| Monday, 19th December 2022, 9:05 pm

ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ കുംബ്ലെക്ക് പോലുമില്ലാത്ത റെക്കോഡ്; ഇതാ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ പാകിസ്ഥാന്‍ പരാജയത്തിന്റെ വക്കിലാണ്. പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റും പരാജയപ്പെട്ട് സന്ദര്‍ശകര്‍ക്ക് മുമ്പില്‍ പരമ്പര അടിയറ വെച്ച പാകിസ്ഥാന്‍ വൈറ്റ്‌വാഷ് ഭീഷണിയിലാണ്.

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് നിരക്ക് കരുത്തായത് യുവതാരംറെഹാന്‍ അഹ്‌മ്മദും ജാക്ക് ലീച്ചുമായിരുന്നു. ജാക്ക് ലീച്ച് മൂന്ന് വിക്കറ്റ് പിഴുതപ്പോള്‍ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് പിഴുതാണ് രെഹന്‍ കരുത്ത് കാട്ടിയത്.

ഇതോടെ ഒരു റെക്കോഡും രെഹന്‍ തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരം എന്ന റെക്കോഡാണ് റെഹാന്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.

18ാം വയസിലാണ് റെഹാന്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ കണ്ടെത്തല്‍ ഭാവിയില്‍ ത്രീ ലയണ്‍സിനായി പലതും നേടിക്കൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന റെഹാന് ഡെഡ് റബ്ബര്‍ മാച്ചിലാണ് അവസരം ലഭിച്ചത്. ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച റെഹാന്‍ ആദ്യ ഇന്നിങ്‌സില്‍ 22 ഓവര്‍ എറിഞ്ഞ് 89 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

എന്നാല്‍ ഈ 18 വയസുകാരന്‍ ആരാണെന്നും എന്താണെന്നും എതിരാളികള്‍ക്ക് വ്യക്തമായത് രണ്ടാം ഇന്നിങ്‌സിലായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 14.5 ഓവര്‍ പന്തെറിഞ്ഞ് 48 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്.

ക്യാപ്റ്റന്‍ ബാബര്‍ അസമിനെ വീഴ്ത്തിക്കൊണ്ടായിരുന്നു റെഹാന്‍ തുടങ്ങിയത്. 104 പന്തില്‍ നിന്നും 54 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു ബാബറിന്റെ മടക്കം. ശേഷം മുഹമ്മദ് റിസ്വാനെയും മടക്കിയ റെഹാന്‍ ഇംഗ്ലണ്ടിനെ ഡ്രൈവിങ് സീറ്റിലെത്തിച്ചു.

ഷാന്‍ മസൂദായിരുന്നു പിന്നീട് റെഹാന്റെ സ്പിന്നിന്റെ വീര്യമറിഞ്ഞത്. 133 പന്തില്‍ നിന്നും 53 റണ്‍സ് നേടിയ മസൂദും മടങ്ങിയതോടെ പാകിസ്ഥാന്‍ പരുങ്ങി.

ശേഷം ആഘാ സല്‍മാനെയും മുഹമ്മദ് വസീമിനെയും മടക്കിയതോടെ റെഹാന്‍ ചരിത്രത്തിന്റെ ഭാഗമായി.

അതേസമയം, മൂന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 112 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 191 ഓവറില്‍ 55 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റും വിജയിക്കാം.

Content highlight: Rehan Ahmed became the youngest player to take 5 wickets on his Test debut

Latest Stories

We use cookies to give you the best possible experience. Learn more