| Monday, 24th June 2024, 12:17 pm

സർദാർ സരോവർ പദ്ധതി: കുടിയിറക്കപ്പെട്ട ദളിത്, ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാവശ്യപ്പെട്ട് മോദിക്ക് കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: നർമദാ നദീ തടത്തിലെ സർദാർ സരോവർ അണകെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട ആദിവാസികളെ പുനരധിവസിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് റിട്ടയേർഡ് മേജർ ജനറൽ സുധീർ വോംബത്കെരെ. പദ്ധതി പ്രദേശത്തെ കുടുംബങ്ങൾ കടുത്ത മൗലികാവകാശ ലംഘനകൾക്കും അനീതികൾക്കും ഇരയായിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

സത്യസന്ധമായ സാമൂഹിക-സാമ്പത്തിക ആഘാത വിലയിരുത്തൽ ഉൾപ്പെടെ സൂക്ഷ്മവും സുതാര്യവുമായ അവലോകനത്തിന് ഉത്തരവിടാൻ മേജർ ജനറൽ സുധീർ വോംബത്കെരെ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

സർദാർ സരോവർ പദ്ധതി പ്രകാരം ഭൂമി നഷ്ടപെട്ട ആദിവാസികളുടെ പുനരധിവാസം ഇതുവരെ നടന്നിട്ടില്ലെന്നും, അധികമാളുകളുടെയും വീടുകൾ വെള്ളത്തിലാണെന്നും പ്രശ്നത്തിന് ശാശ്വതമായ നടപടികൾ എടുക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘നിരവധി വർഷങ്ങളായി തുടരുന്ന അനീതിയുടെ ഗൗരവം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി, 25.03.2006, 22.01 ന്, അതേ വിഷയങ്ങളിൽ ഞാൻ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സമാനമായ കത്തുകൾ എഴുതിയിട്ടുണ്ടെന്ന കാര്യവും പറയാനാഗ്രഹിക്കുകയാണ്. തുടരുന്ന ഈ അനീതിക്ക് കൃത്യമായ നടപടി ഉണ്ടാകണം.

Also Read: മൂന്നാംകിട സിനിമകൾക്ക് വേണ്ടി ഞാൻ അഭിനയം വേസ്റ്റ് ചെയ്യുന്നുവെന്ന് അന്ന് ജൂറി പറഞ്ഞു, അതെനിക്ക് വേദനയുണ്ടാക്കി: ഉർവശി

സംസ്ഥാന, കേന്ദ്ര ഗവൺമെൻ്റുകളും അവർ നിയമിച്ച അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ ബോഡികളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും വരുത്തിയ ഗുരുതരമായ അനീതികളും മൗലികാവകാശ ലംഘനങ്ങളും വർഷങ്ങളായി പരിഹരിക്കപ്പെടാതെ തുടരുന്നു, ഇത് സുപ്രീം കോടതി ഉത്തരവുകളുടെ വ്യക്തമായ ലംഘനമാണ്,’ കത്തിൽ പറയുന്നു.

2024 ജൂൺ 15 മുതൽ ആയിരക്കണക്കിനാളുകളാണ് സർക്കാരിന്റെ അനീതിക്കെതിരെ വ്യാപകമായി പ്രതിഷേധിക്കുന്നത്. പ്രതിഷേധ പ്രകടനം നടക്കുന്ന സ്ഥലത്ത് 2024 ജൂൺ 15 മുതൽ അനിശ്ചിതകാല സത്യാഗ്രഹ നിരാഹാര സമരം നടത്തുന്ന ശ്രീമതി മേധ പട്കറും അവരിൽ ഉൾപ്പെടുന്നു. എന്നാൽ നിരവധി പ്രതിഷേധ സമരങ്ങൾ നടന്നിട്ടും കാര്യമായ നടപടികളൊന്നും തന്നെ ആദിവാസികളുടെ പുനരധിവാസം സംബന്ധിച്ച് സർക്കാർ ഇതുവരെയും എടുത്തിട്ടില്ല.

നാലുപതിറ്റാണ്ട് നീണ്ട സമര ചരിത്രം തന്നെ ഉണ്ട് സർദാർ സരോവർ പദ്ധതി വരുത്തി വച്ച നീതിനിഷേധത്തിനു പിന്നിൽ. ആദിവാസികൾ, ദളിതർ, കർഷകർ, തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങിയവർ കാലങ്ങളായി നടത്തി വരുന്ന സമരങ്ങൾക്ക് ഇനിയും വേണ്ട രീതിയിൽ പരിഹാരം കണ്ടിട്ടില്ല.

കുറെ കുടുംബങ്ങളെ സർക്കാർ പുനരധിവസിപ്പിച്ചതായി അവകാശപെടുന്നുണ്ടെങ്കിലും പുനരധിവസിപ്പിച്ച ഭൂരിഭാഗം വരുന്ന ആദിവാസികളും ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് നൽകിയ ഭൂമി കൃഷിയോഗ്യമല്ല. പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇനിയും പലർക്കും മതിയായ ഭൂമി നൽകിയിട്ടില്ല. മിക്ക പ്രദേശത്തും മതിയായ കുടിവെള്ളമോ ശുചിത്വമോ ആരോഗ്യ സൗകര്യങ്ങളോ ഇല്ല.

സർദാർ സരോവർ ഡാം റിസർവോയർ ജലം 122-മീറ്റർ ലെവലിൽ നിലനിർത്തുക, 2024 ലെ മൺസൂണിൽ വീടുകൾ, കൃഷിയിടങ്ങൾ, ഉപജീവനമാർഗങ്ങൾ എന്നിവ മുങ്ങി പോകില്ലെന്ന് ഉറപ്പാക്കുക, 2023-ലെ വെള്ളപ്പൊക്കത്തിലും മുൻ വർഷങ്ങളിലും ഉണ്ടായ എല്ലാ നഷ്ടങ്ങളും നികത്തുക തുടങ്ങി മൺസൂണിൽ വരാനിരിക്കുന്ന കൂടുതൽ പ്രശ്നങ്ങളെ മുൻനിർത്തി പ്രതിഷേധിക്കുന്നവരുടെ പ്രധാന ആവശ്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content Highlight: Rehabilitate Dalit, Adivasi Families Displaced by Sardar Sarovar Dam

We use cookies to give you the best possible experience. Learn more