പൊലീസില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം; വീടും തൊഴിലും സ്റ്റൈപ്പെന്റും നല്‍കും
Kerala News
പൊലീസില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം; വീടും തൊഴിലും സ്റ്റൈപ്പെന്റും നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th November 2021, 1:11 pm

കല്‍പ്പറ്റ: വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷിന്റെ പുനരധിവാസത്തിന് ശുപാര്‍ശ. ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതിയുടെ ശുപാര്‍ശ.

സംസ്ഥാന സര്‍ക്കാരിന്റെ 2018 ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ് പുനരധിവസം. ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും.

വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു.

താല്‍പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയേയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളേയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയോ ബന്ധപ്പെടാമെന്നും ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും എസ്.പി വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിലാണ് കബനി ദളത്തിലെ അംഗമായിരുന്ന ലിജേഷ് എന്ന രാമു രമണ പൊലീസില്‍ കീഴടങ്ങിയത്.
പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ സ്വദേശിയായിരുന്നു ഇയാള്‍.

2018 മെയ് മാസത്തിലാണ് മാവോയിസ്റ്റുകള്‍ക്കായുള്ള കീഴടങ്ങല്‍- പുനരധിവാസ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രകാരം മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്കു ലഭിക്കുന്നത് അഞ്ചു ലക്ഷം രൂപ വരെയാണ്.

Rehabilitation of Maoist leader who surrendered to police; Home, employment and stipend will be provided