തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഓണം തിരക്കുകള്‍ കണക്കിലെടുത്തും ബാങ്കുകള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരുക.
ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. ബാങ്കുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്താതിരിക്കാനാണ് നടപടി.
ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണം ഇങ്ങനെയാണ്. 0,1,2,3 എന്നീ നമ്പറുകളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 വരെയാണ് അനുമതി.
4,5,6,7 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണി വരെയാണ് സന്ദര്‍ശന സമയം. 8,9 എന്നീ നമ്പറുകളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ നാല് മണി വരെ ബാങ്കുകളില്‍ എത്താം.
എന്നാല്‍ വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും നിയന്ത്രണം ബാധകമല്ല. അടുത്തമാസം ഒന്‍പതാം തിയതി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.