നു.
ബേപ്പൂർ മണ്ഡലത്തിലെ ചെറുവണ്ണൂർ പ്രദേശത്ത് താമസിക്കുന്ന രഹന അമൽ 2022ലെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ടെറാകോട്ട ആഭരണ പരിശീലന പരിപാടിയിലൂടെയാണ് സംരംഭക മേഖലയിലേക്ക് എത്തിയത്.
അതുവരെ വീട്ടമ്മയായിരുന്നു രഹന പരിശീലനത്തിനുശേഷം ടെറാകോട്ട ആഭരണ നിർമാണം തന്റെ മേഖലയായി തിരഞ്ഞെടുക്കുകയും സോഷ്യൽ മീഡിയയിലൂടെയും മേളകളിലൂടെയും തന്റെ ഉത്പന്നങ്ങൾ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇന്ന് സംരംഭകയായും ഒരു ട്രെയിനർ ആയും രഹന മാറിയതിൽ ഉത്തരവാദിത്തപ്പെട്ട ടൂറിസം മിഷന് വലിയ പങ്കുണ്ട്.
‘വാടകവീട്ടിൽ എന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഞാൻ ഇതെല്ലാം ചെയ്യുന്നത് സൗകര്യങ്ങൾ ഒക്കെ കുറവാണ് കേട്ടോ’ രഹനയുടെ വാക്കുകളായിരുന്നു യാത്രയിലുടനീളം ഞാൻ ഓർത്തുകൊണ്ടിരുന്നത്. സ്രാമ്പിയ സ്കൂളിന്റെ മുന്നിലുള്ള ഊടുവഴിയിലൂടെ കയറി ചുറ്റി തിരിഞ്ഞ് എത്തുമ്പോൾ രഹന നിറഞ്ഞ ചിരിയോടെ വഴിയരികിൽ കത്ത് നിൽക്കുന്നുണ്ടായിരുന്നു.
‘ഇങ്ങോട്ടല്ലേ വരൂ വരൂ’ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് രഹന പറഞ്ഞു. വാതിലിന് മറവിൽ നിന്നുകൊണ്ട് ഒളികണ്ണിട്ടു നോക്കുന്ന കൊച്ചുമിഴികൾ. എന്റെ മോളാ… ബാക്കി ഉള്ളോരൊക്കെ സ്കൂളിൽ പോയി ഇവൾ ഒറ്റക്കായി രഹന ചിരിയോടെ പറഞ്ഞു. പുഞ്ചിരിയോടെ അകത്തേക്ക് കയറിയ ഞങ്ങളെ ആ മിഴികൾ പിന്തുടർന്നു.
ഞാൻ ഉണ്ടാക്കുന്ന സാധനങ്ങളൊക്കെ എറിഞ്ഞ് പൊട്ടിക്കലാണ് ഇയാളുടെ ഹോബി രഹന വീണ്ടും പറഞ്ഞു. നമുക്ക് മുകളിൽ നിന്ന് ഷൂട്ട് ചെയ്യാം അല്ലെ രഹന ചോദിച്ചു. ഓ മതിയെന്ന് ഞങ്ങളും.
മുകളിലെ കൊച്ച് മുറിയിൽ നിന്നാണ് രഹന തന്റെ ജീവിതം നിറം പിടിപ്പിക്കുന്നത്. കളിമണ്ണിൽ ആഭരങ്ങൾ ഉണ്ടാക്കുന്നു എന്ന കേട്ടപ്പോൾ ആശ്ചര്യമായിരുന്നു ആദ്യം. എന്തൊക്കെയാവും ഒരു ആഭരണം ഉണ്ടാക്കാൻ ഇവർ നേരിടുന്ന കഷ്ടപ്പാടുകൾ ഇത്രയും കഷ്ടപ്പെട്ട് ആഭരണം ഉണ്ടാക്കിയാൽ അത് എവിടെ വിൽക്കും നിരവധി ചോദ്യങ്ങളായിരുന്നു മനസ്സിൽ. അതിനെല്ലാം ഒറ്റവാക്കിൽ രഹന തന്ന ഉത്തരമാണ് ആർ.ടി മിഷൻ എന്നത്.
