| Wednesday, 10th January 2018, 11:12 pm

വിമാനത്തില്‍ പവര്‍ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം കര്‍ശനമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ നീക്കം. ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ ആണ് വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ നിയന്ത്രണമെര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

പൊതുവെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് തടസ്സങ്ങള്‍ കുറവായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവാരമില്ലാത്തതും പ്രാദേശികമായി നിര്‍മ്മിക്കുന്നതുമായ പവര്‍ബാങ്കുകള്‍ ഹാന്‍ഡ് ബാഗിലും ചെക്ക് ഇന്‍ ബാഗേജുകളിലും കൊണ്ടുപോകാനായി അനുവദിക്കുന്നതല്ലെന്നാണ് എവിയേഷന്‍ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഈ രീതിയില്‍ കൊണ്ടുവന്ന പവര്‍ബാങ്കുകള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്തിലെത്തിക്കുന്ന പവര്‍ബാങ്കുകളില്‍ എളുപ്പത്തില്‍ മാറ്റം വരുത്തി ഉള്ളിലെ സെല്ലുകള്‍ക്ക് പകരം സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ കഴിയുമെന്ന സാധ്യത കൂടുതലാണ്. എന്നാല്‍ ചില ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇത്തരം ഉല്‍പ്പന്നങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയാത്തതിനാല്‍ അത്തരം പവര്‍ബാങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകുന്നതിന് തടസ്സമില്ലെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയത്. രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇതുസംബന്ധിച്ച ഉത്തരവുകള്‍ നല്‍കിയതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more