| Saturday, 25th March 2023, 9:42 am

റോഹിംഗ്യകളുടെ പുനരധിവാസ പദ്ധതി മ്യാന്‍മറിന്റെ പി.ആര്‍ ക്യാമ്പെയിനെന്ന് മനുഷ്യാവകാശ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോക്‌സ് ബസാര്‍: റോഹിംഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനെന്ന പേരില്‍ മ്യാന്‍മാര്‍ സൈനിക ഭരണകൂടം ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ പി.ആര്‍ ക്യാമ്പെയിനിന്റെ ഭാഗമാണെന്ന ആരോപണവുമായി മനുഷ്യാവകാശ സംഘടനകള്‍. പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ ആയിരം പേരെ പുനരധിവസിപ്പിക്കുമെന്നാണ് സൈനിക ഭരണകൂടം പറയുന്നത്.

ഇതിന്റെ ഭാഗമായി മ്യാന്‍മാര്‍ പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ സന്ദര്‍ശിച്ചിരുന്നു. ലക്ഷക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ഇടമാണ് കോക്‌സ് ബസാര്‍.

2017ലെ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് എട്ട് ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്‌ലീങ്ങളാണ് മ്യാന്‍മാറില്‍ നിന്ന് പലായനം ചെയ്തത്. ആക്രമണങ്ങളില്‍ ആയിരക്കണക്കിന് റോഹിംഗ്യകള്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

വംശഹത്യ ലക്ഷ്യം വെച്ചു കൊണ്ടുള്ള ആക്രമണങ്ങളാണ് മ്യാന്‍മാര്‍ പട്ടാള ഭരണകൂടം നടപ്പാക്കിയതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു.
പുനരധിവാസത്തിന്റെ പേരില്‍ സൈനിക ഭരണകൂടം നടത്തുന്ന ഇടപെടലുകള്‍ സംശയാസ്പദമാണെന്നാണ് ഫ്രീ റോഹിംഗ്യ കൊയിലേഷന്‍ സഹസ്ഥാപകന്‍ നയ് സാന്‍ ല്വിന്‍ പറയുന്നത്.

‘ഈ നടപടികളെ ഒരു പി.ആര്‍ ക്യാമ്പെയിന്‍ ആയിട്ടാണ് ഞങ്ങള്‍ കാണുന്നത്. അഭയാര്‍ഥികളുടെ പുനരധിവാസത്തെക്കുറിച്ച് അവര്‍ക്ക് ആത്മാര്‍ഥമായ ചിന്തകളുണ്ടെങ്കില്‍ ഇങ്ങനെയല്ല പ്രവര്‍ത്തിക്കേണ്ടത്. ആയിരം പേരെ മാത്രം പുനരധിവസിപ്പിക്കാനുള്ള ഈ നീക്കം ചൈനയുടെയും മറ്റ് ലോകരാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ചെയ്യുന്നതാണ്,’ സാന്‍ ല്വിന്‍ പറഞ്ഞു.

ആങ് സാന്‍ സൂകിയുടെ ഗവണ്‍മെന്റിനെ അട്ടിമറിച്ച് 2021 ഫെബ്രുവരിയിലാണ് സൈന്യം മ്യാന്‍മാറില്‍ ഭരണം പിടിച്ചത്.

പൗരത്വം ഉറപ്പ് നല്‍കാതെ മ്യാന്‍മാറിലേക്ക് മടങ്ങിപ്പോകില്ല എന്ന നിലപാടിലാണ് റോഹിംഗ്യകളിലേറെയും. റോഹിംഗ്യന്‍ ജനങ്ങള്‍ക്ക് പൗരത്വം ഉറപ്പു നല്‍കുന്ന യാതൊരു പദ്ധതികളും സൈനിക ഭരണകൂടത്തിനില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അഭയാര്‍ഥികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും കോക്‌സ് ബസാറിലെത്തിയ മ്യാന്‍മാര്‍ പ്രതിനിധി സംഘം തയ്യാറായില്ലെന്നും അവര്‍ പറയുന്നു.

Content Highlights: Rehabilitation plans of Rohingya is a PR campaign: Human rights organisations

We use cookies to give you the best possible experience. Learn more