| Saturday, 24th June 2023, 9:13 am

മോയിന്‍ അലിക്ക് കരുത്താകാന്‍ 18 വയസുള്ള കൊച്ചുപയ്യന്‍; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കരുതിവെച്ച മാജിക്കല്‍ സര്‍പ്രൈസ്

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസിന്റെ രണ്ടാം ടെസ്റ്റിന് യുവതാരം രെഹന്‍ അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. സൂപ്പര്‍ താരം മോയിന്‍ അലിക്ക് മികച്ച രീതിയില്‍ പിന്തുണ നല്‍കാനായാണ് ഇംഗ്ലണ്ട് അഹമ്മദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ പാകിസ്ഥാനെതിരെയാണ് രെഹന്‍ അഹമ്മദ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും രെഹന്‍ സ്വന്തമാക്കിയിരുന്നു.

ഡിസംബര്‍ 17ന് കറാച്ചിയില്‍ നടന്ന ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് രെഹന്‍ അഹമ്മദ് ബെന്‍ സ്റ്റോക്‌സിനായി അരങ്ങേറ്റം കുറിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ വീഴ്ത്തിയ അഞ്ച് വിക്കറ്റ് നേട്ടമടക്കം ഏഴ് വിക്കറ്റാണ് രെഹന്‍ പിഴുതെറിഞ്ഞത്.

പക്ഷേ, കൗണ്ടിയില്‍ അത്ര മികച്ച പ്രകടനമല്ല രെഹന്‍ പുറത്തെടുക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്നും ആറ് വിക്കറ്റ് മാത്രമാണ് രെഹന്‍ നേടിയത്. 67+ ആവറേജാണ് താരത്തിനുള്ളത്.

എന്നാല്‍ ബാറ്റിങ്ങില്‍ തിളങ്ങിയതാണ് രെഹന്‍ അഹമ്മദിന് തുണയായത്. 38.45 എന്ന ശരാശരിയില്‍ 423 റണ്‍സാണ് രെഹന്‍ നേടിയത്. നാല് അര്‍ധ സെഞ്ച്വറിയാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഗ്ലാമര്‍ഗോണിനെതിരെ നേടിയ 90 ആണ് സീസണില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

രെഹന്‍ അഹമ്മദ് എത്തുന്നതോടെ മോയിന്‍ അലിക്ക് പിന്തുണ നല്‍കാനാകുമെന്നും സ്പിന്‍ ബൗളിങ്ങിന് മറ്റൊരു ഓപ്ഷന്‍ ലഭിക്കും എന്നുമാണ് ഇംഗ്ലണ്ട് കണക്കുകൂട്ടുന്നത്.

ആഷസിലെ ആദ്യ മത്സരത്തില്‍ മോയിന്‍ അലിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നെങ്കിലും റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി.

ആദ്യ മത്സരത്തില്‍ നേരിട്ട രണ്ട് വിക്കറ്റിന്റെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിറങ്ങുക. ജൂണ്‍ 28ന് ലോര്‍ഡ്‌സിലാണ് രണ്ടാം ടെസ്റ്റ്.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ഡാന്‍ ലോറന്‍സ്, ഹാരി ബ്രൂക്, ജോ റൂട്ട്, ഒലി പോപ്പ്, സാക് ക്രോളി, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ക്രിസ് വോക്‌സ്, മോയിന്‍ അലി, രെഹന്‍ അഹമ്മദ്, ബെന്‍ ഡക്കറ്റ് (വിക്കറ്റ് കീപ്പര്‍), ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഷ് ടങ്, മാര്‍ക് വുഡ്, മാത്യു പോട്‌സ്, ഒലി റോഹിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്‌

Content highlight: Rehan Ahmed added to England squad

We use cookies to give you the best possible experience. Learn more