കേരള സർക്കാരിന്റെ ഉത്തരവാദിത്വ മിഷനിലൂടെ ഇവർക്ക് ലഭിച്ച ക്ലാസുകളാണ് രഹനയെ ഇന്ന് കാണുന്ന ഒരു സംരംഭകയിലേക്ക് ഉയർത്തിയത്. ക്ലാസുകൾ മാത്രമായിരുന്നില്ല ആർ.ടി മിഷന്റെ സംഭാവന. ഫ്രീ ക്ലാസുകളും ഭക്ഷണത്തോടും ഒപ്പം, ഉണ്ടാക്കിയ ഉത്പങ്ങൾ വിൽക്കാനുള്ള സ്റ്റാളുകളും സർക്കാർ തന്നെ നൽകുന്നതാണ്. കൂടാതെ ഈ സ്റ്റാളുകളിലൂടെ ഓരോരുത്തർക്കും വരുമാനം ഉണ്ടാകുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
എനിക്ക് ഒട്ടും പറ്റില്ല എന്ന് തോന്നിയ ഒരു മേഖലയായിരുന്നു ഇത്. കളിമണ്ണ് കൊണ്ട് ഉത്പന്നങ്ങൾ ഉണ്ടാക്കാൻ എനിക്ക് ഒട്ടും അറിയില്ലായിരുന്നു. എന്നാൽ ശ്രീകല മാം തന്ന ആത്മവിശ്വാസമാണ് എന്നെ ഇവിടെ എത്തിച്ചത്. ഒരു ആഭരണം ഉണ്ടാക്കാൻ 15 ദിവസത്തോളം നീണ്ട കഷ്ടപ്പാട് ആണ് ഉള്ളത്. കളിമണ്ണിൽ വേണ്ട രൂപം ഉണ്ടാക്കി അത് നോർമൽ ക്ലൈമറ്റിൽ ഉണക്കണം വെയിലത്ത് വെക്കാൻ പറ്റില്ല വിള്ളൽ വരും,’ രഹാന പറഞ്ഞു. നന്നായി ഉണങ്ങി കഴിഞ്ഞാൽ അത് ചുട്ടെടുക്കും പിന്നെ കളർ ചെയ്യും. പരിസ്ഥിതി സൗഹൃദമായ ഉത്പന്നമാണിത് ചരടാണ് ഇതിൽ ഉപയോഗിക്കുന്ന മറ്റൊരു സാധനം. അത് കൊണ്ട് തന്നെ പരിസ്ഥിതിക്ക് യാതൊരു ദോഷവും ഉണ്ടാവില്ല രഹന കൂട്ടിച്ചേർത്തു.
‘പഠനം കഴിഞ്ഞ് ഏത് മേഖലയിലേക്ക് പോകണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു ഞാൻ, പോരാത്തതിന് വീട്ടമ്മയും, സ്വന്തമായി വരുമാനം ഒന്നും തന്നെ ഇല്ലായിരുന്നു. ആ എനിക്ക് ആർ.ടി മിഷൻ നൽകിയത് വലിയൊരു ആത്മവിശ്വാസമാണ്,’ രഹാനെ പറഞ്ഞു.
സ്റ്റാളുകൾ ഇല്ലാത്ത സമയത്ത് രഹാനെ കച്ചവടം നടത്തുന്നത് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും ഫേസ്ബുക് അക്കൗണ്ടിലൂടെയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ്. ആഭരണങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും ആവശ്യക്കാർ രഹനയെ ബന്ധപ്പെടും.
‘പലരും 2000 വരെ പറയുന്ന ഉത്പന്നങ്ങൾ ഞാൻ 200 , 250 രൂപക്ക് വിൽക്കും. സാധാരണക്കാർക്ക് ചെറിയ വിലയിൽ ഉത്പന്നങ്ങൾ എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്,’ രഹന പറഞ്ഞു.
കളിമണ്ണിൽ അത്ഭുതം തീർക്കുന്നത് ഞങ്ങൾക്കായി രഹാന കാണിച്ചു തന്നു. ഓരോ ഡിസൈനും ചെയ്യുന്നത് അത്ര മേൽ സൂക്ഷ്മതയോടെയായിരുന്നു. ഒരു കുഞ്ഞിനെ പരിപാലിക്കുന്നത് പോലെ രഹന തന്റെ ഡിസൈൻ നിർമിച്ചു. സൂക്ഷ്മതയോടെ, കൃത്യമായ അളവുകളോടെ കൗതുകം നിറഞ്ഞ കണ്ണുകളോടെ ഞങ്ങൾ അത് നോക്കി നിന്നു. അറിയാതെ ഞങ്ങളും രഹനയുടെ നാലുവയസുകാരി മകളായി മാറിയത് പോലെ.
‘എത്ര നേരായി വന്നിട്ട് ജ്യൂസ് കുടിക്ക്’ രഹനയുടെ ഉമ്മയുടെ വാക്കുകളാണ് ഞങ്ങളെ ഉണർത്തിയത്. കാരക്ക ജ്യൂസ് നുണഞ്ഞുകൊണ്ട് ഞങ്ങൾ വീണ്ടും രഹനയിലേക്ക് തിരിഞ്ഞു. രഹന ഉണ്ടാക്കുന്ന ഡിസൈനിലേക്ക് കണ്ണും നട്ടിരുന്നു. ഇത് ഇനി ഉണക്കണം എന്നിട്ടേ ചുട്ടെടുക്കാൻ പറ്റുകയുള്ളു രഹന പറഞ്ഞു. ആ ഡിസൈന് പകരം രഹാന ഞങ്ങൾക്കായി മറ്റ് ചില ഉണങ്ങിയ ഡിസൈനുകൾ ചുട്ടെടുത്ത് കാണിച്ചു തന്നു. ചട്ടിയിൽ കരി നിറച്ച് അതിലേക്ക് മുത്തുകളും ഡിസൈനുകളും ഇട്ട് ചുട്ടെടുക്കുന്നു. നീണ്ട പതിനഞ്ച് ദിവസത്തെ കാത്തിരിപ്പും കഷ്ടപ്പാടും…
‘ഞാൻ ഇട്ടത് ഞാനുണ്ടാക്കിയ മാലയാണ് ‘ രഹന പറഞ്ഞു. വേറെയും ഉണ്ട് സ്റ്റോക്ക് രഹന ഉത്സാഹത്തോടെ താൻ ഉണ്ടാക്കിയ ഉത്പന്നങ്ങൾ ഞങ്ങൾക്ക് മുന്നിൽ നിരത്തി വെച്ചു. ‘ഞാൻ ഉണ്ടാക്കിയ മാലകൾ ആളുകൾ ഇട്ട് കാണുമ്പോൾ എനിക്ക് ഒരുപാട് അഭിമാനം തോന്നും ഒന്നുമില്ലാതിരുന്ന എന്നെ ഞാൻ ആക്കിയത് ആർ.ടി മിഷൻ ആണ്,’ രഹന പറഞ്ഞു.
കോഴിക്കോടുള്ള ചെറുവണ്ണൂരിൽ താമസിക്കുന്ന എന്നെ ആരെങ്കിലും ഒക്കെ അറിഞ്ഞത് ആർ.ടി മിഷൻ ഉള്ളത് കൊണ്ട് മാത്രമാണ് രഹന കൂട്ടിച്ചേർത്തു. അൽപനേരം കൂടി രഹനയോട് സംസാരിച്ചിരുന്നതിന് ശേഷം ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.
കേരളത്തിലെ ടൂറിസം മേഖലയില്‍ പ്രാദേശിക ജനപങ്കാളിത്തം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പിന് കീഴിലുള്ള കേരള റെസ്പോൺസിബിൾ ടൂറിസം മിഷ൯ ചെയ്തുവരുന്നത്. ആർ.ടി മിഷനിൽ കൂടുതൽ പരിഷകരണങ്ങൾ കൊണ്ടുവന്നത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ്. 2017 ഒക്ടോബര്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ മിഷന്‍ ഉദ്ഘാടനം ചെയ്തത്.
കേരള സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസത്തിലൂടെ നാടിനെ മാത്രമല്ല അവിടുത്തെ നാട്ടുകാരെയും അവരിലൂടെ വ്യത്യസ്തമായ സംസ്കാരവും അറിയാൻ കഴിയും. ചുരുക്കത്തിൽ നാടറിയാനും നാട്ടുകാരെയറിയാനും കേരളം എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഓരോ നാട്ടിലെയും സാധാരണക്കാരന് ടൂറിസത്തിന്റെ പ്രയോജനങ്ങൾ ലഭിക്കുന്നു എന്നതാണ്.
Content Highlight: Rehana Amal is bringing color to life by crafting ornaments out of clay